
മുംബൈ: അനുരാഗ് ബസു സംവിധാനം ചെയ്ത 'മെട്രോ ഇൻ ഡിനോ' എന്ന റൊമാന്റിക് ചിത്രം ബോക്സ് ഓഫീസിൽ മികച്ച നേട്ടം നേടുന്നു. 2007ൽ പുറത്തിറങ്ങിയ 'ലൈഫ് ഇൻ എ മെട്രോ' എന്ന ചിത്രത്തിന്‍റെ സ്പിരിച്വല്‍ പിൻഗാമിയായ ഈ ചിത്രം ജൂലൈ 4നാണ് തിയേറ്ററുകളിൽ എത്തിയത്.
സിനിമയ്ക്ക് ആദ്യ ദിനം മുതലേ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നാലാം ദിനമായ ജൂലൈ 7ന് 2.5 കോടി രൂപ നേടിയ ചിത്രം ഇന്ത്യയിൽ മൊത്തം 19.25 കോടി രൂപയുടെ കളക്ഷൻ സ്വന്തമാക്കിയതായി ട്രാക്കർ സൈറ്റായ സാക്‌നിൽക്.കോം റിപ്പോർട്ട് ചെയ്തു.
'മെട്രോ ഇൻ ഡിനോ' ആദ്യ ദിനം 3.04 കോടി രൂപയുമായി മിതമായ തുടക്കമാണ് നേടിയത്. എന്നാൽ, വാരാന്ത്യത്തില്‍ കളക്ഷൻ ഗണ്യമായ വർധനവ് കണ്ടു. രണ്ടാം ദിനം (ജൂലൈ 5) 6.33 കോടിയും, മൂന്നാം ദിനം (ജൂലൈ 6) 7.25 കോടിയും ചിത്രം നേടി. എന്നാൽ, ആദ്യ തിങ്കളാഴ്ച ( കളക്ഷനിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയെങ്കിലും 20 കോടി ക്ലബ്ബിലേക്ക് അടുക്കുകയാണ് ഈ ചിത്രം. അതായത് ചിത്രം മണ്‍ഡേ ടെസ്റ്റ് പാസായി എന്ന് പറയാം.
ചിത്രത്തിന്റെ ഹിന്ദി ഷോകൾക്ക് തിങ്കളാഴ്ച 15.66% ശരാശരി ഒക്യുപൻസി രേഖപ്പെടുത്തി. പ്രത്യേകിച്ച് മുംബൈ, ഡൽഹി, പൂനെ, കൊൽക്കത്ത, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിൽ ചിത്രം മികച്ച പ്രകടനം കാഴ്ചവെച്ചു.
85 കോടി രൂപ മുതൽമുടക്കിൽ ടി-സീരീസും അനുരാഗ് ബസു ഫിലിംസും ചേർന്ന് നിർമ്മിച്ച ഈ ചിത്രം, ആധുനിക നഗരജീവിതത്തിലെ പ്രണയവും ബന്ധങ്ങളും വിഷയമാക്കുന്ന ഒരു മ്യൂസിക്കൽ റൊമാന്റിക് ഡ്രാമയാണ്. നീന ഗുപ്ത, അനുപം ഖേർ, കൊങ്കണ സെൻ ശർമ, പങ്കജ് ത്രിപാഠി, സാറാ അലി ഖാൻ, ആദിത്യ റോയ് കപൂർ, ഫാത്തിമ സന ഷെയ്ഖ്, അലി ഫസൽ, ശശ്വത ചാറ്റർജി എന്നിവർ അഭിനയിക്കുന്ന ഈ ചിത്രം, നാല് ദമ്പതികളുടെ ജീവിതവും അവരുടെ വൈകാരിക യാത്രകളും ചിത്രീകരിക്കുന്നു.
2007ലെ 'ലൈഫ് ഇൻ എ മെട്രോ'വിന്റെ മൊത്തം കളക്ഷനായ 15.63 കോടി രൂപയെ മറികടന്ന്, 'മെട്രോ ഇൻ ഡിനോ' ഇതിനോടകം 16 കോടി രൂപയുടെ ആഭ്യന്തര കളക്ഷൻ നേടിയിട്ടുണ്ട്. പ്രശസ്ത സംഗീത സംവിധായകൻ പ്രീതം ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ ഇതിനകം ശ്രദ്ധേയമായിട്ടുണ്ട്.
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam