
ദില്ലി: സ്ക്വിഡ് ഗെയിം സീസൺ 3യുടെ ഫൈനല്‍ ട്രെയിലർ പുറത്തിറങ്ങി. ഇതുവരെ സീരിസില്‍ വന്ന ഏറ്റവും തീവ്രമായ വൈകാരിക രംഗങ്ങള്‍ ഈ സീസണിലാണ് എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. സീസൺ 2 ന്റെ ഞെട്ടിക്കുന്ന അവസാനം മുതൽ ആരാധകർ കാത്തിരുന്ന സിയോങ് ഗി-ഹുൻ എന്ന പ്ലെയർ 456ന് എന്ത് സംഭവിക്കും എന്നതിനുള്ള ഉത്തരം ആയിരിക്കും സീസണ്‍ 3 എന്ന് വ്യക്തമാണ്.
ഇതായിരിക്കും നെറ്റ്ഫ്ലിക്സിന്‍റെ പാന്‍ വേള്‍ഡ് ഹിറ്റ് പരമ്പരയുടെ അവസാന സീസണ്‍ എന്ന് ട്രെയിലര്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. 2024 ഡിസംബർ 26-ന് പുറത്തിറങ്ങിയ സീസൺ 2, ഏഴ് എപ്പിസോഡുകളാണ് ഉണ്ടായിരുന്നത്. സീസണ്‍ 2ഉം സീസണ്‍ 3യും ഒന്നിച്ചാണ് ചിത്രീകരിച്ചത് അതിനാല്‍ തന്നെ 2025ല്‍ ഷോ മൂന്നാം സീസണ്‍ ഇറങ്ങുമെന്ന് നേരത്തെ നെറ്റ്ഫ്ലിക്സ് വ്യക്തമാക്കിയിരുന്നു.
2021-ൽ ഷോയുടെ അപ്രതീക്ഷിത വിജയത്തെത്തുടർന്ന് ഏകദേശം മൂന്ന് വർഷമെടുത്താണ് സീസണ്‍ 2 വന്നത്. അതിന് പിന്നാലെ 2025 ജൂണ്‍ 27ന് മൂന്നാം സീസണ്‍ എത്തുന്നത്. ഡിസംബറിൽ റിലീസ് ചെയ്‌തതിന് ശേഷം, സ്‌ക്വിഡ് ഗെയിം സീസൺ 2 173 ദശലക്ഷത്തിലധികം വ്യൂവും 1.2 ബില്യൺ മണിക്കൂറിലധികം കാഴ്ച സമയവും നേടിയിട്ടുണ്ട്, നെറ്റ്ഫ്ലിക്‌സിൽ ഏറ്റവുമധികം ആളുകൾ കണ്ട രണ്ടാമത്തെ ഇംഗ്ലീഷ് ഇതര പരമ്പരയാണ് സ്‌ക്വിഡ് ഗെയിം.
അതേ സമയം ഇതുവരെ സീരിസില്‍ സംഭവിച്ച കാര്യങ്ങളും പ്രധാന കഥാപാത്രങ്ങളും ഒരു റീവൈന്‍റ് പോലെ അണിനിരക്കുന്നതാണ് ഫൈനല്‍ ട്രെയിലര്‍. ഇതിലൂടെ വ്യക്തമായ സൂചന പുതിയ സീസണിലേക്ക് സീരിസിന്‍റെ അണിയറക്കാര്‍ നല്‍കുന്നുണ്ട്. ഈ വര്‍ഷം നെറ്റ്ഫ്ലിക്സിന് ഏറെ പ്രതീക്ഷയുള്ള സീരിസാണ് സ്ക്വിഡ് ഗെയിം സീസണ്‍ 3.
പ്ലെയർ 456 ഉം, നിഗൂഢമായ ഫ്രണ്ട് മാൻ-വൺ എന്നിവ തമ്മിലുള്ള ഒരു ഭയാനകമായ പോരാട്ടമാണ് അവസാന സീസൺ അവതരിപ്പിക്കുക എന്നതാണ് ഇതുവരെ ഇറങ്ങിയ പ്രമോഷന്‍ മെറ്റീരിയലുകള്‍ നല്‍കുന്നത്.