
ഭൂമിയുടെ അപ്പുറം ജീവന്‍റെ അടയാളങ്ങൾ തേടി ശാസ്ത്രജ്ഞർ വളരെക്കാലമായി പഠനത്തിലാണ്. ഇപ്പോഴിതാ ഇസ്രയേലിലെ വീസ്‍മാൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞനായ ഗിഡിയോൺ യോഫെയുടെ നേതൃത്വത്തിൽ നടത്തിയ പുതിയ ഗവേഷണം ഭൗമാതീത ജീവനെ കണ്ടെത്താനുള്ള ശാസ്ത്രീയ അന്വേഷണത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിവയ്ക്കാമെന്ന പ്രതീക്ഷ ഉയർത്തുന്നു. ജീവന്‍റെ സാന്നിധ്യം കണ്ടെത്താൻ ഇതുവരെ ശാസ്ത്രജ്ഞർ പ്രധാനമായും അമിനോ ആസിഡുകൾ, ഫാറ്റി ആസിഡുകൾ പോലുള്ള ബയോസിഗ്നേച്ചർ അണുക്കളെയാണ് പരിശോധിച്ചിരുന്നത്. എന്നാൽ ഈ രാസപദാർത്ഥങ്ങൾ ജീവികൾ ഇല്ലാത്ത രാസപ്രവർത്തനങ്ങളിലൂടെയും രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ, അവയെ മാത്രം അടിസ്ഥാനമാക്കി ജീവന്‍റെ തെളിവ് കണ്ടെത്തുന്നത് വിശ്വസനീയമല്ലെന്ന് ഗവേഷകർ വ്യക്തമാക്കുന്നു.
ഇതിനുള്ള പരിഹാരമാണ് പുതിയ പഠനം മുന്നോട്ടുവയ്ക്കുന്നത്. അണുക്കളുടെ സാന്നിധ്യം മാത്രം നോക്കാതെ അവ എങ്ങനെ ക്രമീകരിക്കപ്പെട്ടിരിക്കുന്നു, എത്ര വൈവിധ്യമുള്ളതാണ് എന്നതും വിലയിരുത്തുന്ന പുതിയ രീതിയാണ് ഈ പഠനം നിർദ്ദേശിക്കുന്നത്. ഇതിനായി ഗവേഷകർ ആസ്റ്ററോയിഡുകൾ, മീറ്റിയറൈറ്റുകൾ, സൂക്ഷ്‍മജീവികൾ, മണ്ണ്, ഫോസിലുകൾ തുടങ്ങിയവ ഉൾപ്പെടെ ഏകദേശം 100-ഓളം സാമ്പിളുകൾ പരിശോധിച്ചതായി നാച്ച്വറൽ ആസ്‍ട്രോണമിയിൽ പ്രസിദ്ധീകരിച്ച ഈ പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ജീവജാലങ്ങൾ നിർമ്മിക്കുന്ന അമിനോ ആസിഡുകൾക്ക് വളരെ ഉയർന്ന വൈവിധ്യവും ക്രമബദ്ധമായ വിതരണവും ഉണ്ട് എന്നാണ് ഗിഡിയോൺ യോഫെയുടെ നേതൃത്വത്തിൽ നടന്ന ഗവേഷണത്തിലെ പ്രധാന കണ്ടെത്തൽ. അതേസമയം ജീവികളുമായി ബന്ധപ്പെട്ട ഫാറ്റി ആസിഡുകൾ കുറവ് വൈവിധ്യവും അസമമായ വിതരണവുമാണ് കാണിച്ചത്. ഈ പ്രത്യേക ഘടന ജീവന്‍റെ സാന്നിധ്യത്തിന് ശക്തമായ സൂചന ആയിരിക്കാം എന്നാണ് ഗവേഷകർ വിലയിരുത്തുന്നത്.
കൂടാതെ, കാലക്രമേണ കേടുപാടുകൾ സംഭവിച്ച സാമ്പിളുകളിലും ഈ പ്രത്യേക പാറ്റേണുകൾ നിലനിൽക്കുന്നതായി പഠനം തെളിയിച്ചു. ദിനോസർ മുട്ടകളിൽ നിന്നുള്ള ഫോസിലുകളിലും ജീവപരമായ രാസഘടനയുടെ അടയാളങ്ങൾ കണ്ടെത്താൻ സാധിച്ചതോടെ, ഒരിക്കൽ ജീവന് അനുയോജ്യമായ അന്തരീക്ഷം ഉണ്ടായിരുന്നു എന്ന് കരുതുന്ന ചൊവ്വയിൽ പുരാതന സൂക്ഷ്‍മജീവികളുടെ തെളിവുകൾ കണ്ടെത്താൻ ഈ രീതി സഹായിക്കാമെന്ന പ്രതീക്ഷയും ശക്തമായി.
ഇതിനിടെ നാസയുടെ യൂറോപ്പ ക്ലിപ്പർ (Europa Clipper) ദൗത്യത്തിനും ഈ പുതിയ സാങ്കേതികവിദ്യ ഏറെ സഹായകരമാകും എന്നാണ് വിലയിരുത്തൽ. വ്യാഴത്തിന്‍റെ ഉപഗ്രഹമായ യൂറോപ്പയെ ലക്ഷ്യമാക്കി നീങ്ങുകയാണ് നാസയുടെ യൂറോപ്പ ക്ലിപ്പർ ദൗത്യം. യൂറോപ്പയുടെ മഞ്ഞുപാളികളുടെ അടിയിൽ ഭൂമിയിലെ സമുദ്രങ്ങളെക്കാൾ ഇരട്ടിയിലധികം ജലസാന്നിധ്യമുള്ള സമുദ്രം ഉണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ വിശ്വാസം. അതിനാൽ തന്നെ ജീവൻ നിലനിൽക്കാൻ ഏറ്റവും സാധ്യതയുള്ള ഗ്രഹോപഗ്രഹങ്ങളിൽ ഒന്നായി യൂറോപ്പയെ കണക്കാക്കുന്നു.
2030-31 കാലയളവിൽ യൂറോപ്പയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന യൂറോപ്പ ക്ലിപ്പറിൽ ഉപഗ്രഹത്തിന്‍റെ ഉപരിതലത്തിൽ നിന്നുള്ള ഐസ് കണങ്ങൾ വിശകലനം ചെയ്യുന്ന ഉപകരണങ്ങളുണ്ട്. പുതിയ ബയോസിഗ്നേച്ചർ രീതി ഉപയോഗിച്ച് അവിടെ കണ്ടെത്തുന്ന അമിനോ ആസിഡുകളുടെ ഘടന പരിശോധിച്ച് ജീവന്‍റെ തെളിവുകൾ കൂടുതൽ കൃത്യമായി തിരിച്ചറിയാൻ കഴിയും എന്നാണ് ഗവേഷകർ പ്രതീക്ഷിക്കുന്നത്.