
ഷിംല: ഹിമാചൽ പ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു. മാണ്ഡി ജില്ലയെയാണ് അതിശക്തമായ മഴ ഏറ്റവും കൂടുതൽ ബാധിച്ചത്. 48 മണിക്കൂർ തുടർച്ചയായി മഴ പെയ്തതിനാൽ മാണ്ഡിയിൽ വെള്ളപ്പൊക്കമുണ്ടായി. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
മാണ്ഡി, ഷിംല, കുളു, കാംഗ്ര, സിർമൗർ എന്നിവിടങ്ങളിൽ തുടർച്ചയായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മാണ്ഡിയിലെ കനത്ത മഴയിൽ പത്തിലധികം പേർ മരിക്കുകയും 30ലധികം പേരെ കാണാതാകുകയും ചെയ്തെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ ബിയാസ്, സുകേതി, ജയുനി ഖാദ് എന്നിവയുൾപ്പെടെയുള്ള നദികൾ കരകവിഞ്ഞൊഴുകുകയാണ്.
പേമാരി കാരണം പാണ്ഡോ അണക്കെട്ട് തുറന്നുവിടേണ്ടി വരുന്ന സാഹചര്യം പോലുമുണ്ടായി. 1,57,000 ക്യുസെക്സ് വെള്ളമാണ് തുറന്നുവിട്ടത്. ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകളുടെ സഹായത്തോടെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ നിന്ന് 300 ലധികം ആളുകളെ ഒഴിപ്പിച്ചു. മാണ്ഡി, ഹാമിർപൂർ, കാംഗ്ര ജില്ലകളിലെ സ്കൂളുകളും കോളേജുകളും അടച്ചിട്ടിരിക്കുകയാണ്.
ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും അവശ്യ സേവനങ്ങൾ പുനഃസ്ഥാപിക്കുകയും ചെയ്യുക എന്നതാണ് സർക്കാരിന്റെ പ്രഥമ പരിഗണനയെന്ന് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു പറഞ്ഞു. ഉയർന്ന അപകടസാധ്യതയുള്ള മേഖലകളിലേക്കുള്ള യാത്ര, പ്രത്യേകിച്ച് നദീതീരങ്ങളിലേക്കും മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലേക്കും യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.