RRR Trailer : 'പുലിയെ പിടിക്കണമെങ്കിൽ വേട്ടക്കാരൻ വേണം'; ദൃശ്യവിസ്മയമൊരുക്കി ‘ആർആർആർ’ ട്രെയിലർ

By Web TeamFirst Published Dec 9, 2021, 11:53 AM IST
Highlights

രാജമൗലി ചിത്രം  ‘ആർആർആർ’ ട്രെയിലർ പുറത്തുവിട്ടു. 

പ്രഖ്യാപന സമയം മുതൽ ഏറെ പ്രേക്ഷക ശ്രദ്ധനേടി ചിത്രമാണ് രൗദ്രം രണം രുദിരം( ആര്‍ആര്‍ആര്‍) (RRR) . ബാഹുബലിക്ക് ശേഷം രാജമൗലി(SS Rajamouli) ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം എന്നത് തന്നെയായിരുന്നു ഇതിന് കാരണം. അടുത്ത വർഷം റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

മികച്ചൊരു ദൃശ്യവിസ്മയമാകും ചിത്രം പ്രേക്ഷകർക്ക് നൽകുകയെന്ന് ട്രെയിലറിൽ നിന്നും വ്യക്തമാണ്. ജൂനിയർ എൻടി ആർ, രാം ചരൺ ഉൾപ്പടെയുള്ള താരങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ളതാണ് ട്രെയിലർ. പുറത്തുവന്ന് നിമിഷങ്ങൾക്കകം തന്നെ മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. 

2022 ജനുവരി 7നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തുക.'ബാഹുബലി 2'ന്‍റെ വന്‍ വിജയത്തിനു ശേഷം 2018 നവംബര്‍ 19നാണ് രാജമൗലി 'ആര്‍ആര്‍ആറി'ന്‍റെ ചിത്രീകരണം ആരംഭിച്ചത്. എന്നാല്‍ കൊവിഡ് കാരണം മാസങ്ങളോളം നിര്‍ത്തിവെക്കേണ്ടിവന്ന ഷൂട്ടിംഗ് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് വീണ്ടും പുനരാരംഭിച്ചത്. അജയ് ദേവ്‍ഗണ്‍, അളിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റീവെന്‍സണ്‍, അലിസണ്‍ ഡൂഡി തുടങ്ങി വന്‍ താരനിരയെയാണ് രാജമൗലി അണിനിരത്തുന്നത്. 

1920കള്‍ പശ്ചാത്തലമാക്കുന്ന ചിത്രം അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരാണ് ഇവര്‍. അതേസമയം ഇവര്‍ യഥാര്‍ഥ ജീവിതത്തില്‍ നേരിട്ട് കണ്ടിട്ടില്ല. ഇരുവരും പരസ്‍പരം കണ്ടിരുന്നെങ്കിലോ എന്ന ഭാവനയിലാണ് ചിത്രത്തിന്‍റെ കഥ രാജമൗലി ഒരുക്കിയിരിക്കുന്നത്. ഇംഗ്ലീഷിനു പുറമെ പോര്‍ച്ചുഗീസ്, കൊറിയന്‍, ടര്‍ക്കിഷ്, സ്പാനിഷ് ഭാഷകളിലും ചിത്രം എത്തും. 

click me!