'ഇത് മുഴുവന്‍ മൃഗങ്ങളുടെ സ്ഥലവാടാ'; 'ജല്ലിക്കട്ടി'ന്റെ സര്‍പ്രൈസ് ട്രെയ്‌ലറുമായി ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്

By Web TeamFirst Published Sep 28, 2019, 8:48 PM IST
Highlights

'ജല്ലിക്കട്ടി'ന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടത് ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്. ചിത്രം ഇനി ലണ്ടന്‍ ഫിലിം ഫെസ്റ്റിവലില്‍.
 

മലയാളി സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം 'ജല്ലിക്കട്ടി'ന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ട്രെയ്‌ലര്‍ ആദ്യം പുറത്തുവിട്ടത്. ഇന്‍സ്റ്റിറ്റ്യൂട്ട് സംഘാടകരാവുന്ന ലണ്ടന്‍ ഫിലിം ഫെസ്റ്റിവലിന്റെ പുതിയ എഡീഷനിലാണ് 'ജല്ലിക്കട്ടി'ന്റെ അടുത്ത പ്രദര്‍ശനം. ഇതിന് മുന്നോടിയായാണ് ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ട്രെയ്‌ലര്‍ പുറത്തുവിട്ടത്. പിന്നാലെ ചിത്രത്തിന്റെ അണിയറക്കാര്‍ ട്രെയ്‌ലര്‍ ഔദ്യോഗികമായി പുറത്തിറക്കി.

അതേസമയം സെപ്റ്റംബര്‍ 20ന് പുറത്തെത്തിയ ചിത്രത്തിന്റെ ടീസറിന് വന്‍ വരവേല്‍പ്പാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. യുട്യൂബില്‍ ഇതിനകം 22 ലക്ഷത്തിലേറെ കാഴ്ചകളാണ് വീഡിയോയ്ക്ക് ലഭിച്ചത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ മാഗ്നം ഓപ്പസ് എന്ന് കരുതപ്പെടുന്ന ചിത്രത്തിന്റെ കേരള റിലീസ് ഒക്ടോബര്‍ നാലിനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ അതിന് മുന്‍പേ ചിത്രം ലണ്ടന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും. ഒക്ടോബര്‍ മൂന്നിനും അഞ്ചിനുമായാണ് ലണ്ടന്‍ ഫെസ്റ്റിവലില്‍ ചിത്രത്തിന്റെ പ്രദര്‍ശനം.

Kerala’s bad boy director Lijo Jose Pellissery returns with his darkest film to date... has its European premiere at in 5 days: https://t.co/YMOHl2Npoh pic.twitter.com/I0ACBwcMNK

— BFI (@BFI)

അതേസമയം ലിജോയെ കേരളത്തിന്റെ 'ബാഡ് ബോയ് ഡയറക്ടര്‍' എന്നാണ് ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിശേഷിപ്പിച്ചിരിക്കുന്നത്. ഇത് ലിജോ ഇതുവരെ ചെയ്തതില്‍ ഏറ്റവും ഇരുണ്ട സ്വഭാവത്തിലുള്ളതാണെന്നും ഫെസ്റ്റിവല്‍ സൈറ്റില്‍ വിശേഷിപ്പിച്ചിരിക്കുന്നു. 

ഈ.മ.യൗവിന് ശേഷം ലിജോ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ പ്രീമിയര്‍ പ്രദര്‍ശനം ടൊറന്റോ ഫിലിം ഫെസ്റ്റിവലില്‍ ആയിരുന്നു. അവിടെ പ്രേക്ഷകരുടെ സ്റ്റാന്‍ഡിംഗ് ഒവേഷനും നേടിയെടുത്തു ചിത്രം. എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ലിജോ ചിത്രം ഒരുക്കിയിരിക്കുന്നത്. 

click me!