
മുംബൈ: ബോളിവുഡിന്റെ ഹൃദയം കവരാന്‍ വീണ്ടും ഒരു പ്രണയകഥ വരുന്നു ‘സൈയാര’ എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. യഷ് രാജ് ഫിലിംസിന്റെ ബാനറിൽ മോഹിത് സൂരി സംവിധാനം ചെയ്യുന്ന ‘സൈയാര’ അനന്യ പാണ്ഡേയുടെ കസിന്‍ ബ്രദര്‍ അഹാൻ പാണ്ഡേയുടെ അരങ്ങേറ്റ ചിത്രമാണ്.
അനീത് പദ്ദ എന്ന പുതുമുഖ നായികയാണ് ‘സൈയാര’പ്രധാന വേഷത്തിലെത്തുന്നു. ജൂലൈ 18ന് തിയേറ്ററുകളിൽ എത്താനിരിക്കുന്ന ഈ ചിത്രം പ്രണയവും സംഗീതവും ചേര്‍ന്ന ഒരു ഹൃദയഹാരിയായ പ്രണയകഥയാണ് പറയുന്നത്.
‘സൈയാര’ ട്രെയ്‌ലറില്‍ അഹാൻ പാണ്ഡേയുടെ കഥാപാത്രമായ കൃഷ് കപൂര്‍ എന്ന ഗായകന്റെ ജീവിതത്തിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നു. ട്രെയ്‌ലറിന്‍റെ തുടക്കത്തില്‍ തന്നെ‘ബ്ലൂ ടിക്ക്’ സെലിബ്രിറ്റികൾക്കെതിരെ അഹാൻ തന്റെ രോഷം പ്രകടിപ്പിക്കുന്നത് കാണാം.
“നിന്റെ ജോലി യഥാർത്ഥ കലാകാരന്മാരെ അവലോകനം ചെയ്യുക എന്നതാണ്. ഈ ബ്ലൂ ടിക്ക് സെലിബ്രിറ്റികൾ തുമ്മിയാൽ പോലും നിന്റെ വാക്കുകൾ, ‘അവർ എത്ര മനോഹരമായി തുമ്മുന്നു’ എന്നാകും. എന്നാൽ ഒരു യഥാർത്ഥ കലാകാരൻ തന്റെ ആത്മാവ് പണയം വെച്ച് ഒരു കലാപ്രകടനം നടത്തുമ്പോള്‍ എന്താണ് ലഭിക്കുന്നത്?”—ഈ വാചകങ്ങൾ ട്രെയ്‌ലറിന്റെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നു.
അനീത് പദ്ദ അവതരിപ്പിക്കുന്ന ഗാനരചയിതാവിന്റെ വേഷം, കൃഷിന്റെ സംഗീതത്തിന് ആത്മാവ് പകരുന്നു. ഇവർ തമ്മിലുള്ള പ്രണയം തുടക്കത്തിൽ ഹൃദയസ്പർശിയാണെങ്കിലും, ട്രെയ്‌ലർ പിന്നീട് ഒരു വൈകാരിക വഴിത്തിരിവിലേക്ക് നീങ്ങുന്നു. അനീതിന്റെ കഥാപാത്രം കൃഷിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുന്ന രംഗം അടക്കം ട്രെയിലറിലുണ്ട്.
‘ആഷിഖി 2’, ‘ഏക് വില്ലൻ’, ‘മലംഗ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ മോഹിത് സൂരി, ‘സൈയാര’യിലൂടെ വീണ്ടും തന്റെ മാജിക് ആവർത്തിച്ചേക്കും എന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണം.
യഷ് രാജ് ഫിലിംസിന്റെ സിഇഒ അക്ഷയ് വിധാനി നിർമ്മിക്കുന്ന ‘സൈയാര’ആദിത്യ ചോപ്രയുടെ മേൽനോട്ടത്തിലാണ് അവതരിപ്പിക്കുന്നത്. ആറു വർഷത്തെ പരിശീലനത്തിനു ശേഷമാണ് അഹാൻ പാണ്ഡേയെ ഈ ചിത്രത്തിലേക്ക് തിരഞ്ഞെടുത്തത്.
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam