പ്രകടനത്തില്‍ വിസ്‍മയിപ്പിക്കാന്‍ കാളിദാസ് ജയറാം; നെറ്റ്ഫ്ളിക്സിന്‍റെ 'പാവ കഥൈകള്‍' ട്രെയ്‍ലര്‍

By Web TeamFirst Published Dec 3, 2020, 1:43 PM IST
Highlights

തമിഴിലെ നാല് പ്രധാനപ്പെട്ട സംവിധായകര്‍ ചേര്‍ന്ന് ഒരുക്കുന്ന നാല് ലഘുചിത്രങ്ങള്‍ ചേര്‍ന്നതാണ് ആന്തോളജി. സുധ കൊങ്കര, വെട്രി മാരന്‍, ഗൗതം വസുദേവ് മേനോന്‍, വിഗ്നേഷ് ശിവന്‍ എന്നിവരാണ് സംവിധായകര്‍.

നെറ്റ്ഫ്ളിക്സിന്‍റെ തമിഴിലെ ആദ്യ ഒറിജിനല്‍ പ്രൊഡക്ഷന്‍ ആയ സിനിമാ സമുച്ചയം 'പാവ കഥൈകളു'ടെ ട്രെയ്‍ലര്‍ പുറത്തെത്തി. തമിഴിലെ നാല് പ്രധാനപ്പെട്ട സംവിധായകര്‍ ചേര്‍ന്ന് ഒരുക്കുന്ന നാല് ലഘുചിത്രങ്ങള്‍ ചേര്‍ന്നതാണ് ആന്തോളജി. സുധ കൊങ്കര, വെട്രി മാരന്‍, ഗൗതം വസുദേവ് മേനോന്‍, വിഗ്നേഷ് ശിവന്‍ എന്നിവരാണ് സംവിധായകര്‍.

'ദുരഭിമാനം' എന്നത് മനുഷ്യര്‍ക്കിടയിലെ സ്വാഭാവിക സ്നേഹബന്ധങ്ങളെ എങ്ങനെയൊക്കെ വിനാശകരമായി ബാധിക്കാം എന്നതിന്‍റെ തീവ്രാവിഷ്കാരങ്ങളാണ് 'പാവ കഥൈകള്‍' എന്ന് ട്രെയ്‍ലര്‍ സൂചന നല്‍കുന്നു. മലയാളികളെ സംബന്ധിച്ച് കാളിദാസ് ജയറാമിന്‍റെ ഇതുവരെ കാണാത്തതരം പ്രകടനമികവും ചിത്രത്തിലേക്ക് ആകര്‍ഷിക്കുന്ന ഘടകമാണ്. സുധ കൊങ്കര സംവിധാനം ചെയ്യുന്ന 'തങ്കം' എന്ന ലഘുചിത്രത്തില്‍ 'സത്താര്‍' എന്ന കഥാപാത്രത്തെയാണ് കാളിദാസ് അവതരിപ്പിക്കുന്നത്.

വിഗ്നേഷ് ശിവന്‍റെ 'ലവ് പണ്ണ ഉട്രനും', വെട്രി മാരന്‍റെ 'ഊര്‍ ഇരവ്', ഗൗതം വസുദേവ് മേനോന്‍റെ 'വാന്‍മകള്‍' എന്നിവയാണ് ആന്തോളജിയിലെ മറ്റു മൂന്ന് ചിത്രങ്ങള്‍. ആദിത്യ ഭാസ്കര്‍, അഞ്ജലി, ഭവാനി ശ്രീ, ഗൗതം വസുദേവ് മേനോന്‍, ഹരി, കല്‍ക്കി കേറ്റ്ലിന്‍, പദം കുമാര്‍, പ്രകാശ് രാജ്, സായ് പല്ലവി, ശന്തനു ഭാഗ്യരാജ്, സിമ്രാന്‍ തുടങ്ങി വലിയ താരനിരയും നാല് ചിത്രങ്ങളിലായി അണിനിരക്കുന്നുണ്ട്. ആര്‍എസ്‍വിപി മൂവീസും ഫ്ളൈയിംഗ് യൂണികോണ്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റും ചേര്‍ന്നാണ് നിര്‍മ്മാണം. ഡിസംബര്‍ 18ന് നെറ്റ്ഫ്ളിക്സില്‍ സ്ട്രീമിംഗ് ആരംഭിക്കും.

click me!