ഈദ് അവധിയും ഞായറാഴ്ചയും; വയനാട്ടിലേയ്ക്കാണോ? എങ്കിൽ പണി കിട്ടിയേക്കും!

Published : Jun 07, 2025, 06:47 PM IST
Wayanad

Synopsis

ഈദ് അവധിയും അടുത്ത ദിവസം ഞായറാഴ്ചയുമായതിനാല്‍ ചുരത്തിൽ തിരക്ക് അനുഭവപ്പെടാൻ സാധ്യത കൂടുതലാണ്.

കോഴിക്കോട്: ശനിയാഴ്ച ഈദ് അവധിയും അടുത്ത ദിവസം ഞായറാഴ്ചയുമായതിനാൽ യാത്രകൾക്ക് പദ്ധിതിയിടുന്നവർ ഏറെയാണ്. എന്നാൽ, വയനാട്ടിലേയ്ക്കാണ് യാത്രയെങ്കിൽ ചില കാര്യങ്ങൾ അറിയേണ്ടതുണ്ട്. തിരക്ക് കണക്കിലെടുത്ത് താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ചുരം കയറിയുള്ള യാത്രയ്ക്ക് ഇന്ന് രാത്രി 7 മണി മുതല്‍ സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി താമരശ്ശേരി പൊലീസ് അറിയിച്ചു. ഈ സമയം മുതല്‍ ചുരത്തില്‍ അനധികൃത പാര്‍ക്കിങ്ങിനും കൂട്ടം കൂടി നില്‍ക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

രണ്ട് ദിവസം അടുപ്പിച്ച് അവധി ലഭിച്ച സാഹചര്യത്തിൽ താമരശ്ശേരി ചുരം കടന്ന് വയനാടിന്റെ ഭംഗി ആസ്വദിക്കാൻ എത്തുന്നവരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടാകാൻ സധ്യതയുണ്ട്. വിനോദ സഞ്ചാരികള്‍ വാഹനങ്ങളില്‍ കൂട്ടമായി എത്തി ചുരത്തില്‍ ഗതാഗത തടസ്സം ഉണ്ടാവാന്‍ സാധ്യതയുള്ളതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നും നിയന്ത്രണം അര്‍ദ്ധരാത്രി വരെ തുടരുമെന്നും പൊലീസ് അറിയിച്ചു. മാത്രമല്ല, അവധിയായതിനാൽ തന്നെ വയനാട്ടിലെ ഹോട്ടലുകളിൽ താമസ സൌകര്യം ലഭിക്കാനും ബുദ്ധിമുട്ടായേക്കും. അവധി ദിനങ്ങളിൽ കോഴിക്കോട് ഉൾപ്പെടെയുള്ള സമീപ ജില്ലകളിൽ നിന്ന് നിരവധിയാളുകളാണ് കുടുംബസമേതവും സുഹൃത്തുക്കൾക്കൊപ്പവുമെല്ലാം വയനാട്ടിലേയ്ക്ക് എത്തുന്നത്. 

പശ്ചിമഘട്ടത്തിന് കുറുകെ സ്ഥിതി ചെയ്യുന്ന ഒരു ചുരമാണ് താമരശ്ശേരി ചുരം. ഇത് ദേശീയപാത 766 ന്റെ ഭാഗമാണ്. താമരശ്ശേരിക്കടുത്ത് അടിവാരത്തുനിന്ന് തുടങ്ങുന്ന 12 കിലോമീറ്ററോളം ദൈർഘ്യമുള്ള ഈ വഴിയിൽ കഠിനമായ 9 ഹെയർപിൻ വളവുകളാണുള്ളത്. ഈ പാത അവസാനിക്കുന്ന വയനാട് ജില്ലയിലെ ലക്കിടിയിൽ എത്തുമ്പോഴേക്കും സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 2,625 അടി മുകളിൽ എത്തുന്നു.

ഒമ്പതാമത്തെ ഹെയർപിൻ വളവിലെ വ്യൂ പോയന്റിൽ നിന്ന് പടിഞ്ഞാറോട്ട് നോക്കിയാൽ കോഴിക്കോട് ജില്ലയുടെ മൊത്തത്തിലുള്ള ആകാശദൃശ്യം കാണാനാകും. സൂര്യാസ്തമയവും 55 കിലോമീറ്റർ അകലെയുള്ള കടൽപ്പരപ്പും അപൂർവ്വമായി കാണാറുണ്ട്. ദിവസവും നിരവധി യാത്രക്കാരാണ് വയനാടിന്റെ ഈ ദൃശ്യഭാഗി ആസ്വദിക്കാനായി ചുരം കയറുന്നത്.

PREV
Read more Articles on
click me!

Recommended Stories

80,000 കിമി, 26 രാജ്യങ്ങൾ, ലയണൽ മെസ്സിയുടെ ലോകകപ്പ് വിജയം വരെ കണ്ടു; മടക്കയാത്രയിൽ കേരളത്തിന്‍റെ 'സോളോ മോം'
ട്രെയിൻ ടിക്കറ്റ് വെയിറ്റിംഗ് ലിസ്റ്റ് ആകുമ്പോൾ കൺഫ്യൂഷൻ വേണ്ട; ഈ കണക്കും ഫോർമുലയും അറിഞ്ഞു വയ്ക്കാം..