ഐഫോൺ 18 പ്രോയിൽ വമ്പൻ മാറ്റങ്ങൾ; ക്യാമറ, ബാറ്ററി, ഡിസൈനിൽ ആകെ പുതുമകൾ

Published : May 17, 2026, 11:56 AM IST
iPhone-17-Pro-Max

Synopsis

ടെക് ഭീമനായ ആപ്പിളിന്റെ ഐഫോൺ 18 പ്രോ സീരീസിനെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ പുറത്ത്. നിലവിലെ മോഡലുകളേക്കാൾ ചെറിയ ഡൈനാമിക്ക് ഐലൻഡ്, വേരിയബിൾ അപേർച്ചർ ഉള്ള പുതിയ ക്യാമറ, അതിവേഗ എ20 പ്രോ ചിപ്പ് എന്നിവ പ്രധാന മാറ്റങ്ങളിൽ ഉൾപ്പെടുന്നു. 2026-ൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ഈ മോഡലിൽ പുതിയ കളർ ഓപ്ഷനുകളും ഉണ്ടാകുമെന്നാണ് സൂചന.

തിരുവനന്തപുരം: ടെക് ഭീമനായ ആപ്പിളിന്‍റെ ഐഫോൺ 18 പ്രോ സീരീസിനെ കുറിച്ചുള്ള അഭ്യൂഹങ്ങളും ചോർച്ചകളും വീണ്ടും വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. പുതിയ ഐഫോൺ പുറത്തിറങ്ങുന്നതിന് മുമ്പേ തന്നെ അടുത്ത തലമുറ മോഡലുകളെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത് പതിവാണ്. ആപ്പിളിന്‍റെ അടുത്ത പ്രീമിയം ഫോണായ ഐഫോൺ 18 പ്രോയും ഐഫോൺ 18 പ്രോ മാക്‌സും പെർഫോമൻസ്, ക്യാമറ, ബാറ്ററി ലൈഫ്, ഡിസൈൻ തുടങ്ങിയ മേഖലകളിൽ വലിയ മാറ്റങ്ങളുമായി എത്താനിടയുണ്ട് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ.

ഐഫോണ്‍ 18 പ്രോ ഫീച്ചറുകള്‍

ഏറ്റവും ശ്രദ്ധേയമായ മാറ്റമായി പറയപ്പെടുന്നത് ഡൈനാമിക്ക് ഐലൻഡ് ഡിസൈനിലെ പരിഷ്‌കരണമാണ്. നിലവിലെ മോഡലുകളേക്കാൾ ഏകദേശം 35 ശതമാനം വരെ ചെറിയ ഡൈനാമിക്ക് ഐലൻഡ് ഉപയോഗിക്കാൻ സാധ്യത ഉണ്ട് എന്നാണ് റിപ്പോർട്ടുകൾ. മുമ്പ് ഫേസ് ഐഡി സംവിധാനം മുഴുവനായും സ്ക്രീന്‍റെ അടിയിൽ നൽകും എന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ പുതിയ വിവരങ്ങൾ പ്രകാരം ആ സാങ്കേതികവിദ്യ ഇതുവരെ പൂർണമായി തയ്യാറായിട്ടില്ലെന്നാണ് സൂചന. അതിനാൽ തന്നെ പൂർണ ഓൾ സ്‍ക്രീൻ ഡിസൈൻ ഐഫോൺ 19 സീരീസിലേക്ക് മാറ്റിവെക്കാനാണ് സാധ്യത എന്നാണ് റിപ്പോർട്ടുകൾ.

പുതിയ കളർ ഓപ്ഷനുകളും ഐഫോണ്‍ 18 സീരീസിന്‍റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാകാം. ഡാർക്ക് ചെറി, സ്‍കൈ ബ്ലൂ, സിൽവർ, ഡാർക്ക് ഗ്രേ തുടങ്ങിയ നിറങ്ങൾ പരീക്ഷണഘട്ടത്തിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. പ്രത്യേകിച്ച് ഡാർക്ക് ചെറി നിറത്തിന് നേരിയ പർപ്പിൾ ടോൺ ഉണ്ടാകാമെന്നും ചൈനീസ് സോഷ്യൽ മീഡിയയിലെ ചില വിവരങ്ങൾ സൂചിപ്പിക്കുന്നു.

ക്യാമറ അപ്‌ഗ്രേഡുകള്‍ തകര്‍ക്കും

ഫോണിലെ ക്യാമറ വിഭാഗത്തിലും വൻ മാറ്റങ്ങൾ പ്രതീക്ഷിക്കപ്പെടുന്നു. പ്രധാന ക്യാമറയിൽ വേരിയബിൾ അപേര്‍ച്വർ കണ്ട്രോൾ നൽകാൻ ആപ്പിൾ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ഈ ഫീച്ചർ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് വെളിച്ചത്തിന്‍റെ അളവ് നിയന്ത്രിക്കാനും കൂടുതൽ മികച്ച ലോ ലൈറ്റ് ഫോട്ടോകൾ പകർത്താനും സാധിക്കും. കൂടാതെ, സാംസങ് നിർമ്മിക്കുന്ന പുതിയ സ്റ്റാക്ക്ഡ് ഇമേജ് സെൻസർ ഉൾപ്പെടുത്താനുള്ള സാധ്യതയും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഡിസ്‌പ്ലേയിൽ കൂടുതൽ പവർ എഫിഷ്യന്‍റ് ആയ എൽടിപിഒ പ്ലസ് ടെക്‌നോളജി ഉപയോഗിക്കും എന്നാണ് സൂചന. ഇതിലൂടെ വലിയ ബാറ്ററി ഇല്ലാതെ തന്നെ കൂടുതൽ ബാറ്ററി ബാക്കപ്പ് ലഭിക്കാൻ സാധ്യത ഉണ്ട്.

പെർഫോമൻസിന്‍റെ കാര്യത്തിൽ, ടിഎസ്‍എംസിയുടെ 2 നാനോമീറ്റർ പ്രോസസിൽ നിർമ്മിക്കുന്ന എ20 പ്രോ ചിപ്പാണ് പുതിയ മോഡലുകളിൽ പ്രതീക്ഷിക്കുന്നത്. നിലവിലെ തലമുറയെക്കാൾ 15 ശതമാനം വേഗവും 30 ശതമാനം വരെ കൂടുതൽ പവർ എഫിഷ്യൻസിയും ഈ ചിപ്പിന് ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ. 2026 സെപ്റ്റംബറിൽ ഐഫോൺ 18 പ്രോ സീരീസ് വിപണിയില്‍ അവതരിപ്പിക്കപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

ഒടുവില്‍ ട്രംപ് മൊബൈല്‍ ടി1 ഫോണ്‍ വിപണിയിലേക്ക്, വാഗ്‌ദാനങ്ങള്‍ പാലിക്കപ്പെടുമോ?
അമ്പമ്പോ! വരുന്നൂ സ്വയം തിരിയുന്ന ഗിംബൽ ക്യാമറയുമായി ഹോണറിന്‍റെ റോബോട്ട് ഫോൺ, അടുത്ത വിപ്ലവം