ദുരൂഹതയും ഉദ്വേഗവും നിറഞ്ഞ ദൃശ്യങ്ങളിലൂടെയാണ് ടീസർ പ്രേക്ഷകരെ സിനിമയിലേക്ക് ക്ഷണിക്കുന്നത്.

ഷാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷാജു എസ്, ഫവാസ് എന്നിവർ നിർമ്മിച്ച് സുജൻ ആരോമൽ സംവിധാനം ചെയ്യുന്ന ‘റൂബി’ എന്ന ചിത്രത്തിന്റെ ഔദ്യോഗിക ടീസർ പുറത്തിറങ്ങി. സലാം ബാപ്പുവാണ് ചിത്രം അവതരിപ്പിക്കുന്നത്. ജാഫർ ഇടുക്കി, സുധി കോപ്പ, അതിഥി രവി, ദേവനന്ദ, അപ്പാനി ശരത്, ധ്രുവൻ, പ്രമോദ് വെളിയനാട്, വീണ നായർ, ബാലാജി ശർമ്മ, ജോബി, ആർ.ജെ. അഞ്ജലി, എയ്തൽ ഇവാന ഷെറിൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.

ദുരൂഹതയും ഉദ്വേഗവും നിറഞ്ഞ ദൃശ്യങ്ങളിലൂടെയാണ് ‘റൂബി’യുടെ ടീസർ പ്രേക്ഷകരെ സിനിമയുടെ ലോകത്തേക്ക് ക്ഷണിക്കുന്നത്. പൊലീസ് അന്വേഷണത്തിന്റെ സൂചനകളും രാത്രിയുടെ നിഗൂഢത നിറഞ്ഞ കാടിന്റെ ദൃശ്യങ്ങളും ഒരു കുട്ടിയുടെ സാന്നിധ്യവും ടീസറിൽ ശ്രദ്ധ നേടുന്നു. കഥാപാത്രങ്ങളുടെ മുഖഭാവങ്ങളും അസ്വാഭാവികമായ സാഹചര്യങ്ങളും ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ച് പ്രേക്ഷകരിൽ നിരവധി ചോദ്യങ്ങൾ ഉയർത്തും. ഒരു ചുവന്ന ചിത്രശലഭത്തിന്റെ ദൃശ്യവും ‘IT'S NOT BLOOD’ എന്ന വാചകവും ടീസറിലെ പ്രധാന ആകർഷണങ്ങളാണ്. കാണുന്നതെല്ലാം യാഥാർഥ്യമാണോ എന്ന സംശയം ബാക്കിവെച്ച്, റൂബിയുടെ പിന്നിലെ രഹസ്യം എന്തെന്ന ആകാംക്ഷയോടെയാണ് ടീസർ അവസാനിക്കുന്നത്. സിനിമയുടെ കഥ വെളിപ്പെടുത്താതെ ദുരൂഹതയുടെ അന്തരീക്ഷം സൃഷ്ടിക്കുന്നതാണ് ടീസറിന്റെ അവതരണം.

ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിംഗ്, സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത് സുജൻ ആരോമലാണ്. ഗാനരചനയും സംഗീതസംവിധാനവും അദ്ദേഹമാണ്. സബീഖ ഫൈസലും ഗാനരചനയിൽ പങ്കാളിയാണ്. റെജിൻ സാന്റോയാണ് ഛായാഗ്രഹണം നിർവഹി ക്കുന്നത്. അപ്പു കൊല്ലം, ടി.കെ. ദീപ്തികുമാർ എന്നിവർ കലാസംവിധാനം നിർവഹിക്കുന്നു. അനുരാജ് മേടയിൽ പ്രൊഡക്ഷൻ ഡിസൈനറും രാജീവ് കുടപ്പനക്കുന്ന് പ്രൊഡക്ഷൻ കൺട്രോളറു മാണ്. രതീഷ് രവി മേക്കപ്പും വീണ അജി വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. ത്രില്ലുകൾ ബ്രൂസ് ലീ രാജേഷാണ്. രാജ് മാർത്താണ്ഡമാണ് SFX കൈകാര്യം ചെയ്യുന്നത്. ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് ആർ. കൃഷ്ണ. നജീം എസ്.എ. സ്റ്റിൽസും വിഷ്ണു രഘുനന്ദൻ എം. മാർക്കറ്റിംഗും നിർവഹിക്കുന്നു. റെഡ് ലീഫാണ് പബ്ലിസിറ്റി ഡിസൈൻ. ദുരൂഹതയുടെ പല അടരുകൾ തുറന്നുകാട്ടുന്ന ടീസറിലൂടെ പ്രേക്ഷകരിൽ ആകാംക്ഷയുണർത്തുന്ന ‘റൂബി’ ഡിസംബറിൽ തിയേറ്ററുകളിലെത്തും. പിആർഒ- സതീഷ് എരിയാളത്ത്.

RUBY | Official Teaser | Malayalam Mystery Thriller Movie | SHA MOVIES | devananadha