ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ സന്ദർശിക്കാൻ കഴിയുന്ന 7 മനോഹര രാജ്യങ്ങൾ

Published : Jul 03, 2025, 04:02 PM ISTUpdated : Jul 04, 2025, 09:56 AM IST
Nepal

Synopsis

ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് വിസയില്ലാതെ തന്നെ കുറഞ്ഞ ചെലവിൽ സന്ദർശിക്കാൻ സാധിക്കുന്ന 7 രാജ്യങ്ങളുണ്ട്.

അന്താരാഷ്ട്ര യാത്രകൾ നടത്തുകയെന്നത് മിക്കയാളുകളുടെയും ഒരു സ്വപ്നമാണ്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട വിസ നടപടികളെ കുറിച്ച് ഓർക്കുമ്പോൾ തന്നെ പലരും യാത്രയിൽ നിന്ന് പിന്മാറുന്നതിനെ കുറിച്ച് പോലും ചിന്തിക്കുന്നുണ്ടാകാം. വിസ ആവശ്യമില്ലാത്ത മനോഹരമായ രാജ്യങ്ങളും ഉണ്ടെന്ന കാര്യം പലർക്കും അറിയില്ല. ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് ഇത്തരത്തിൽ വിസയില്ലാതെ തന്നെ കുറഞ്ഞ ചെലവിൽ സന്ദർശിക്കാൻ സാധിക്കുന്ന 7 രാജ്യങ്ങളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.

1. ഭൂട്ടാൻ

ഇന്ത്യക്കാർക്ക് വളരെ എളുപ്പത്തിൽ സന്ദർശിക്കാൻ സാധിക്കുന്ന ഒരു രാജ്യമാണ് ഭൂട്ടാൻ. പച്ചപ്പ് നിറഞ്ഞ താഴ്‌വരകൾ, ശുദ്ധമായ വായു, സമാധാനപ്രിയരായ ആളുകൾ എന്നിവയാണ് ഭൂട്ടാന്റെ പ്രധാന സവിശേഷതകൾ. ഭൂട്ടാൻ സന്ദർശിക്കാൻ ഇന്ത്യൻ പൗരന്മാർക്ക് വിസ ആവശ്യമില്ല. വോട്ടർ ഐഡി അല്ലെങ്കിൽ പാസ്‌പോർട്ട് പോലെയുള്ള തിരിച്ചറിയൽ കാർഡ് മാത്രം കൈവശമുണ്ടെങ്കിൽ നിങ്ങൾക്ക് ഭൂട്ടാൻ സന്ദർശിക്കാം.

2. നേപ്പാൾ

ഇന്ത്യക്കാർക്ക് ഏറ്റവും അടുത്തുള്ളതും സൗഹൃദപരവുമായ രാജ്യങ്ങളിൽ ഒന്നാണ് നേപ്പാൾ. നേപ്പാളിലേയ്ക്ക് നിങ്ങൾക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ സാധിക്കും. കാഠ്മണ്ഡു, പൊഖറ, ലുംബിനി തുടങ്ങിയ പ്രശസ്തമായ സ്ഥലങ്ങൾ നിങ്ങൾക്ക് അവിടെ സന്ദർശിക്കാം. നിങ്ങൾക്ക് എവറസ്റ്റ് കൊടുമുടി കയറാനോ മലനിരകളിലൂടെ ഒരു ചെറിയ ട്രെക്കിംഗ് നടത്താനോ സാധിക്കും. നേപ്പാളിന്റെ ഭക്ഷണ സംസ്കാരവും ഭാഷയുമെല്ലാം നിങ്ങൾക്ക് പരിചിതമായി തോന്നിയേക്കാം. ഇത് ആദ്യമായി നേപ്പാളിലേയ്ക്ക് പോകുന്ന സഞ്ചാരികൾക്ക് പോലും അവരുടെ യാത്ര സൗകര്യപ്രദമാക്കി മാറ്റുന്നു.

3. ഇന്തോനേഷ്യ

മനോഹരമായ ദ്വീപുകളുടെ ഒരു കൂട്ടമാണ് ഇന്തോനേഷ്യ. ഇന്തോനേഷ്യയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലം ബാലി ആണ്. ഇന്ത്യക്കാർക്ക് ഇവിടെയെത്താൻ വിസ ആവശ്യമില്ല എന്നതാണ് പ്രത്യേകത. ഇന്തോനേഷ്യയിൽ വളരെ കുറഞ്ഞ ചെലവിൽ 30 ദിവസം വരെ താമസിക്കാനും അനുവാ​ദം ലഭിക്കും. ബീച്ചുകളും ക്ഷേത്രങ്ങളും അഗ്നിപർവ്വതങ്ങളുമെല്ലാം ഇന്തോനേഷ്യയിലെ സവിശേഷമായ കാഴ്ചകളാണ്. യോഗ കേന്ദ്രങ്ങളും വിശ്രമ കേന്ദ്രങ്ങളുമെല്ലാം ഏത് തരം സഞ്ചാരികൾക്കും ശാന്തവും സമാധാനപരവുമായ അന്തരീക്ഷം സമ്മാനിക്കും. ദമ്പതികൾക്കും ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർക്കുമെല്ലാം ഇടയിൽ ഇന്തോനേഷ്യ, പ്രത്യേകിച്ച് ബാലി ജനപ്രിയമാണ്.

4. സീഷെൽസ്

ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന, നിരവധി ദ്വീപുകളടങ്ങിയ ഒരു ചെറിയ രാജ്യമാണ് സീഷെൽസ്. ഇന്ത്യൻ പൗരന്മാർക്ക് 90 ദിവസം വരെ രാജ്യത്ത് സ്വതന്ത്രമായി യാത്ര ചെയ്യാൻ അവസരമുണ്ട്. ശാന്തവും ശുചിത്വവുമുള്ളതുമായ ബീച്ചുകളാണ് സീഷെൽസിന്റെ മുഖമുദ്ര. ഒറ്റയ്ക്കോ കുടുംബാംഗങ്ങളുമായോ പങ്കാളിയുമായോ കുറച്ച് സമയം ചെലവഴിക്കാൻ ഏറെ അനുയോജ്യമായ അന്താരാഷ്ട്ര ടൂറിസം ഡെസ്റ്റിനേഷനാണ് സീഷെൽസ്. സ്നോർക്കലിംഗ്, സ്കൂബ ഡൈവിംഗ് പോലുള്ള വാട്ടർ ആക്ടിവിടികൾ സീഷെൽസിൽ ധാരാളമുണ്ട്. റിട്ടേൺ ടിക്കറ്റുകളും ഹോട്ടലുകളിലെ ബുക്കിംഗും മാത്രമാണ് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് നിങ്ങൾ കയ്യിൽ കരുതേണ്ടത്.

5. മൗറീഷ്യസ്

ഇന്ത്യൻ പൗരന്മാർക്ക് വിസയില്ലാതെ സന്ദർശിക്കാൻ സാധിക്കുന്ന മറ്റൊരു സ്വർ​ഗ ഭൂമിയാണ് മൗറീഷ്യസ്. ഇന്ത്യൻ പൗരൻമാർക്ക് ഇവിടേയ്ക്ക് 90 ദിവസത്തെ വിസ രഹിത പ്രവേശനം ലഭിക്കും. ഹണിമൂണിനും കുടുംബമായി പോകാനുമെല്ലാം മൗറീഷ്യസിൽ നിരവധി സ്ഥലങ്ങളുണ്ട്. വെള്ളച്ചാട്ടങ്ങളും തേയിലത്തോട്ടങ്ങളും സന്ദർശിക്കാനും ബോട്ട് സവാരി ആസ്വദിക്കാനും നിങ്ങൾക്ക് അവസരം ലഭിക്കും. ഇന്ത്യൻ ഭക്ഷണവും സംസ്കാരവുമെല്ലാം മൗറീഷ്യസിൽ എളുപ്പത്തിൽ കണ്ടെത്താൻ കഴിയുമെന്നതാണ് മറ്റൊരു പ്രധാന സവിശേഷത.

6. ജമൈക്ക

ബീച്ചുകൾ, വർണ്ണാഭമായ സംസ്കാരം, സംഗീതം എന്നിവയാൽ സമ്പന്നമാണ് ജമൈക്ക. ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് 30 ദിവസത്തെ കാലയളവ് വരെ വിസയില്ലാതെ ജമൈക്കയിലേക്ക് പോകാൻ അനുവാദമുണ്ട്. നിങ്ങൾക്ക് യാത്രയിൽ എന്തെങ്കിലുമൊക്കെ മാറ്റവും പുതിയ അനുഭവങ്ങളും വേണമെങ്കിൽ ജമൈക്കയിലേയ്ക്ക് ധൈര്യമായി പോകാം. പുതിയ ഭക്ഷണങ്ങൾ, സംഗീതോത്സവങ്ങൾ, പ്രകൃതി നടത്തം എന്നിവ ജമൈക്കുടെ സവിശേഷതകളാണ്.

7. എൽ സാൽവഡോർ

മധ്യ അമേരിക്കയിലെ ഒരു ചെറിയ രാജ്യമാണ് എൽ സാൽവഡോർ. ഇന്ത്യൻ പാസ്‌പോർട്ട് ഉടമയ്ക്ക് വിസയില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാനും 90 ദിവസം വരെ രാജ്യത്ത് താമസിക്കാനും കഴിയും. താരതമ്യേന തിരക്ക് കുറഞ്ഞ സ്ഥലമായതിനാൽ തന്നെ ശാന്തമായ ഒരു അവധിക്കാലം ചെലവഴിക്കാൻ നിങ്ങൾക്ക് സാധിക്കും. തടാകങ്ങൾ, ബീച്ചുകൾ, അഗ്നിപർവ്വതങ്ങൾ തുടങ്ങിയ പ്രകൃതി സൗന്ദര്യങ്ങളും ഇവിടെയുണ്ട്. നിങ്ങൾ ഒരു ഓഫ്‌ബീറ്റ് സഞ്ചാരിയാണെങ്കിൽ പുതിയ സംസ്കാരങ്ങളും പാരമ്പര്യങ്ങളും പരിചയപ്പെടാൻ എൽ സാൽവഡോർ ഏറെ അനുയോജ്യമായ ഒരു ഡെസ്റ്റിനേഷൻ തന്നെയാണ്.

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ റദ്ദാക്കൽ: ഇതാ റീഫണ്ട് നിയമങ്ങളും നിങ്ങളുടെ അവകാശങ്ങളും; അറിയേണ്ടതെല്ലാം
'മനോഹരം, എല്ലാമുണ്ട്...'; ഇന്ത്യയെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്തണമെന്ന് യുഎസ് വിനോദ സഞ്ചാരി, വീഡിയോ