പെണ്‍ ഭ്രൂണഹത്യയുടെ കഥയുമായി 'പിപ്പലാന്ത്രി'; ട്രെയ്‍ലര്‍

By Web TeamFirst Published Sep 12, 2021, 1:11 PM IST
Highlights

രാജസ്ഥാന്‍ ഗ്രാമങ്ങളില്‍ ചിത്രീകരണം നടത്തിയ സിനിമ

പെണ്‍ ഭ്രൂണഹത്യയുടെ കഥ പറയുന്ന മലയാള ചിത്രം 'പിപ്പലാന്ത്രി' ഡയറക്റ്റ് ഒടിടി റിലീസിന് ഒരുങ്ങുന്നു. നവാഗതനായ ഷോജി സെബാസ്റ്റ്യന്‍ സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രം പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നീസ്ട്രീമിലൂടെ ഈ മാസം 18ന് പ്രദര്‍ശനം ആരംഭിക്കും. രാജസ്ഥാന്‍ ഗ്രാമങ്ങളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. 

സാമൂഹിക ദുരാചാരമായ പെണ്‍ഭ്രൂണഹത്യയുടെ രഹസ്യങ്ങള്‍ തേടിയുള്ള പ്രയാണമാണ് 'പിപ്പലാന്ത്രി'യുടെ കഥാസാരം. തനിക്ക് പിറന്ന പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായി അലയുന്ന ഒരു യുവതിയുടെ അതിജീവനവും പ്രയാണവുമാമാണ് ചിത്രം ദൃശ്യവല്‍ക്കരിക്കുന്നത്. രാജസ്ഥാന്‍ ഗ്രാമങ്ങളില്‍ നടക്കുന്ന അനുഷ്ഠാനങ്ങളും ആചാരങ്ങളും തനതായി ചിത്രീകരിച്ചിരിക്കുകയാണെന്ന് അണിയറക്കാര്‍ പറയുന്നു. പൂര്‍ണ്ണമായും രാജസ്ഥാന്‍ കേന്ദ്രീകരിച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. ഗ്രാമ മുഖ്യന്മാരുടെ അനുമതിയോടെ നൂറുകണക്കായ ഗ്രാമവാസികളെ അണിനിരത്തിയായിരുന്നു സിനിമയുടെ ചിത്രീകരണം. പെണ്‍ഭ്രൂണഹത്യയുടെ സാമൂഹിക രാഷ്ട്രീയ തലങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. 

സുരേഷ് വേലത്ത്, ഋഷി, മിയശ്രീ, ജോഷി നായര്‍, രാകേഷ് ബാബു, കാവ്യ, ജോണ്‍ മാത്യൂസ്, ജോൺ ഡബ്ല്യു വർഗ്ഗീസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സിക്കമോർ ഫിലിം ഇന്‍റര്‍നാഷണല്‍ ആണ് നിര്‍മ്മാണം. ഛായാഗ്രഹണം സിജോ എം എബ്രഹാം, തിരക്കഥ ഷെല്ലി ജോയ്, ഷോജി സെബാസ്റ്റ്യന്‍, എഡിറ്റിംഗ് ഇബ്രു എഫ് എക്സ്, ഗാനരചന ചിറ്റൂര്‍ ഗോപി, ജോസ് തോന്നിയാമല, സംഗീതം ഷാന്‍റി ആന്‍റണി, കലാസംവിധാനം രതീഷ്, വസ്ത്രാലങ്കാരം ബെന്‍സി കെ ബി, മേക്കപ്പ് മിനി സ്റ്റൈല്‍മേക്ക്, പിആര്‍ഒ പി ആര്‍ സുമേരന്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!