മോഹൻലാലിനൊപ്പം ആയിരുന്നു തന്റെ പുതിയ വർഷ ആരംഭം എന്ന് ഭദ്രൻ ഫേസ്ബുക്കിൽ കുറിക്കുന്നു

പുതുവർഷം പിറന്ന സന്തോഷത്തിലാണ് ലോക ജനത. പുതിയ പദ്ധതികളും സന്തോഷങ്ങളുമായി മുന്നോട്ട് പ്രയാണം തുടങ്ങുന്നവർക്ക് ആശംസയുമായി സിനിമ താരങ്ങളും സമൂഹത്തിലെ പ്രമുഖരായവരും രം​ഗത്തെത്തുകയാണ്. സോഷ്യൽ മീഡിയ നിറയെ പുതുവർഷ പോസ്റ്റുകളാണ്. ഈ അവസരത്തിൽ സംവിധായകൻ ഭദ്രൻ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. 

മോഹൻലാലിനൊപ്പം ആയിരുന്നു തന്റെ പുതിയ വർഷ ആരംഭം എന്ന് ഭദ്രൻ ഫേസ്ബുക്കിൽ കുറിക്കുന്നു. 'എന്റെ പുതുവർഷത്തിന്റെ തുടക്കം ലാലിന്റെ നാവിൽ ഇരട്ടിമധുരം കൊടുത്തുകൊണ്ടായിരുന്നു…', എന്നായിരുന്നു സംവിധായകന്റെ വാക്കുകൾ. ഒപ്പം മോഹൻലാലിനും കുടുംബത്തോടും ഒപ്പമുള്ള മനോഹര ഫോട്ടോകളും ഭദ്രൻ പങ്കുവച്ചിട്ടുണ്ട്. 

അതേസമയം, ഭദ്രന്‍ സംവിധാനം ചെയ്ത മോഹൻലാലിന്റെ 'സ്‍ഫടിക'ത്തിന്‍റെ റീ മാസ്റ്റര്‍ വെര്‍ഷന്‍ റിലീസിന് ഒരുങ്ങുകയാണ്. ചിത്രം ഫെബ്രുവരി ഒമ്പതിനാണ് വീണ്ടും തിയറ്ററുകളിലെത്തുക. 'ആടു തോമ' എന്ന കഥാപാത്രമായി മോഹൻലാല്‍ എത്തിയ ചിത്രം ഫാമിലി ആക്ഷൻ ഡ്രാമയായിരുന്നു. തിലകനും കെപിഎസി ലളിതയുമായിരുന്നു മോഹൻലാലിന്റെ അച്ഛനും അമ്മയുമായി അഭിനയിച്ചത്. തിലകന്റെ 'ചാക്കോ മാഷ്' എന്ന കഥാപാത്രത്തിന് ഏറെ അഭിനന്ദനം ലഭിച്ചിരുന്നു. ഭൂമിയുടെ സ്‍പന്ദനം മാത്തമാറ്റിക്സിലാണ് എന്ന ചിത്രത്തിലെ ഡയലോഗും ഹിറ്റായിരുന്നു.

എലോണ്‍ എന്ന ചിത്രമാണ് മോഹന്‍ലാലിന്‍റേതായി റിലീസിന് ഒരുങ്ങുന്നത്. നീണ്ട കാലത്തിനു ശേഷം ഷാജി കൈലാസിന്റെ സംവിധാനത്തില്‍ മോഹൻലാല്‍ നായകനാകുന്ന ചിത്രം ജനുവരി 26ന് തിയറ്ററുകളില്‍ റിലീസ് ചെയ്യും. കൊവിഡ് കാലത്തെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രമാണ് 'എലോണ്‍'. മോഹൻലാല്‍ മാത്രമാണ് സ്‍ക്രീനില്‍ പ്രത്യക്ഷപ്പെടുന്നതെങ്കിലും ശബ്‍ദ സാന്നിദ്ധ്യമായി പൃഥ്വിരാജ്, സിദ്ദിഖ്, മഞ്ജു വാ്യര്‍ തുടങ്ങിയവരൊക്കെ ചിത്രത്തിലുണ്ട്. അഭിനന്ദൻ രാമാനുജൻ ആണ് ഛായാഗ്രാഹണം.ഷാജി കൈലാസിന്‍റെ 'ടൈം', 'സൗണ്ട് ഓഫ് ബൂട്ട്', 'മദിരാശി', 'ജിഞ്ചര്‍' എന്നീ സിനിമകള്‍ക്ക് രചന നിര്‍വ്വഹിച്ച രാജേഷ് ജയരാമനാണ് തിരക്കഥ എഴുതുന്നത്. 

'മാളികപ്പുറം' എനിക്കൊരു നിയോഗമായിരുന്നു; പന്തളം സന്ദർശിച്ച് ഉണ്ണി മുകുന്ദൻ