
മലയാളികളുടെ പ്രിയ നടനാണ് ഇന്ദ്രജിത്ത് സുകുമാരന്‍. അഭിനേതാവ് എന്ന നിലയിലുള്ള അദ്ദേഹത്തിന്‍റെ റേഞ്ച് പല കഥാപാത്രങ്ങളിലൂടെയും മലയാളികള്‍ കണ്ടിട്ടുണ്ട്. അതേസമയം കഴിവിനൊത്തുള്ള അവസരങ്ങള്‍ അദ്ദേഹത്തിന് ലഭിക്കുന്നില്ലെന്ന അഭിപ്രായവും സിനിമാപ്രേമികള്‍ക്ക് ഉണ്ടാവും. ഇപ്പോഴിതാ അദ്ദേഹം ഒരു മികച്ച പ്രോജക്റ്റിന്‍റെ ഭാഗമായി പ്രേക്ഷകരുടെ മുന്നിലേക്ക് എത്താന്‍ ഒരുങ്ങുകയാണ്. എന്നാല്‍ അത് മലയാളത്തില്‍ അല്ലെന്ന് മാത്രം. പ്രമുഖ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിന്‍റെ ഹിന്ദി ചിത്രം ബന്ദറിലൂടെയാണ് ഇന്ദ്രജിത്ത് സുകുമാരനും ഒരു ശ്രദ്ധേയ കഥാപാത്രമായി എത്തുന്നത്. ചിത്രത്തിന്‍റെ ടീസര്‍ ഇന്ന് പുറത്തെത്തിയിട്ടുണ്ട്. ടീസറില്‍ ഇന്ദ്രജിത്തിന്‍റെ കഥാപാത്രവും ഉണ്ട്.
കെന്നഡിക്ക് ശേഷം അനുരാഗ് കശ്യപിന്‍റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമായിരിക്കും ഇത്. 16 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഇന്ദ്രജിത്ത് ഒരു ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കുന്നത്. 2010 ല്‍ പുറത്തിറങ്ങിയ ദി വെയ്റ്റിംഗ് റൂം എന്ന ചിത്രമാണ് ഇന്ദ്രജിത്ത് ഇതിന് മുന്‍പ് അഭിനയിച്ച ഒരേയൊരു ഹിന്ദി ചിത്രം. യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു സെൻസിറ്റീവ് വിഷയം കൈകാര്യം ചെയ്യുന്ന കഥയാണ് ചിത്രത്തിൻ്റേതെന്ന് സംവിധായകൻ അനുരാഗ് കശ്യപ് വ്യക്തമാക്കി. സീ സ്റ്റുഡിയോസിനൊപ്പം സാഫ്രോൺ മാജിക് വർക്സിന്‍റെ ബാനറിൽ നിഖിൽ ദ്വിവേദി ആണ് ബന്ദറിന്‍റെ നിർമ്മാതാവ്. അടുത്തിടെ ഏറ്റവും വിമർശനാത്മകമായി ചർച്ച ചെയ്യപ്പെട്ട പാതാൾ ലോക്, കൊഹ്‌റ, ഉഡ്ത പഞ്ചാബ് എന്നിവയ്ക്ക് പിന്നിലെ ജോഡികളായ സുദീപ് ശർമ്മയും അഭിഷേക് ബാനർജിയും ചേർന്നാണ് തിരക്കഥ എഴുതുന്നത്. ബോബി ഡിയോൾ, സന്യ മൽഹോത്ര, ഇന്ദ്രജിത്ത് എന്നിവർക്കൊപ്പം രാജ് ബി ഷെട്ടി, സപ്ന പബ്ബി, സബ ആസാദ്, റിദ്ധി സെൻ, ജിതേന്ദ്ര ജോഷി, നാഗേഷ് ഭോൺസ്ലെ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ചിത്രം മികച്ച ചിത്രമായി തിരഞ്ഞെടുത്തിരുന്നു. ജൂൺ 5 ന് ബന്ദർ ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്യാൻ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. വാർത്താ പ്രചരണം പി ശിവപ്രസാദ്.
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam