ഗോവയിൽ പോയി വൈബടിക്കാൻ ബെസ്റ്റ് ടൈം! ഇപ്പോൾ പോയാൽ ഗുണങ്ങളേറെ

Published : Jun 26, 2025, 01:14 PM IST
Goa

Synopsis

വലിയ തിരക്കുകളില്ലാതെ ഗോവയിലെ സ്ഥലങ്ങൾ കാണാനും സമയം ചെലവഴിക്കാനും അനുയോജ്യമായ സമയമാണിത്. 

ഇന്ത്യയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഗോവ. എല്ലാ വര്‍ഷവും ലക്ഷക്കണക്കിന് ആളുകളാണ് ഗോവ സന്ദര്‍ശിക്കുന്നത്. എന്നാൽ, മൺസൂൺ കാലത്ത് ഗോവ എത്രത്തോളം സുന്ദരിയാണെന്ന കാര്യം പലര്‍ക്കും അറിയില്ല. മഴക്കാലത്ത് ഗോവയിലെത്തിയാൽ വലിയ തിരക്കുകളില്ലാതെ മികച്ച രീതിയിൽ കാഴ്ചകൾ കണ്ട് അടിച്ചുപൊളിക്കാൻ സാധിക്കും.

ഗോവയില്‍ എപ്പോഴും സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെടാറുണ്ട്. എന്നാൽ, മൺസൂൺ കാലത്ത് കാര്യങ്ങൾ വ്യത്യസ്തമാണ്. ഈ സമയം ഗോവയിൽ തിരക്ക് കുറവായിരിക്കും. അതിനാൽ തന്നെ ഗോവയിലെ സ്ഥലങ്ങളെല്ലാം സമാധാനമായി കാണാനും സമയം ചെലവിടാനും സാധിക്കും.

കേരളവുമായി താരതമ്യം ചെയ്യുമ്പോൾ ഏറെക്കുറെ സമാനമായ രീതിയിൽ പച്ചപ്പ് നിറഞ്ഞ സ്ഥലമാണ് ഗോവ. അതിനാൽ തന്നെ മഴക്കാലത്ത് ഗോവയുടെ പ്രകൃതി ഭംഗി കൂടുതൽ വര്‍ധിക്കും. പച്ചപ്പ് നിറഞ്ഞ ഗോവയുടെ ഭംഗി ആസ്വദിക്കാൻ ഇതിലും മികച്ച സമയം വേറെയില്ല.

സീസണ്‍ സമയത്ത് ഗോവയിലെത്തിയാൽ ചെലവ് കൂടുതലാണെന്ന കാര്യം എല്ലാവര്‍ക്കുമറിയാം. എന്നാൽ, മൺസൂണ്‍ കാലത്ത് ഗോവയിലെത്തിയാൽ കുറഞ്ഞ ചെലവിൽ അടിച്ചുപൊളിക്കാം. താമസത്തിനും ഭക്ഷണത്തിനുമെല്ലാം ചെലവ് കുറവായതിനാൽ കീശ കാലിയാകാതെ ഗോവ എക്സ്പ്ലോര്‍ ചെയ്യാൻ സാധിക്കും.

ഗോവയിലെ ദുത്സാഗര്‍, ഹര്‍വെലം, തമ്പ്ഡി സുര്‍ല തുടങ്ങിയ വെള്ളച്ചാട്ടങ്ങളെല്ലാം നിറഞ്ഞൊഴുകുന്ന സമയമാണിത്. മഴക്കാലത്ത് ഈ മനോഹരമായ വെള്ളച്ചാട്ടങ്ങളുടെ കാഴ്ച ഏതൊരു സഞ്ചാരിയുടെയും മനസ് നിറയ്ക്കും.

മൺസൂണിൽ ഗോവയിലെ വനമേഖലകളും പച്ച പുതയ്ക്കും. ഭഗവാൻ മഹാവീര്‍, ഡോ. സലീം അലി തുടങ്ങിയ പക്ഷി സങ്കേതങ്ങൾ സന്ദര്‍ശിക്കാൻ അനുയോജ്യമായ സമയമാണിത്.

ഗോവയെന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം മനസിലേയ്ക്ക് എത്തുക ബീച്ചുകളായിരിക്കും. മഴക്കാലത്ത് ബീച്ചുകളിൽ തിരക്ക് നന്നേ കുറവായിരിക്കും. ചെറിയ മഴ ആസ്വദിച്ച് ഗോവൻ ബീച്ചുകളിലൂടെയുള്ള നടത്തം നൽകുന്ന അനുഭവം ഒന്ന് വേറെ തന്നെയാണ്.

മൺസൂൺ എത്തുന്നതോടെ ഗോവയിലെ സുഗന്ധവ്യഞ്ജന കൃഷികൾ സജീവമാകും. മൺസൂണിൽ ഗോവയിലെത്തിയാൽ സമൃദ്ധമായ സുഗന്ധവ്യഞ്ജന തോട്ടങ്ങൾ സന്ദര്‍ശിക്കാൻ സഞ്ചാരികൾക്ക് അവസരം ലഭിക്കും.

PREV
Read more Articles on
click me!

Recommended Stories

ഇനി ഒരു മൃഗം ഹൈവേയിൽ വന്നാൽ മൊബൈലിൽ ഒരു അലേർട്ട് വരും; ദേശീപാതാ അതോറിറ്റിയുടെ സൂപ്പർ പ്രോജക്റ്റ്!
958 കിലോമീറ്റർ സഞ്ചരിക്കാൻ ഇത്ര മണിക്കൂർ മാത്രം; അമ്പരപ്പിക്കും സ്‍പീഡും സുരക്ഷയും! രാജ്യത്തെ ആദ്യ സ്ലീപ്പർ വന്ദേ ഭാരത് വിശേഷങ്ങൾ