72കാരനായി വിസ്മയിപ്പിച്ച് ബിജു മേനോന്‍; 'ആര്‍ക്കറിയാം' ട്രെയ്‌ലര്‍

By Web TeamFirst Published Mar 11, 2021, 7:20 PM IST
Highlights

കൊവിഡ് കാലം പശ്ചാത്തലമാക്കുന്ന സിനിമയാണ് ഇത്. മൂൺഷോട്ട് എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെയും ഒപിഎം ഡ്രീംമിൽ സിനിമാസിന്‍റെയും ബാനറുകളില്‍ സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

ബിജു മേനോന്‍, പാര്‍വതി തിരുവോത്ത്, ഷറഫുദ്ധീന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങള്‍ ആയി എത്തുന്ന 'ആര്‍ക്കറിയാം' എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. സനു ജോണ്‍ വര്‍ഗീസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.വിരമിച്ച ഗണിത അധ്യാപകന്റെ വേഷമാണ് ചിത്രത്തില്‍ ബിജു മേനോന്‍ അവതരിപ്പിക്കുന്നത്. 

മുഖത്ത് ചുളിവുകള്‍ വീണ, മുടിയും മീശയും നരച്ച ഒരു 72 വയസുകാരനാണ് ചിത്രത്തില്‍ ബിജുവിന്‍റെ കഥാപാത്രം. പ്രശസ്ത ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആര്‍ക്കറിയാം'. പാര്‍വ്വതി നായികയാവുന്ന ചിത്രത്തില്‍ പാര്‍വ്വതിയുടെ കഥാപാത്രത്തിന്‍റെ അച്ഛനായാണ് ബിജു മേനോന്‍ എത്തുന്നത്. ഷറഫുദ്ദീനാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

കൊവിഡ് കാലം പശ്ചാത്തലമാക്കുന്ന സിനിമയാണ് ഇത്. മൂൺഷോട്ട് എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെയും ഒപിഎം ഡ്രീംമിൽ സിനിമാസിന്‍റെയും ബാനറുകളില്‍ സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. മഹേഷ് നാരായണൻ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത് സാനു ജോൺ വർഗീസിനൊപ്പം രാജേഷ് രവി, അരുൺ ജനാർദ്ദനന്‍ എന്നിവര്‍ ചേർന്നാണ്. ജി ശ്രീനിവാസ് റെഡ്ഢിയാണ് ഛായാഗ്രഹണം. നേഹ നായരുടെയും യെക്‌സാൻ ഗാരി പെരേരയുടെയും ആണ് ഗാനങ്ങൾ

'ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍' സംവിധായകന്‍ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ പ്രൊഡക്ഷൻ ഡിസൈനറാകുന്ന 'ആർക്കറിയാമി'ന്‍റെ ആർട്ട് ഡയറക്ടർ ജ്യോതിഷ് ശങ്കറാണ്. സമീറ സനീഷ് വസ്ത്രാലങ്കാരവും രഞ്ജിത്ത് അമ്പാടി മേക്കപ്പും കൈകാര്യം ചെയ്തിരിക്കുന്നു. 

'മേം മാധുരി ദീക്ഷിത് ബന്‍നാ ചാഹതീ ഹൂം' (2003) എന്ന ബോളിവുഡ് ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായ സാനു ജോണ്‍ വര്‍ഗീസ് മലയാളത്തിലും തമിഴിലും തെലുങ്കിലും ശ്രദ്ധേയ ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുണ്ട്. വിശ്വരൂപം, തൂങ്കാവനം, ടേക്ക് ഓഫ്, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25, മാലിക് തുടങ്ങിയവയാണ് പ്രധാന വര്‍ക്കുകള്‍. 

click me!