
ബിജു മേനോനെ നായകനാക്കി ദീപു അന്തിക്കാട് സംവിധാനം ചെയ്‍ത നാലാം മുറ എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. ഒരു പൊലീസ് ഓഫീസര്‍ ആണ് ബിജു മേനോന്‍ അവതരിപ്പിക്കുന്ന കഥാപാത്രം. ഗുരു സോമസുന്ദരമാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 1.44 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്.
ലക്കി സ്റ്റാർ എന്ന സിനിമയ്ക്കു ശേഷം ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സൂരജ് വി ദേവ് ആണ് രചന. ദിവ്യ പിള്ള, ശാന്തി പ്രിയ, ഷീല എബ്രഹാം, സുരഭി സന്തോഷ്, ഷൈനി സാറ, അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലോകനാഥൻ ഛായാഗ്രഹണവും കൈലാസ് മേനോൻ സംഗീത സംവിധാനവും നിർവഹിക്കുന്നു. പശ്ചാത്തല സംഗീതം ഗോപി സുന്ദർ. എഡിറ്റിംഗ് ഷമീർ മുഹമ്മദ്, കലാസംവിധാനം അപ്പുണ്ണി സാജൻ, വസ്ത്രാലങ്കാരം നയന ശ്രീകാന്ത്, മേക്കപ്പ് റോണക്സ് സേവ്യര്‍, ഡിജിറ്റൽ മാർക്കറ്റിംഗ് എന്റർടെയ്‍ന്‍മെന്‍റ് കോർണർ, പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്. കിഷോർ വാരിയത്ത് യു എസ് എ, സുധീഷ് പിള്ള, ഷിബു അന്തിക്കാട് എന്നിവർ ചേർന്നാണ് നാലാം മുറ നിർമിക്കുന്നത്.
അതേസമയം മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റമായ ബറോസില്‍ ഉള്‍പ്പെടെ ഗുരു സോമസുന്ദരം അഭിനയിച്ചിട്ടുണ്ട്. ചേര, ചാള്‍സ് എന്‍റര്‍പ്രൈസസ് തുടങ്ങി നിരവധി ചിത്രങ്ങളാണ് മലയാളത്തില്‍ അദ്ദേഹത്തിന്‍റേതായി പുറത്തുവരാനിരിക്കുന്നത്. മലയാളം ചിത്രങ്ങളില്‍ ഡബ്ബ് ചെയ്യാനുള്ള എളുപ്പത്തിനായി മലയാളം വായിക്കാന്‍ പഠിക്കുന്നുണ്ട് ഗുരു സോമസുന്ദരം. നാലാം മുറയില്‍ സ്വന്തം സംഭാഷണങ്ങള്‍ അദ്ദേഹം ഡബ്ബ് ചെയ്തത് മലയാളത്തില്‍ തന്നെ വായിച്ചാണ്. ഇതിന്‍റെ വീഡിയോ നേരത്തെ ഇന്‍സ്റ്റഗ്രാമില്‍ ശ്രദ്ധ നേടിയിരുന്നു.
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam