
ബജറ്റിലും കാന്‍വാസിലും തിയറ്ററുകളില്‍ എത്തുമ്പോഴത്തെ കളക്ഷനിലുമൊക്കെ ഇന്ത്യന്‍ സിനിമയെ സമീപകാലത്ത് ഏറെയും വിസ്മയിപ്പിക്കുന്നത് തെലുങ്ക് സിനിമകളാണ്. അടുത്തതായി എത്തുന്ന വന്‍ ചിത്രവും തെലുങ്കില്‍ നിന്നുതന്നെ. കൊരട്ടല ശിവ രചനയും സംവിധാനവും നിര്‍വ്വഹിച്ച്, ജൂനിയര്‍ എൻടിആര്‍ നായകനാവുന്ന ദേവര പാര്‍ട്ട് 1 ആണ് അത്. ആക്ഷന്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ് സെപ്റ്റംബര്‍ 27 ന് ആണ്. നേരത്തെ പുറത്തെത്തിയ പബ്ലിസിറ്റി മെറ്റീരിയലുകള്‍ക്കൊപ്പം പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യത ലഭിച്ചിരുന്നു. ഇപ്പോഴിതാ ഒരു റിലീസ് ട്രെയ്‍ലര്‍ കൂടി പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.
2 മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള ട്രെയ്ലറില്‍ ഏറ്റവും ആവേശം ജനിപ്പിക്കുന്നത് കടലിലെ ആക്ഷന്‍ രംഗങ്ങളാണ്. അതേസമയം ആര്‍ആര്‍ആറിലൂടെ താരമൂല്യം ഉയര്‍ത്തിയ ജൂനിയര്‍ എന്‍ടിആറിനെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ഇത്. വലിയ പ്രീ റിലീസ് ഹൈപ്പ് ആണ് പ്രേക്ഷകര്‍ക്കിടയില്‍ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. പുലര്‍ച്ചെ 1 മണിക്കാണ് തെലുങ്ക് സംസ്ഥാനങ്ങളില്‍ ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനങ്ങള്‍ ആരംഭിക്കുക! തെലുങ്ക് സംസ്ഥാനങ്ങളിലെ 15 ല്‍ അധികം സിംഗിള്‍ സ്ക്രീന്‍ തിയറ്ററുകളില്‍ പുലര്‍ച്ചെ 1 മണിക്കുള്ള പ്രദര്‍ശനങ്ങള്‍ നടക്കും. മറ്റ് തിയറ്ററുകളിലും മള്‍ട്ടിപ്ലെക്സുകളിലും പുലര്‍ച്ചെ 4 മണിക്കും ചിത്രം പ്രദര്‍ശനം ആരംഭിക്കും.
അതേസമയം ഇതിനകം അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ച യുഎസിലെ പ്രീമിയര്‍ ഷോകള്‍ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ലഭിച്ചത്. ജാന്‍വി കപൂര്‍, സെയ്ഫ് അലി ഖാന്‍, പ്രകാശ് രാജ്, ശ്രീകാന്ത്, ഷൈന്‍ ടോം ചാക്കോ, നരെയ്ന്‍, കലൈയരസന്‍, മുരളി ശര്‍മ്മ തുടങ്ങിയവരും അഭിനയിക്കുന്നു.
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam