
ദില്ലി: അഹമ്മദാബാദ് വിമാനാപകടത്തിന്റെ ഞെട്ടലിൽ നിന്ന് രാജ്യം ഇനിയും മോചിതമായിട്ടില്ല. ജൂൺ 12ന് എയർ ഇന്ത്യ വിമാനം തകർന്നുവീണുണ്ടായ ദുരന്തത്തിൽ 275 പേരാണ് മരിച്ചത്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് അപകടത്തിലുണ്ടായ മരണങ്ങളുടെ ഔദ്യോഗികമായ കണക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം പുറത്തുവിട്ടത്.
മലയാളിയായ രഞ്ജിതയും വിദേശികളും സ്വദേശികളുമായി വിമാനത്തിലുണ്ടായിരുന്ന 241 പേർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. ജനവാസ മേഖലയിൽ വിമാനം തകർന്നുവീണ് പ്രദേശവാസികളായ മറ്റ് 34 പേരും മരിച്ചു. എയർ ഇന്ത്യയുടെ ഡ്രീംലൈനർ ഐ എക്സ് 787-8 വിമാനം ടേക്ക് ഓഫ് ചെയ്ത് സെക്കൻഡുകൾക്കുള്ളിൽ തകർന്നുവീഴുകയായിരുന്നു. സമീപത്തുള്ള മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്കാണ് വിമാനം തകർന്നുവീണത്. അപകട സമയത്ത് വിമാനത്തിൽ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയടക്കം 242 പേരുണ്ടായിരുന്നു. ഒരു യാത്രക്കാരനൊഴികെ മറ്റെല്ലാവരും ദുരന്തത്തിൽ മരിച്ചു.
അഹമ്മദാബാദിലെ വിമാനാപകടത്തിന് പിന്നാലെ വിമാനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് വലിയ ആശങ്കയാണ് ഉയര്‍ന്നത്. സമീപകാലത്തുണ്ടായ വിമാന ദുരന്തങ്ങളെല്ലാം ഈ ആശങ്കയുടെ ആഴം വര്‍ധിപ്പിക്കുന്നവയാണ്. പലപ്പോഴും വിമാനയാത്രകൾക്ക് തയ്യാറെടുക്കുമ്പോൾ പലരും യാത്ര ചെയ്യാൻ പോകുന്ന വിമാനത്തിന്റെ പഴക്കം ഉൾപ്പെടെയുള്ള കാര്യങ്ങള്‍ തിരക്കാറില്ല. എന്നാൽ, നിങ്ങൾ യാത്രയ്ക്ക് തിരഞ്ഞെടുക്കുന്ന വിമാനത്തിന്റെ പഴക്കം വെറും 1 മിനിട്ടിനുള്ളിൽ അറിയാൻ സാധിക്കും. അത് എങ്ങനെയാണെന്ന് നോക്കാം.
10 വര്‍ഷം വരെ പ്രായം ചെയ്യ വിമാനങ്ങള്‍ പൊതുവെ പുതിയതായാണ് കണക്കാക്കുക. 10 മുതൽ 20 വര്‍ഷം വരെ പ്രായം ചെന്ന വിമാനമാണെങ്കിൽ സ്റ്റാൻഡേര്‍ഡ് എയര്‍ക്രാഫ്റ്റ് കാറ്റഗറിയിലാണ് ഉൾപ്പെടുത്താറുള്ളത്. 20 വര്‍ഷത്തിലേറെ പ്രായമുള്ള വിമാനമാണെങ്കിൽ അവ പഴക്കം ചെന്നതായി വിലയിരുത്താമെന്നാണ് പാരാമൗണ്ട് ബിസിനസ് ജെറ്റ്സ് പറയുന്നത്.
വിമാനങ്ങളുടെ പ്രായം എങ്ങനെ കണക്കാക്കാം
നിങ്ങളുടെ വിമാന ടിക്കറ്റിൽ നിന്നോ ബോര്‍ഡിംഗ് പാസിൽ നിന്നോ ഇമെയിലിൽ ലഭിച്ച ബുക്കിംഗ് കൺഫര്‍മേഷനിൽ നിന്നോ ഫ്ലൈറ്റ് നമ്പര്‍ കണ്ടെത്തുക. സാധാരണയായി രണ്ട് അക്ഷരങ്ങളും മൂന്ന് അക്കങ്ങളുമാണ് ഫ്ലൈറ്റ് നമ്പറായി രേഖപ്പെടുത്തുക. ചിലപ്പോഴെല്ലാം നാല് അക്കങ്ങളും ഉണ്ടാകാറുണ്ട്. ഉദാഹരണത്തിന് AI302, 6E203, UK981 എന്നീ രീതിയിലാകും ഫൈറ്റ് നമ്പര്‍.
ഫ്ലൈറ്റ് നമ്പര്‍ ഉപയോഗിച്ച് വിമാനത്തിന്റെ രജിസ്ട്രേഷൻ നമ്പര്‍ കണ്ടെത്താം. ഇന്ത്യയിൽ സാധാരണയായി "VT-" എന്നാണ് വിമാന രജിസ്ട്രേഷൻ നമ്പറുകളുടെ തുടക്കം. ഉദാഹരണത്തിന് VT-EXA, VT-ANU, SG-4001.
താഴെ പറയുന്ന പ്ലാറ്റ്ഫോമുകളിൽ നിന്ന് വിമാനങ്ങളുമായി ബന്ധപ്പെട്ട രജിസ്ട്രേഷൻ നമ്പര്‍, മോഡൽ, തത്സമയ ലൊക്കേഷൻ തുടങ്ങിയ വിവരങ്ങൾ ശേഖരിക്കാം.
രജിസ്ട്രേഷൻ നമ്പര്‍ ലഭിച്ചു കഴിഞ്ഞാൽ Airfleets.net അല്ലെങ്കിൽ Planespotters.net എന്നീ സൈറ്റുകളിൽ നിന്ന് നിങ്ങളുടെ വിമാനവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭ്യമാകും. എപ്പോഴാണ് വിമാനം നിര്‍മ്മിച്ചത്, ഏത് എയര്‍ലൈനാണ് ഈ വിമാനം മുമ്പ് ഉപയോഗിച്ചിരുന്നത് തുടങ്ങിയ വിവരങ്ങളെല്ലാം നിങ്ങൾക്ക് ലഭിക്കും. മേൽപ്പറഞ്ഞ കണക്കുകൾ പ്രകാരം വിമാനം പഴയതാണെന്ന് കരുതി അത് സുരക്ഷിതമല്ലെന്ന് അര്‍ത്ഥമില്ലെന്ന കാര്യം പ്രത്യേകം ഓര്‍ക്കുക.