പുത്തൂർ സൂവോളജിക്കൽ പാർക്കിനുള്ളിൽ കെഎസ്ആർടിസിയുടെ ബസ് സർവ്വീസ്; ഒരുക്കങ്ങൾ പുരോ​ഗമിക്കുന്നു

Published : Jul 02, 2025, 10:57 AM IST
Puthur Zoological Park

Synopsis

പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിക്കാൻ സഹായിക്കുന്ന തരത്തിലാകും കെഎസ്ആര്‍ടിസി ബസ് സർവ്വീസ്.

തൃശൂർ: പുത്തൂർ സൂവോളജിക്കൽ പാർക്കിൽ കെഎസ്ആർടിസി ഇലക്ട്രിക് ബസ്സുകളുടെ സേവനം ഉപയോഗപ്പെടുത്തും. ഇതിന്റെ ഭാഗമായി അടുത്തിടെ സാധ്യതാ പരിശോധന നടത്തിയിരുന്നു. റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജന്റെ നേതൃത്വത്തിൽ കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ പ്രമോജ് ശങ്കർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ ജനപ്രതിനിധി സംഘം സ്ഥലത്ത് നേരിട്ടെത്തിയാണ് പരിശോധന നടത്തിയിരുന്നത്.

പുത്തൂർ സുവോളജിക്കൽ പാർക്ക് ജനങ്ങൾക്ക് തുറന്നുനൽകുമ്പോൾ കൂടുതൽ യാത്രാ സൗകര്യങ്ങൾ പാർക്കിനകത്ത് ഒരുക്കുന്നതിനായി കെഎസ്ആർടിസി ഇലക്ട്രിക് ബസ്സുകൾ ഉപയോഗിക്കുന്നത് സംബന്ധിച്ച് ഒരു ആലോചനാ യോഗം തിരുവനന്തപുരത്ത് ചേർന്നിരുന്നു. റവന്യൂ മന്ത്രി അഡ്വ. കെ രാജൻ, വനം മന്ത്രി എ. കെ ശശീന്ദ്രൻ, ഗതാഗത മന്ത്രി കെ. ബി ഗണേഷ്കുമാർ തുടങ്ങിയവർക്കൊപ്പം റവന്യൂ, വനം, ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ കൂടി പങ്കെടുത്ത ആലോചനാ യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സാധ്യതാ പരിശോധന നടത്തിയത്.

6.5 കിലോമീറ്റർ ചുറ്റളവുള്ള പാർക്കിൽ നടന്ന് കാണുക എന്നത് ബുദ്ധിമുട്ടുള്ളവർക്കായിക്കൂടിയാണ് ബസ് സേവനങ്ങൾ ഒരുക്കുന്നത്. ടിക്കറ്റ് കൗണ്ടറിനടുത്ത് നിന്ന് ആരംഭിക്കുന്ന ബസ് പാർക്കിനകത്തു കൂടി യാത്ര ചെയ്യും. പാർക്കിനകത്തെ പ്രത്യേക പോയിന്റുകളിൽ ആളുകൾക്ക് ബസ്സിൽ നിന്ന് ഇറങ്ങുവാനും കയറുവാനുമുള്ള സൗകര്യം ഉണ്ടാകും. ഇതുവഴി ഒരു തവണ ബസ്സ് ടിക്കറ്റ് എടുക്കുന്ന ഒരാൾക്ക് ബസ്സിൽ കയറി ഓരോ പോയിന്റുകളിൽ ഇറങ്ങി കാഴ്ചകൾ ആസ്വദിച്ച് അതേ ടിക്കറ്റ് ഉപയോഗിച്ച് അടുത്ത പോയിന്റിലേക്കും അങ്ങനെ സൂവോളജിക്കൽ പാർക്ക് മുഴുവനായും ആസ്വദിക്കാനാകും. കൂടാതെ ടൂറിസം സർക്യൂട്ടിന്റെ ഭാഗമാക്കി തൃശൂർ നഗരത്തിൽ നിന്നും പുത്തൂർ സുവോളജിക്കൽ പാർക്കിലേക്കും കെഎസ്ആർടിസിയുടെ തുറന്ന വാഹനം എന്ന ആശയവും ചർച്ചയായി.

തിരുവനന്തപുരം, തൃശൂർ മൃഗശാലകളിൽ നിന്നുള്ള മൃഗങ്ങളെ പുത്തൂരിലേക്ക് മാറ്റുന്ന നടപടികൾക്കൊപ്പം കേരളത്തിലെ മൃഗശാലകളിൽ ഇല്ലാത്തതും വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമുള്ളതുമായ 37 ഇനം പക്ഷികളെയും മൃഗങ്ങളെയും പുത്തൂരിൽ എത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. വിദേശത്ത് നിന്നും അഞ്ച് ഘട്ടങ്ങളിലായി മക്കാവു, കക്കാട്ടു എന്നീ പക്ഷികളെയും അനക്കൊണ്ടയേയും ഇലാന്റ വിഭാഗത്തിൽ പെട്ട ആഫ്രിക്കൻ മാനിനെയും, സീബ്രയും ജിറാഫും അടക്കമുള്ള 37 ഇനം മൃഗങ്ങളെയുമേയാണ് ഈ വർഷം തന്നെ പുത്തൂരിൽ എത്തിക്കാൻ ലക്ഷ്യമിടുന്നത്.

സഫാരി സൂ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. സഫാരി സൂവിന്റെ ഭാഗമായ മൃഗങ്ങളെയും പക്ഷികളെയും പാർപ്പിക്കുവാനാവശ്യമായ കൂടുകളുടെ നിർമ്മാണപ്രവൃത്തികൾ ആരംഭിക്കുന്നതിനുള്ള നടപടികൾ ടെണ്ടർ ഘട്ടത്തിൽ എത്തി നിൽക്കുകയാണ്. ടെണ്ടർ നടപടികൾ പൂർത്തിയാക്കി ജൂലൈ മാസത്തിൽ തന്നെ നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. പാർക്കിൽ ഒരുക്കുന്ന പെറ്റ് സൂ, കുട്ടികൾക്ക് ആകർഷകമാകുന്ന വിധത്തിൽ ഒരുക്കുന്ന വെർച്ച്വൽ സൂ എന്നിവ നടപ്പാകുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ റദ്ദാക്കൽ: ഇതാ റീഫണ്ട് നിയമങ്ങളും നിങ്ങളുടെ അവകാശങ്ങളും; അറിയേണ്ടതെല്ലാം
'മനോഹരം, എല്ലാമുണ്ട്...'; ഇന്ത്യയെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്തണമെന്ന് യുഎസ് വിനോദ സഞ്ചാരി, വീഡിയോ