
മിക്ക ആളുകളും ഇഷ്ടപ്പെടുന്ന ഒന്നാണ് യാത്ര. പുതിയ സ്ഥലങ്ങൾ കണ്ടെത്താനും പുതിയ അനുഭവങ്ങൾ സ്വന്തമാക്കാനും ആളുകൾ വളരെയേറെ ഇഷ്ടപ്പെടുന്നു. യാത്രകൾ ഇഷ്ടപ്പെടുന്നവര്‍ക്കിടയിൽ തന്നെ സമാധാനം ആഗ്രഹിക്കുന്നവര്‍, സാഹസികത ഇഷ്ടപ്പെടുന്നവര്‍, ബീച്ചുകളോട് താത്പ്പര്യമുള്ളവര്‍ എന്നിങ്ങനെ വ്യത്യസ്ത വിഭാവക്കാരുണ്ട്. ഇതിൽ ഇന്നത്തെ യുവാക്കൾക്കിടയിൽ പ്രകൃതിയെ അടുത്തറിയാൻ സഹായിക്കുന്ന ഒരു ജനപ്രിയ മാർഗമായി ട്രെക്കിംഗ് മാറിയിരിക്കുകയാണ്.
പർവതങ്ങൾ, വെള്ളച്ചാട്ടങ്ങൾ, മനോഹരമായ താഴ്‌വരകൾ എന്നിവയോട് യുവാക്കൾക്ക് താത്പ്പര്യം കൂടിവരികയാണ്. സിനിമകളിലും സുഹൃത്തുക്കൾ പറയുന്ന കഥകളിലുമെല്ലാം സാഹസിക യാത്രകളുണ്ടാകാം. ഇത് ആവേശകരവും സാഹസികവുമാണെന്ന് കേൾക്കുമ്പോൾ തോന്നിയേക്കാം. പക്ഷേ, ട്രെക്കിംഗ് കാണുന്നതുപോലെ അത്ര എളുപ്പമല്ലെന്നതാണ് യാഥാര്‍ത്ഥ്യം. ശാരീരിക ക്ഷമതയ്‌ക്കൊപ്പം, ശരിയായ ആസൂത്രണവും അവബോധവും ഇതിന് ആവശ്യമാണ്.
നിങ്ങൾ ഒരു തുടക്കക്കാരനാണെങ്കിൽ ആദ്യ ട്രെക്കിംഗ് സുരക്ഷിതവും ആസ്വാദ്യകരവുമായി മാറേണ്ടതുണ്ട്. തുടക്കക്കാര്‍ ആദ്യ ട്രെക്കിംഗിൽ നേരിടാൻ സാധ്യതയുള്ള ചില പ്രശ്നങ്ങളുണ്ട്. അവ ഒഴിവാക്കാൻ സഹായിക്കുന്ന ലളിതമായ 8 കാര്യങ്ങളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.
1. മെഡിക്കൽ പരിശോധന
നിങ്ങള്‍ ആദ്യമായാണ് ട്രെക്കിംഗിന് തയ്യാറെടുക്കുന്നതെങ്കിൽ പ്രധാനമായും ചെയ്യേണ്ടത് പോകുന്നതിന് മുമ്പ് ഒരു ഡോക്ടറെ സമീപിക്കുക എന്നതാണ്. ഉയർന്ന സ്ഥലങ്ങളിലേയ്ക്ക് പോകുമ്പോൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ ലളിതമായ ഒരു മെഡിക്കൽ പരിശോധന നടത്തേണ്ടത് അനിവാര്യമാണ്.
2. ട്രെക്കിംഗ് റൂട്ട്
നിങ്ങൾ പോകാന്‍ തയ്യാറെടുക്കുന്ന ട്രെക്കിംഗ് സ്പോട്ടിനെ കുറിച്ചുള്ള വിശദമായ വിവരങ്ങൾ ആദ്യം തന്നെ ശേഖരിക്കുക. റൂട്ട്, ഭൂപ്രദേശം, കാലാവസ്ഥ, പ്രാദേശിക സംസ്കാരം, എമര്‍ജൻസി കോൺടാക്റ്റുകൾ, ലഭ്യമായ സൗകര്യങ്ങൾ എന്നിവ മനസിലാക്കിയിരിക്കണം. ട്രെക്കിംഗിനിടെയുള്ള ഏത് അപ്രതീക്ഷിത സാഹചര്യത്തെയും നേരിടാൻ ഇത് നിങ്ങളെ സഹായിക്കും.
3. ബാക്ക്പാക്ക്
പെട്ടെന്ന് പെയ്യുന്ന മഴയിൽ നിന്നോ അല്ലെങ്കിൽ വെള്ളച്ചാട്ടങ്ങളിൽ നിന്നോ നിങ്ങളുടെ അവശ്യവസ്തുക്കളെ സംരക്ഷിക്കാൻ നല്ല നിലവാരമുള്ള വാട്ടർപ്രൂഫ് ബാക്ക്പാക്ക് തന്നെ വാങ്ങുക. നിങ്ങളുടെ ബാഗ് വാട്ടർപ്രൂഫ് അല്ലെങ്കിൽ, നിങ്ങളുടെ സാധനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ വലിയ പ്ലാസ്റ്റിക് ബാഗുകളോ കവറോ കയ്യിൽ കരുതുക. (പ്ലാസ്റ്റിക് അലക്ഷ്യമായി വലിച്ചെറിയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുമല്ലോ).
4. പാക്കിംഗ്
ധാരാളം കയറ്റങ്ങളും ദുര്‍ഘടമായ വഴികളുമെല്ലാം ഏതൊരു ട്രെക്കിംഗിലുമുണ്ടാകും. അതിനാൽ അത്യാവശ്യ സാധനങ്ങൾ മാത്രം കൊണ്ടുപോകുക. ഓവർ പാക്കിംഗ് നിങ്ങളുടെ വേഗത കുറയ്ക്കുമെന്ന് മാത്രമല്ല പെട്ടെന്ന് ക്ഷീണിപ്പിക്കുകയും ചെയ്യും. ഭാരം കുറഞ്ഞതും നന്നായി ചിട്ടപ്പെടുത്തിയതുമായ ഒരു ബാഗ് നിങ്ങളുടെ യാത്ര ആയാസകരവും സുഖകരവുമാക്കുന്നു.
5. ഭക്ഷണവും വെള്ളവും
വെള്ളം, എനർജി ബാറുകൾ, ഡ്രൈ ഫ്രൂട്ട്‌സ്, അല്ലെങ്കിൽ പഴങ്ങൾ എന്നിവ ട്രെക്കിംഗ് സമയത്ത് കൈവശമുണ്ടാകുന്നത് നല്ലതാണ്. ഇവ ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും. ദീർഘദൂര യാത്രകളിൽ നിർജ്ജലീകരണവും ക്ഷീണവും സാധാരണമാണ്. ക്ഷീണം അനുഭവപ്പെടുന്ന സാഹചര്യത്തിൽ വെള്ളത്തിൽ കലർത്താൻ ഇലക്ട്രോലൈറ്റ് സാച്ചെറ്റുകളും കൊണ്ടുപോകാം.
6. സോളോ ട്രെക്കുകൾ
നിങ്ങൾ ആദ്യമായി ട്രെക്കിംഗ് നടത്തുകയാണെങ്കിൽ ഒരിക്കലും ഒറ്റയ്ക്ക് പോകരുത്. എല്ലായ്പ്പോഴും ഒരു ഗ്രൂപ്പിലോ പരിചയസമ്പന്നരായ ട്രെക്കർമാർക്കൊപ്പമോ പോകുക. ഇത് സുരക്ഷിതത്വം ഉറപ്പാക്കാനും ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ മികച്ച തീരുമാനമെടുക്കാൻ സഹായിക്കുകയും ചെയ്യും. ഒറ്റയ്ക്ക് അപരിചിതമായ സ്ഥലത്ത് അകപ്പെട്ടുപോയാൽ ആദ്യ യാത്ര തന്നെ നിങ്ങളെ നിരാശരാക്കിയേക്കാം.
7. ട്രെക്കിംഗ് ഷൂസ്
ഏതൊരു ട്രെക്കിംഗിലും പാദരക്ഷകൾ വളരെ പ്രധാനമാണ്. പാറക്കെട്ടുകളോ വഴുക്കലുള്ളതോ ആയ പാതകളിൽ സഞ്ചരിക്കാൻ സഹായിക്കുന്നതിന് നല്ല ഗ്രിപ്പുള്ളതും സുഖപ്രദവുമായ ട്രെക്കിംഗ് ഷൂസുകൾ മാത്രം ധരിക്കുക. മഴയോ നനഞ്ഞ പ്രതലങ്ങളോ ഉള്ളപ്പോൾ വെള്ളത്തെ പ്രതിരോധിക്കുന്ന ഷൂസ് നിങ്ങളുടെ മുന്നോട്ടുള്ള യാത്ര കൂടുതൽ എളുപ്പമാക്കും.
8. വിശ്രമം
ഒരിക്കലും ട്രെക്കിംഗിനിടെ വിശ്രമിക്കാതിരിക്കരുത്. നിർത്താതെ നടന്ന് ക്ഷീണിതരായാൽ അത് മുന്നോട്ടുള്ള യാത്ര അത്യന്തം ബുദ്ധിമുട്ടേറിയ ഒന്നാക്കി മാറ്റും. നിങ്ങളുടെ പേശികൾക്ക് വിശ്രമം നൽകാനും വീണ്ടും ഊർജ്ജസ്വലത കൈവരിക്കാനും ഓരോ മണിക്കൂറിലും 10-12 മിനിറ്റെങ്കിലും ഇടവേള എടുക്കുക. ഈ ഇടവേളകൾ നിങ്ങളുടെ ചുറ്റുമുള്ള പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ വിനിയോഗിക്കുകയും ചെയ്യാം. ക്ഷീണം തോന്നിയാൽ വൈകാതെ തന്നെ വിശ്രമിക്കുക. ക്ഷീണം തോന്നിയെങ്കിൽ ഒരിക്കലും കൂടെയുള്ളവരുടെ ഒപ്പമെത്താനോ അവരുടെ മുന്നിലെത്താനോ ശ്രമിക്കാതെ നിങ്ങളുടെ ആവശ്യം അറിയിക്കുന്നതാണ് ഉത്തമം.