
കാലമെത്ര ചെന്നാലും ജനപ്രീതിയില്‍ ഇടിവ് തട്ടാതെ നില്‍ക്കുന്ന ചില ചിത്രങ്ങളുണ്ട്. മലയാളത്തില്‍ അതിനുള്ള ഏറ്റവും മികച്ച ഉദാഹരണമാണ് സ്ഫടികം. ചിത്രം തിയറ്ററില്‍ കാണാത്ത തലമുറകള്‍ക്കു പോലും പ്രിയങ്കരനാണ് മോഹന്‍ലാലിന്‍റെ ആടുതോമയും ഭദ്രന്‍റെ ആ ചിത്രവും. ഇപ്പോഴിതാ ചിത്രം തിയറ്ററില്‍ കണ്ടിട്ടില്ലാത്തവര്‍ക്ക് അതിനുള്ള അവസരം ഒരുങ്ങുകയാണ്. 4 കെ റീമാസ്റ്ററിംഗ് നടത്തി എത്തുന്ന ചിത്രത്തിന്‍റെ റിലീസ് ഫെബ്രുവരി 9 ന് ആണ്.
റിലീസിന് മുന്നോടിയായുള്ള പ്രൊമോഷന്‍റെ ഭാഗമായി ചിത്രത്തിന്‍റെ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. നടനായ മോഹന്‍ലാല്‍ തന്നെയാണ് ചിത്രത്തിന്‍റെ ടീസര്‍ തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. 'ഞാന്‍ ആടുതോമ' എന്ന ഡയലോഗും, ഇത് എന്‍റെ പുത്തന്‍ റൈയ്ബാന്‍ ഗ്ലാസ് എന്ന ഡയലോഗും ടീസറിലുണ്ട്.
നേരത്തെ ചിത്രത്തിന്‍റെ പ്രമോഷന്‍ പോസ്റ്ററുകള്‍ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. ആടുതോമയുടെ കൌമാരകാലത്തിന്‍റേതായിരുന്നു ആദ്യ ക്യാരക്റ്റര്‍ പോസ്റ്റര്‍. സംവിധായകന്‍ രൂപേഷ് പീതാംബരനാണ് അന്ന് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇന്ന് പുറത്തെത്തിയിരിക്കുന്ന രണ്ടാമത്തെ പോസ്റ്റര്‍ ഇന്ദ്രന്‍സിന്‍റെ കഥാപാത്രത്തിന്റേതാണ്. ഗഫൂര്‍ എന്നാണ് ആ കഥാപാത്രത്തിന്റെ പേര്. മോഹന്‍ലാല്‍ അവതരിപ്പിച്ച ആടുതോമയെ വലിയ ഹീറോ ആയി കാണുന്ന ഗഫൂര്‍ മറ്റുള്ളവരോട് തോമയുടെ വീരശൂര പരാക്രമങ്ങളെക്കുറിച്ച് വിശദീകരിക്കാറുള്ള ആളുമാണ്. അത്തരത്തിലുള്ള ഇന്ദ്രന്‍സിന്‍റെ ചില സംഭാഷണങ്ങള്‍ ഇന്നും ഓര്‍മ്മിക്കപ്പെടുന്നവയാണ്.
"സിനിമയുടെ റീ റിലീസിനായി ജ്യോമെട്രിക്സ് എന്ന കമ്പനി രൂപീകരിച്ചിട്ടുണ്ട്. സിനിമയുടെ തനിമ നഷ്ടപ്പെടാതെയുള്ള ഹൈ ഡെഫനിഷന്‍ ബാക്കിംഗ് ആണ് നടത്തുക. പുതിയ സാങ്കേതിക സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി, സംഭാഷണത്തിലും കഥാഗതിയിലും മാറ്റങ്ങള്‍ വരുത്താതെ സിനിമ പുനര്‍നിര്‍മ്മിക്കുകയാണ്. 25 വര്‍ഷങ്ങള്‍ക്ക് ശേഷം നിര്‍ണ്ണായക രംഗങ്ങള്‍ക്കായി ക്യാമറ ചലിപ്പിക്കുന്നു എന്നതും പ്രത്യേകതയാണ്. പ്രസാദ് ലാബിലാണ് റെസ്റ്റൊറേഷന്‍ ജോലികള്‍ പുരോഗമിക്കുന്നത്. അമേരിക്കയിലും ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ചെന്നൈയിലെ ഫോര്‍ ഫ്രെയിംസ് സ്റ്റുഡിയോയിലാണ് ശബ്ദമിശ്രണം. സിനിമയുടെ നിര്‍മ്മാതാവ് ആര്‍ മോഹനില്‍ നിന്ന് വീണ്ടും റിലീസ് ചെയ്യാനുള്ള അവകാശം വാങ്ങിയിട്ടുണ്ട്. രണ്ട് കോടിയോളം മുതല്‍മുടക്കിലാണ് റീ റിലീസിംഗ്", റീമാസ്റ്ററിംഗിനെക്കുറിച്ച് ഭദ്രന്‍ നേരത്തെ പറഞ്ഞിരുന്നു.
'എന്റെ പുതുവർഷ തുടക്കം'; മോഹൻലാലിന് ഒപ്പമുള്ള ഫോട്ടോകളുമായി ഭദ്രൻ
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam