തീ തുപ്പും തുപ്പാക്കി, ഒപ്പം വന്‍ താരനിരയും; ആഷിക് അബുവിന്‍റെ 'റൈഫിള്‍ ക്ലബ്ബ്' ട്രെയ്‍ലര്‍

Published : Dec 04, 2024, 06:45 PM IST
തീ തുപ്പും തുപ്പാക്കി, ഒപ്പം വന്‍ താരനിരയും; ആഷിക് അബുവിന്‍റെ 'റൈഫിള്‍ ക്ലബ്ബ്' ട്രെയ്‍ലര്‍

Synopsis

ആഷിക് അബു തന്നെയാണ് ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നത്

ഒരു വീട് നിറയെ വേട്ടക്കാർ, അവരുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങള്‍, ചോരയിൽ മുങ്ങിയ പോരാട്ടങ്ങൾ, ത്രസിപ്പിക്കുന്ന അഭിനയമുഹൂർത്തങ്ങള്‍ ഒക്കെയായി തിയറ്ററുകളിൽ ഒരു വേറെ ലെവൽ ഐറ്റം തന്നെയായി എത്താനൊരുങ്ങുകയാണ് ആഷിക് അബുവിന്‍റെ പുതിയ ചിത്രമായ 'റൈഫിള്‍ ക്ലബ്'. പേര് പോലെ തന്നെ തീ തുപ്പുന്ന തുപ്പാക്കി പോലെ പവർ പാക്ക്ഡ് കഥാപാത്രങ്ങളാണ് സിനിമയുടെ ഹൈലൈറ്റെന്ന് അടിവരയിട്ടുകൊണ്ടാണ് ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുന്നത്. ഇക്കുറി ക്രിസ്മസ് കെങ്കേമമാക്കാൻ 'റൈഫിൾ ക്ലബ്' ഡിസംബർ 19 ന് തിയറ്ററുകളിലെത്താനിരിക്കുകയാണ്. തികച്ചും ഒരു റെട്രോ സ്റ്റൈൽ സിനിമയായിരിക്കുമെന്നാണ് സൂചന. ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

ചിത്രത്തിൽ സുപ്രധാന കഥാപാത്രമായെത്തുന്ന ഇട്ടിയാനമായി വാണി വിശ്വനാഥിന്‍റേയും ദയാനന്ദ് ബാരെ എന്ന കഥാപാത്രമായെത്തുന്ന പ്രശസ്ത ബോളിവുഡ് സംവിധായകനും അഭിനേതാവുമായ അനുരാഗ് കശ്യപിന്‍റേയും ദിലീഷ് പോത്തൻ അവതരിപ്പിക്കുന്ന സെക്രട്ടറി അവറാന്‍റേയുമൊക്കെ വേഷങ്ങള്‍ അടിമുടി വ്യത്യസ്തമായിരിക്കുമെന്നാണ് ട്രെയിലർ നൽകുന്ന സൂചനകള്‍. 

ബോളിവുഡിൽ ശ്രദ്ധേയ സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള, വേറിട്ട വേഷങ്ങളിൽ വിവിധ ഭാഷകളിൽ അഭിനയിച്ചിട്ടുള്ള അനുരാഗ് കശ്യപിന്‍റെ മലയാളത്തിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് 'റൈഫിള്‍ ക്ലബ്'. കൂടാതെ വിജയരാഘവൻ അവതരിപ്പിക്കുന്ന കുഴിവേലി ലോനപ്പൻ, സുരേഷ് കൃഷ്ണയുടെ ഡോ. ലാസർ, സുരഭി ലക്ഷ്മിയുടെ സൂസൻ, വിഷ്ണു ആഗസ്ത്യയുടെ ഗോഡ്ജോ, വിനീത് കുമാറിന്‍റെ റൊമാന്‍റിക് സ്റ്റാർ, ഉണ്ണിമായയുടെ സൂസൻ, ദർശന രാജേന്ദ്രൻ അവതരിപ്പിക്കുന്ന കുഞ്ഞുമോൾ എന്നീ കഥാപാത്രങ്ങളുടെയൊക്കെ റേഞ്ച് അന്യായമായിരിക്കുമെന്നാണ് ട്രെയിലർ കാണുമ്പോള്‍ മനസ്സിലാക്കാനാവുന്നത്. 

ഒ.പി.എം സിനിമാസിന്‍റെ ബാനറിൽ ആഷിക് അബു, വിൻസന്‍റ് വടക്കൻ, വിശാൽ വിൻസന്‍റ് ടോണി എന്നിവർ ചേർന്ന് നിർമ്മിക്കുന്നതാണ് ചിത്രം. സിനിമയുടെ ഛായാഗ്രഹണവും ആഷിക് അബു തന്നെയാണ് നിര്‍വ്വഹിക്കുന്നത്. വിജയരാഘവൻ, റാഫി, വിനീത് കുമാർ, സുരേഷ് കൃഷ്ണ, ഹനുമാന്‍കൈന്‍ഡ്, സെന്ന ഹെഗ്‌ഡെ, വിഷ്ണു അഗസ്ത്യ, ദർശന രാജേന്ദ്രൻ, ഉണ്ണിമായ പ്രസാദ്, സുരഭി ലക്ഷ്മി, പ്രശാന്ത് മുരളി, നടേഷ് ഹെഗ്‌ഡെ, പൊന്നമ്മ ബാബു, രാമു, വൈശാഖ് ശങ്കർ, നിയാസ് മുസലിയാർ, റംസാൻ മുഹമ്മദ്, നവനി ദേവാനന്ദ്, പരിമള്‍ ഷായ്സ്, സജീവ് കുമാർ, കിരൺ പീതാംബരൻ, ഉണ്ണി മുട്ടത്ത്, ബിബിൻ പെരുമ്പിള്ളി, ചിലമ്പൻ, ഇന്ത്യൻ എന്നിവരടക്കമുള്ള വൻ താരനിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. 

റൈഫിൾ ക്ലബ്ബിന്‍റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ദിലീഷ് നായർ, ശ്യാം പുഷ്കരൻ, ഷറഫു, സുഹാസ് എന്നിവർ ചേർന്നാണ്.  'മായാനദി'ക്ക് ശേഷം ആഷിക്ക് അബു, ശ്യാം പുഷ്കരൻ, ദിലീഷ് നായർ ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 'മഞ്ഞുമ്മല്‍ ബോയ്‌സി'ലൂടെ വലിയ ജനപ്രീതി നേടിയ അജയൻ ചാലിശ്ശേരിയാണ് റൈഫിൾ ക്ലബ്ബിന്‍റെ പ്രൊഡക്ഷൻ ഡിസൈനർ. മേക്കപ്പ്: റോണക്സ് സേവ്യർ,  വസ്ത്രാലങ്കാരം: മഷർ ഹംസ, എഡിറ്റർ: വി സാജൻ, സ്റ്റണ്ട്: സുപ്രീം സുന്ദർ, സംഗീതം: റെക്സ് വിജയൻ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: കിഷോര്‍ പുറക്കാട്ടിരി, സ്റ്റില്‍സ്: റോഷന്‍, അര്‍ജുന്‍ കല്ലിങ്കല്‍, പി.ആര്‍.ഒ: ആതിര ദില്‍ജിത്ത്.

ALSO READ : ഹൊറര്‍ ത്രില്ലറുമായി ഷൈന്‍ ടോം ചാക്കോ; 'ദി പ്രൊട്ടക്റ്റര്‍' പൂര്‍ത്തിയായി

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

click me!

Recommended Stories

മത്സരത്തിന് വന്നവരെല്ലാം വഴിമാറി, സിം​ഗിൾ റണ്ണിന് ധുരന്ധർ 2; വൻ അപ്ഡേറ്റ് ഇന്ന് രാവിലെ 11മണിക്ക്
സംവിധാനം നടന്‍ ശങ്കര്‍, ചിത്രീകരിച്ചത് യുകെയില്‍; 'എറിക്' ട്രെയ്‍ലര്‍ എത്തി