'നിറയെ സര്‍പ്രൈസ്, ക്ലാസിക് സൂപ്പര്‍ ഹീറോ': 'സൂപ്പര്‍മാന്‍' ഫൈനല്‍ ട്രെയിലര്‍

Published : Jun 14, 2025, 12:53 PM IST
 Superman New Trailer

Synopsis

ജെയിംസ് ഗണ്‍ സംവിധാനം ചെയ്യുന്ന പുതിയ സൂപ്പർമാൻ ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. ഡേവിഡ് കോറൻസ്‌വെറ്റ് ആണ് പുതിയ സൂപ്പർമാൻ. ജൂലൈ 11, 2025 ന് ചിത്രം റിലീസ് ചെയ്യും.

മുംബൈ: ജെയിംസ് ഗണ്‍ സംവിധാനം ചെയ്യുന്ന സൂപ്പർമാന്‍ ചിത്രത്തിന്‍റെ ഫൈനല്‍ ട്രെയിലര്‍ പുറത്തിറങ്ങി. പുതിയ സൂപ്പർമാൻ ഡേവിഡ് കോറൻസ്‌വെറ്റ് അരങ്ങേറ്റം കുറിക്കുന്ന ചിത്രം ഡിസി കോമിക്‌സ് കഥാപാത്രങ്ങളാല്‍ സമ്പന്നവും ക്ലാസിക് സൂപ്പര്‍മാനിലേക്കുള്ള തിരിച്ചുപോക്കുമാണ് എന്ന സൂചനയാണ് ട്രെയിലർ തരുന്നത്.

ഗാര്‍ഡിയന്‍ ഓഫ് ഗ്യാലക്സി എന്ന മാര്‍വലിന്‍റെ ട്രിലോളജി സൂപ്പര്‍ ഹീറോ ചിത്രം ഒരുക്കിയ വന്‍ വിജയം നേടിയ ജെയിംസ് ഗണ്‍ വളരെ കളര്‍ ഫുള്ളായാണ് പുതിയ സൂപ്പര്‍മാന്‍ ഒരുക്കിയിരിക്കുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ഡിസി സൂപ്പര്‍ ഹീറോ യൂണിവേഴ്സിന്‍റെ റീബൂട്ട് പടമായാണ് സൂപ്പര്‍മാന്‍ വിശേഷിപ്പിക്കപ്പെടുന്നത്. ജൂലൈ 11 2025ലാണ് ചിത്രം റിലീസ് ചെയ്യുക. ഇന്ത്യയില്‍ ഇംഗ്ലീഷിന് പുറമേ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും.

സൂപ്പർമാന്റെ പ്രണയിനിയായ പത്ര റിപ്പോര്‍ട്ടര്‍ ലോയിസ് ലെയ്നായി റേച്ചൽ ബ്രോസ്നഹാനും, സൂപ്പർമാന്റെ ശത്രുവായ ലെക്സ് ലൂഥറായി നിക്കോളാസ് ഹോൾട്ടും ട്രെയിലറില്‍ എത്തുന്നു. ലെക്സും സൂപ്പർമാനും തമ്മിലുള്ള സങ്കീർണ്ണമായ വിവിധ തലത്തിലുള്ള ഏറ്റുമുട്ടലുകള്‍ ട്രെയിലറില്‍ ആവിഷ്കരിക്കപ്പെടുന്നുണ്ട്. ഒപ്പം മറ്റ് ഡിസി കഥാപാത്രങ്ങളെയും കാണാം.

പ്രേക്ഷകര്‍ക്കായി നിരവധി സര്‍പ്രൈസുകള്‍ ഉണ്ടെന്ന സൂചന നല്‍കുകയാണ് റിലീസ് അടുത്ത് വരുമ്പോള്‍ പുറത്തിറക്കിയ ഫൈനല്‍ ട്രെയിലര്‍. ഡിസി സ്റ്റുഡിയോസ് മേധാവികളായി ജെയിംസ് ഗൺ, പീറ്റർ സഫ്രാൻ എന്നിവര്‍ വന്ന ശേഷമുള്ള ആദ്യത്തെ പ്രധാന റിലീസാണ് സൂപ്പര്‍മാന്‍. സൂപ്പർമാൻ ഫ്രാഞ്ചൈസിക്ക് ഒരു പുതിയ തുടക്കം കുറിക്കുന്നതായിരിക്കും ചിത്രം.

അതേ സമയം പുതിയ സൂപ്പര്‍മാനെ അവതരിപ്പിക്കുന്ന ആവേശത്തിലാണ് നടന്‍ ഡേവിഡ് കോറൻസ്‌വെറ്റ്. "ഇത്രയും ജനകീയമായ ഇത്രയധികം ആഴത്തിൽ വേരൂന്നിയ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞത് ഒരു വലിയ ബഹുമതിയാണ്" എന്ന് സിനികോണില്‍ ദി ഹോളിവുഡ് റിപ്പോർട്ടറിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ഡേവിഡ് കോറൻസ്‌വെറ്റിന്‍റെ ഇതുവരെയുള്ള ഏറ്റവും വലിയ ഹോളിവുഡ് പ്രോജക്റ്റ് കൂടിയാണ്. ക്രിസ്റ്റഫർ റീവ് (1978-87), ബ്രാൻഡൻ റൗത്ത് (2006), ഹെന്‍ട്രി കാവിൽ (2013-2022) എന്നിവർക്ക് ശേഷം ബിഗ് സ്‌ക്രീനിൽ സൂപ്പര്‍മാന്‍ വേഷം ചെയ്യുന്ന നാലാമത്തെ നടനാണ് ഡേവിഡ് കോറൻസ്‌വെറ്റ്. സൂപ്പർമാനുമുമ്പ്, ദ പൊളിറ്റീഷ്യൻ, ഹോളിവുഡ്, പേൾ തുടങ്ങിയ പ്രോജക്ടുകളിൽ ഡേവിഡ് പ്രത്യക്ഷപ്പെട്ടിരുന്നു.

PREV
Read more Articles on
click me!

Recommended Stories

'അന്ത അളവ്ക്ക് പൈത്യം പുടിച്ചവൻ'; കൊലയാളിയെ തേടി ഇന്ദ്രജിത്ത്, ആകാംക്ഷയുണര്‍ത്തുന്ന ‘ധീരം’ ട്രെയിലര്‍
കണ്ണൂര്‍ കഫെയിലെ അഭിനേതാക്കള്‍ ഒന്നിക്കുന്ന 'ദി ലേറ്റ് കുഞ്ഞപ്പ'; ടീസര്‍ എത്തി