മുംബൈ: ആമസോണ്‍ പ്രൈം വീഡിയോയുടെ ജനപ്രിയ പരമ്പര പഞ്ചായത്ത് സീസണ്‍ 4ന്‍റെ ടീസര്‍ പുറത്തുവിട്ടു. വളരെയധികം ഫാന്‍ ഫോളോയിംഗുള്ള ഷോയുടെ നലാം സീസൺ റിലീസ് ഡേറ്റും നിര്‍മ്മാതാക്കളായ ടിവിഎഫും, ആമസോണ്‍ പ്രൈമും പുറത്തുവിട്ടിട്ടുണ്ട്.
2020 ഏപ്രിൽ 3 നാണ് പ്രൈം വീഡിയോയിൽ ഈ ഷോ ആരംഭിച്ചത്. നാലാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ആരാധകരെ സന്തോഷിപ്പിച്ചാണ് അഞ്ചാം വാർഷത്തില്‍ സീരിസിന്‍റെ നാലാം സീസണ്‍ എത്തുന്നത്.
പഞ്ചായത്ത് സീസൺ 4 2025 ജൂലൈ 2 ന് പ്രീമിയർ ചെയ്യും. ജിതേന്ദ്ര കുമാർ, നീന ഗുപ്ത, രഘുബീർ യാദവ്, ചന്ദൻ റോയ്, സാൻവിക, ഫൈസൽ മാലിക്, ദുർഗേഷ് കുമാർ, സുനിത രാജ്വാർ, പങ്കജ് ഝാ തുടങ്ങിയവരാണ് ഈ സീരിസിലെ അഭിനേതാക്കള്‍. പഞ്ചായത്ത് സീസൺ 3 കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് പുറത്തിറങ്ങിയത്.
പഞ്ചായത്ത് ആമസോണ്‍ പ്രൈമിലെ ഏറ്റവും ജനപ്രിയമായ ഷോകളില്‍ ഒന്നാണ്. ഉത്തർപ്രദേശിലെ ഫുലേര എന്ന സാങ്കൽപ്പിക ഗ്രാമത്തിൽ ഒരു എഞ്ചിനീയറിംഗ് ബിരുദധാരി പഞ്ചായത്ത് സെക്രട്ടറിയായി ചേരുന്നിടത്താണ് കഥ ആരംഭിക്കുന്നത്.
ഇത്തവണ ഫുലേരയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതാണ് കഥയുടെ ഇതിവൃത്തം എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. "ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പ് ശക്തമായ പോരാട്ടം ആയതോടെ പ്രധാനും ഭൂഷണും തമ്മില്‍ മൂർച്ചയുള്ള രാഷ്ട്രീയ നീക്കങ്ങള്‍ നടക്കുകയാണ്. പഞ്ചായത്ത് സെക്രട്ടറി എന്ന നിലയില്‍ അഭിഷേക് തന്റെ നിഷ്പക്ഷത ഉപേക്ഷിക്കുമ്പോൾ, അദ്ദേഹത്തിന്റെയും പ്രധാന്‍റെയും ഭാവി തുലാസിലാകുന്നു" എന്നാണ് പ്രൈം വീഡിയോ പ്രസിദ്ധീകരിച്ച സിനോപ്സില്‍ പറയുന്നത്.
പഞ്ചായത്ത് 4 നിർമ്മിക്കുന്നത് ദി വൈറൽ ഫീവർ ആണ്, ദീപക് കുമാർ മിശ്രയും ചന്ദൻ കുമാറുമാണ് ഇതിന്‍റെ ക്രിയേറ്റേര്‍സ്. ദീപക് കുമാർ മിശ്രയും അക്ഷത് വിജയവർഗിയയുമാണ് ഈ പരമ്പര സംവിധാനം ചെയ്യുന്നത്.
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam