
ഒരു സാധാരണ മനുഷ്യന്റെ ചിന്തകളിൽ നിന്ന് ആരംഭിച്ച്, അണ്ടർവേൾഡിന്റെ ഇരുണ്ട ലോകത്തേക്കുള്ള നായകന്റെ മാറ്റം അവതരിപ്പിക്കുന്ന മാസ് സംഭാഷണങ്ങളുമായി 'ഡിസ്കോ'യുടെ ടീസർ പുറത്തിറങ്ങി. നടൻ ചെമ്പൻ വിനോദിൻ്റെ ഗംഭീര പ്രകടനവും ചിന്തോദ്ദീപകവുമായ ഡയലോഗുമാണ് ടീസറിൻ്റെ പ്രധാന ആകർഷണം. മെക്സിക്കാൻ സിനിമകളെ ഓർമിപ്പിക്കുന്ന ടീസറിലെ ചെമ്പൻ വിനോദിന്റെ വാക്കുകൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. കൂടാതെ, കഥാപാത്രങ്ങളുടെ സ്റ്റൈലിഷ് ഇന്റർനാഷണൽ ലുക്കിലുള്ള അവതരണവും സിനിമയുടെ മേക്കിംഗ് സ്റ്റൈലും പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്.
മാസ് ലുക്കും ആക്ഷൻ രംഗങ്ങൾക്കൊപ്പം ശക്തമായ സംഭാഷണങ്ങളും നാടകീയ മുഹൂർത്തങ്ങളും നിറഞ്ഞ ചിത്രം തിയറ്ററുകളിൽ മികച്ചൊരു ദൃശ്യാനുഭവം സമ്മാനിക്കുമെന്നാണ് ടീസർ നൽകുന്ന സൂചന. ‘അഞ്ചക്കള്ളകോക്കാൻ’ എന്ന ചിത്രത്തിന് ശേഷം ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഡിസ്കോ'. ചെമ്പൻ വിനോദ് തിരക്കഥ രചിച്ച ചിത്രം ചെമ്പോസ്കി മോഷൻ പിക്ചേഴ്സിൻ്റെ ബാനറിൽ ചെമ്പൻ വിനോദും ഫാർസ് ഫിലിംസിന്റെ അഹമ്മദ് ഗോൾച്ചനും സംയുക്തമായാണ് നിർമ്മിക്കുന്നത്.
ആൻ്റണി വർഗീസ് പെപ്പെ, ദേവ് മോഹൻ, ലുക്ക്മാൻ, ചെമ്പൻ വിനോദ് ജോസ്, അർജുൻ അശോകൻ, സാഗർ സൂര്യ, വിഷ്ണു ഉണ്ണികൃഷ്ണൻ, ഷെബിൻ ബെൻസൺ, ഫെമിന ജോർജ്, കല്യാണി അനിൽ, മീര വാസുദേവ്, ഗായത്രി സുരേഷ്, സെന്തിൽ കൃഷ്‌ണ, മണികണ്ഠൻ ആചാരി, അപ്പാനി ശരത്, സിനോജ് വർഗ്ഗീസ്, വിനീത് തട്ടിൽ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
‘അഞ്ചക്കള്ളകോക്കാൻ’ അതിൻ്റെ ലോക്കൽ റോ ഫിലിം മെയ്ക്കിങ് കൊണ്ടാണ് ശ്രദ്ധ നേടിയതെങ്കിൽ ‘ഡിസ്കോ’ പൂർണ്ണമായും സ്റ്റൈലിഷ് ഇൻ്റർനേഷണൽ ലുക്കിലുള്ള കഥാപാത്രങ്ങളുടെ ലുക്ക് കൊണ്ടാണ് ഞെട്ടിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലൂക്കും ഏറെ ശ്രദ്ധേയമായിരുന്നു. ഡിസ്കോയുടെ ടൈറ്റിലിൽ പോലും ഒരു തോക്കിനെ പ്രതീകാത്മമായി കാണിച്ചിട്ടുണ്ട്.
സൗത്ത് ഇന്ത്യൻ സിനിമാ ഇൻഡസ്ട്രിയിൽ ശ്രദ്ധേയരായ സാങ്കേതികനിരയാണ് ഡിസ്കോ എന്ന ചിത്രത്തിനായി അണിനിരക്കുന്നത്. ഛായാഗ്രഹണം: അർമോ, സംഗീതം: മണികണ്ഠൻ അയ്യപ്പ, ചിത്രസംയോജനം: രോഹിത് വി.എസ് വാരിയത്ത്, പ്രൊഡക്ഷൻ ഡിസൈനർ: ഗോകുൽ ദാസ്, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: കലൈ കിംഗ്സൺ, കോസ്റ്റ്യൂംസ്: മെൽവി ജെ, കളറിസ്റ്റ്: അശ്വത് സ്വാമിനാഥൻ, സൗണ്ട് ഡിസൈനർ: ആർ കണ്ണദാസൻ, സൗണ്ട് മിക്സ്: കണ്ണൻ ഗണപത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ശ്രീജിത്ത് ബാലൻ, പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ, ചീഫ് അസോസിയേറ്റ്: മനീഷ് ഭാർഗവൻ, വിഎഫ്എക്സ്: ഐഡൻ്റ് ലാബ്സ്, സ്റ്റിൽസ്: ബൊയാക്, വിതരണം: ഐക്കൺ സിനിമാസ്, ഡിസൈൻസ്: കൃഷ്ണപ്രസാദ്, മാർക്കറ്റിങ്: സ്‌നേക്ക്പ്ലാൻ്റ് എൽ.എൽ.പി, പി.ആർ.ഒ: ഹെയിൻസ്.
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam