ഇന്ത്യയിൽ നമ്പർ വൺ; ഏറ്റവും കൂടുതൽ സന്ദർശകരുള്ള ട്രാവൽ വെബ്സൈറ്റായി കേരള ടൂറിസം

Published : Jun 12, 2025, 10:44 AM ISTUpdated : Jun 12, 2025, 10:45 AM IST
Kerala Tourism

Synopsis

ആഗോള റാങ്കിംഗിൽ ട്രാവൽ സൈറ്റുകളിൽ രണ്ടാം സ്ഥാനത്താണ് കേരള ടൂറിസം. 

തിരുവനന്തപുരം: ഇന്ത്യൻ സംസ്ഥാനങ്ങളിലെ ടൂറിസം വെബ്സൈറ്റുകളിലെ സന്ദർശകരുടെ എണ്ണത്തിൽ കേരളത്തിന് ഒന്നാംസ്ഥാനം. അന്താരാഷ്ട്ര വെബ് ട്രാഫിക് വിശകലന സൈറ്റായ സിമിലർ വെബ്ബിൻറെ റാങ്കിംഗിലാണ് കേരള ടൂറിസം വെബ്സൈറ്റ് (keralatourism.org) ഒന്നാമതെത്തിയത്. ഭാരത സർക്കാരിൻറെ ഇൻക്രെഡിബ്ൾ ഇന്ത്യ വെബ്സൈറ്റാണ് രണ്ടാം സ്ഥാനത്ത്.

ആഗോള റാങ്കിംഗിൽ ട്രാവൽ സൈറ്റുകളിൽ രണ്ടാം സ്ഥാനത്താണ് കേരളം. വിവിധ രാജ്യങ്ങളുടെ ടൂറിസം സൈറ്റുകളുടെ റാങ്കിംഗിലും ടൂറിസം ഇൻഡസ്ട്രി വിഭാഗത്തിലും കേരളം രണ്ടാം സ്ഥാനത്തെത്തി. ഈ മൂന്ന് വിഭാഗങ്ങളിലും തായ്ലാൻറ് ടൂറിസമാണ് ഒന്നാമത്. മൂന്ന് മുതൽ അഞ്ച് വരെ സ്ഥാനങ്ങളിൽ യഥാക്രമം വിയറ്റ്നാമും ഇൻക്രഡിബിൾ ഇന്ത്യയും ഇന്തോനേഷ്യയുമാണ്.

2007 ൽ ആരംഭിച്ച സിമിലർ വെബ് ഡോട്ട് കോം വെബ് ട്രാഫിക് വിശകലനത്തിന് അന്താരാഷ്ട്ര അംഗീകാരം നേടിയ സൈറ്റ് ആണ്. ഗൂഗിൾ വിശകലനമനുസരിച്ച് 60 ലക്ഷം പേർ കേരള ടൂറിസം വെബ്സൈറ്റിൽ ഇക്കാലയളവിൽ 79 ലക്ഷത്തോളം സന്ദർശനങ്ങൾ നടത്തിയിട്ടുണ്ട്. അവരെല്ലാം ചേർന്ന് കണ്ടിരിക്കുന്നത് ഒന്നരക്കോടിയിലധികം വെബ്പേജുകളാണ്.

ആഗോള ടൂറിസം ഡെസ്റ്റിനേഷൻ എന്ന നിലയിലുള്ള കേരളത്തിൻറെ പ്രാധാന്യത്തിനും വിനോദസഞ്ചാരികൾക്കിടയിലെ സ്വീകാര്യതയ്ക്കും ലഭിച്ച അംഗീകാരമാണ് വെബ്സൈറ്റ് റാങ്കിംഗിലെ നേട്ടമെന്ന് ടൂറിസം-പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസം വികസനത്തിൽ ഡിജിറ്റൽ പ്രചാരണത്തിൻറെ പ്രാധാന്യം സംസ്ഥാനം തിരിച്ചറിഞ്ഞിട്ടുണ്ട്. യാത്രികരുടെ മാറുന്ന അഭിരുചി തിരിച്ചറിഞ്ഞാണ് നൂതന പദ്ധതികളും ഉത്പന്നങ്ങളും കേരള ടൂറിസം നടപ്പാക്കുന്നത്. ആകർഷകമായി രൂപകൽപ്പന ചെയ്ത വെബ്സൈറ്റിലൂടെ സംസ്ഥാനത്തെ ടൂറിസം പ്രവർത്തനങ്ങളെക്കുറിച്ചുള്ള സമഗ്രവിവരങ്ങൾ ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഏകദേശം 58 ലക്ഷത്തോളം ഉപയോക്താക്കൾ സെർച്ചിലൂടെയാണ് കേരള ടൂറിസം സൈറ്റിലെത്തിയത്. 10 ലക്ഷത്തിലധികം ആളുകൾ കേരള ടൂറിസം ഒആർജി എന്ന് ടൈപ്പ് ചെയ്ത് സൈറ്റിലെത്തി. 10 ലക്ഷത്തോളം സന്ദർശകർ പരസ്യങ്ങളിലൂടെ എത്തി. ഇരുന്നൂറോളം രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർ വെബ്സൈറ്റിലെത്തുന്നുണ്ട്. ഹോം പേജിന് പുറമേ താമസ സൗകര്യങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ടൂർ പാക്കേജുകൾ, ഹെലി ടൂറിസം, വെഡ്ഡിങ് ഡെസ്റ്റിനേഷൻ, ഉത്സവ കലണ്ടർ, തെയ്യം കലണ്ടർ, യോഗ തുടങ്ങിയ പേജുകളിലും ധാരാളം സന്ദർശകർ എത്തുന്നുണ്ട്.

ഒരു ലക്ഷത്തിലേറെ പേജുകളാണ് കേരള ടൂറിസം വെബ്സൈറ്റിലുള്ളത്. ഉയർന്ന റെസല്യൂഷൻ ചിത്രങ്ങളും ആകർഷകമായ വീഡിയോകളും ലേ ഔട്ടും സൈറ്റിൻറെ പ്രത്യേകതയാണ്. യാത്രാ പ്ലാനർ, ലൈവ് വെബ് കാസ്റ്റുകൾ, ഇ-ന്യൂസ് ലെറ്ററുകൾ തുടങ്ങിയവയും ഇതിലുണ്ട്. 20-ലധികം ഭാഷകളിൽ ലഭ്യമായ ഇത് കേരളത്തിൻറെ അതുല്യ ആകർഷണങ്ങൾ, സംസ്കാരം, യാത്ര എന്നിവ ഉൾക്കൊള്ളുന്ന സമഗ്ര ഡിജിറ്റൽ ഗൈഡാണ്. കേരള ടൂറിസത്തിൻറെ ഔദ്യോഗിക ഐടി സൊല്യൂഷൻ പങ്കാളിയായ ഇൻവിസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് വെബ്സൈറ്റിൻറെ രൂപകല്പനയും പരിപാലനവും ചെയ്തുകൊണ്ടിരിക്കുന്നത്.

ഏഷ്യ-പസഫിക്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ മികച്ച 10 ടൂറിസം വെബ്സൈറ്റുകളിൽ ഒന്നായി കേരള ടൂറിസം സൈറ്റ് നേരത്തെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. 2023-24 കാലഘട്ടത്തിൽ ഒരു കോടിയോളം സന്ദർശകരും രണ്ട് കോടിയിലേറെ പേജ് വ്യൂസും സൈറ്റ് രേഖപ്പെടുത്തി.

PREV
Read more Articles on
click me!

Recommended Stories

ട്രെയിൻ ടിക്കറ്റ് വെയിറ്റിംഗ് ലിസ്റ്റ് ആകുമ്പോൾ കൺഫ്യൂഷൻ വേണ്ട; ഈ കണക്കും ഫോർമുലയും അറിഞ്ഞു വയ്ക്കാം..
ഇൻഡിഗോ റദ്ദാക്കൽ: ഇതാ റീഫണ്ട് നിയമങ്ങളും നിങ്ങളുടെ അവകാശങ്ങളും; അറിയേണ്ടതെല്ലാം