
ഒടിടി പ്ലാറ്റ്ഫോമുകളില്‍ പാന്‍ ഇന്ത്യന്‍ തലത്തില്‍ ഏറ്റവും പ്രേക്ഷകശ്രദ്ധ നേടിയ മലയാള താരം ഫഹദ് ഫാസില്‍ ആണ്. ശ്യാം പുഷ്‍കരന്‍റെ തിരക്കഥയില്‍ മധു എസ് നാരായണന്‍ സംവിധാനം ചെയ്‍ത 'കുമ്പളങ്ങി നൈറ്റ്സി'ന്‍റെ ഒടിടി റിലീസിലൂടെയാണ് ഫഹദ് ഭാഷാഭേദമന്യെ ഇന്ത്യയൊട്ടുക്കുമുള്ള സിനിമാപ്രേമികളിലേക്ക് എത്തുന്നത്. ആമസോണ്‍ പ്രൈമിലൂടെയായിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ്. റിലീസിനു പിന്നാലെ ട്വിറ്ററിലും മറ്റും ചിത്രവും ഫഹദിന്‍റെ ഷമ്മി എന്ന കഥാപാത്രവുമൊക്കെ ഹാഷ് ടാഗുകളിലൂടെ ട്രെന്‍ഡിംഗ് ആയിരുന്നു.
രണ്ട് ആമസോണ്‍ പ്രൈം ഒറിജിനല്‍ ചിത്രങ്ങളും ഫഹദിന്‍റേതായി പിന്നാലെയെത്തി. മഹേഷ് നാരായണന്‍റെ സി യു സൂണ്‍, ദിലീഷ് പോത്തന്‍റെ ജോജി എന്നിവയായിരുന്നു ഡയറക്റ്റ് ഒടിടി റിലീസ് ആയി ആമസോണിലൂടെ എത്തിയത്. ഈ ചിത്രങ്ങളൊക്കെത്തന്നെ വന്‍ പ്രതികരണങ്ങളും നേടി. ഇപ്പോഴിതാ തങ്ങളുടെ പക്കലുള്ള ഫഹദ് ഫാസില്‍ കളക്ഷന്‍ ചിത്രങ്ങളിലെ രംഗങ്ങള്‍ ചേര്‍ത്ത് ഒരു സ്പെഷല്‍ ട്രെയ്‍ലര്‍ പുറത്തിറക്കിയിരിക്കുകയാണ് ആമസോണ്‍ പ്രൈം വീഡിയോ. ട്രാന്‍സ്, ജോജി, കുമ്പളങ്ങി നൈറ്റ്സ്, ഇമ്മാനുവല്‍, റെഡ് വൈന്‍, സി യു സൂണ്‍ എന്നീ ചിത്രങ്ങളിലെ ഫഹദ് ഉള്‍പ്പെടുന്ന രംഗങ്ങള്‍ ചേര്‍ന്നതാണ് ട്രെയ്‍ലര്‍.