സുക്കര്‍ബര്‍ഗിന്‍റെ സോഷ്യല്‍മീഡിയ അക്കൌണ്ടുകള്‍ ഹാക്കര്‍മാര്‍ കൈയ്യടക്കി

By Web DeskFirst Published Jun 6, 2016, 10:39 AM IST
Highlights

ലോകത്തിലെ ഒന്നാം നമ്പര്‍ ടെക്നോളജി ബുദ്ധിയെന്നാണ് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിനെ വിശേഷിപ്പിക്കുന്നത്. പഠിക്കുന്ന സ്ഥാപനത്തിന്‍റെ ലോഗിനുകള്‍ ഹാക്ക് ചെയ്താണ് മാര്‍ക്കിന്‍റെ ടെക് ജീവിതം തന്നെ ആരംഭിച്ചത് എന്നത് പരസ്യമായ രഹസ്യമാണ്. എന്നാല്‍ ഒടുവില്‍ മാര്‍ക്കിനെയും ടെക് ലോകത്തെ ഹാക്കര്‍മാര്‍ വെറുതെ വിട്ടില്ലെന്നാണ് വാര്‍ത്തകള്‍.

ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്‍റെ ട്വിറ്റര്‍, പിന്‍ട്രെസ്റ്റ് അക്കൌണ്ടുകള്‍ ഹാക്ക് ചെയ്തു ഹാക്കര്‍മാര്‍. ഇത് കൂടാതെ ഇതില്‍ ഓവര്‍ മൈ ടീം എന്ന ഹാക്കര്‍ സംഘം തങ്ങളുടെ സന്ദേശവും പോസ്റ്റ് ചെയ്തു. ഈ സംഘത്തിന്‍റെ ട്വിറ്റര്‍ അക്കൌണ്ടില്‍ ഏതാണ്ട് 40,000 ഫോളോവര്‍സ് ഉണ്ട്. അക്കൌണ്ട് തിരിച്ചുതരണമെങ്കില്‍ തങ്ങളുമായി ബന്ധപ്പെടണം എന്ന് മാര്‍ക്കിനും സംഘത്തിനോടും പറഞ്ഞായിരുന്നു ഇവരുടെ സന്ദേശം.

2012 മുതല്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ട്വിറ്ററില്‍ സജീവമാണ്. അതേ സമയം തന്നെ ഫോട്ടോഷെയറിംഗ് സൈറ്റായ പിന്‍ട്രെസ്റ്റ് അക്കൌണ്ടും ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തത്. ഇതോടൊപ്പം മാര്‍ക്ക് സുക്കര്‍ബര്‍ഗിന്‍റെ ഇന്‍സ്റ്റഗ്രാം അക്കൌണ്ടും ഹാക്ക് ചെയ്യാനും ശ്രമം നടന്നു എന്ന് ഫേസ്ബുക്ക് സെക്യൂരിറ്റി വിഭാഗം വെളിപ്പെടുത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ അധിപന് എതിരെയുള്ള സൈബര്‍ ആക്രമണം ആസൂത്രിതമാണോ എന്ന് സംശയിക്കുന്നതായി ഫേസ്ബുക്ക് സൈബര്‍ സെക്യൂരിറ്റി വിഭാഗം സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ താല്‍കാലികമായി ബ്ലാക്ക്ഔട്ടായ സുക്കര്‍ബര്‍ഗിന്‍റെ ട്വിറ്റര്‍ അക്കൌണ്ട് ഇപ്പോള്‍ തിരിച്ചു വന്നിട്ടുണ്ട്.

click me!