
ഇന്ത്യയിലെ ടൂറിസം മേഖല വലിയൊരു മാറ്റത്തിന് സാക്ഷ്യം വഹിക്കുകയാണ്. മാസങ്ങള്‍ നീണ്ട ആസൂത്രണങ്ങള്‍ക്കും വലിയ അവധിക്കാലങ്ങള്‍ക്കും പകരം, ഒരാഴ്ചയില്‍ താഴെ മാത്രം നീണ്ടുനില്‍ക്കുന്ന ചെറുയാത്രകള്‍ക്കും വീക്കെന്‍ഡ് ട്രിപ്പുകള്‍ക്കുമാണ് ഇപ്പോള്‍ പ്രിയം. 'എയര്‍ബിഎന്‍ബി' പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യന്‍ യുവതലമുറയുടെ ഈ പുതിയ യാത്രാ ശീലങ്ങളെക്കുറിച്ചുള്ള രസകരമായ വിവരങ്ങളുള്ളത്.
റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യയിലെ 87 ശതമാനം ജെന്‍ സി സഞ്ചാരികളും ചെറിയ യാത്രകളെയാണ് ഇഷ്ടപ്പെടുന്നത്. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പോകുന്ന വലിയൊരു യാത്രയേക്കാള്‍, മൂന്ന് ചെറിയ യാത്രകള്‍ തിരഞ്ഞെടുക്കാനാണ് പത്തില്‍ ഏഴുപേരും താല്പര്യപ്പെടുന്നത്.
യാത്രയിലെ താമസസൗകര്യങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും ഇവരുടെ ചിന്താഗതി വ്യത്യസ്തമാണ്. ഗ്രൂപ്പായി യാത്ര ചെയ്യുമ്പോള്‍ വെവ്വേറെ ഹോട്ടല്‍ മുറികള്‍ എടുക്കുന്നതിനേക്കാള്‍, എല്ലാവര്‍ക്കും ഒന്നിച്ച് താമസിക്കാന്‍ പറ്റുന്ന വലിയൊരു വീട് പങ്കിടാനാണ് പകുതിയിലധികം പേരും ഇഷ്ടപ്പെടുന്നത്.
കൂട്ടുകാരുമൊത്തുള്ള ആത്മബന്ധത്തിനാണ് ഇവര്‍ കൂടുതല്‍ വില കല്‍പ്പിക്കുന്നത്. എങ്ങോട്ട് പോകുന്നു എന്നതിനേക്കാള്‍ 'ആരുടെ കൂടെ പോകുന്നു' എന്നതിനാണ് നാലില്‍ മൂന്ന് പേരും പ്രാധാന്യം നല്‍കുന്നത്. കൂടാതെ, 95 ശതമാനം യുവ സഞ്ചാരികളും തങ്ങളുടെ യാത്രകള്‍ മറ്റുള്ളവരുടേതില്‍ നിന്ന് വ്യത്യസ്തവും തങ്ങളുടേതായ രീതിയില്‍ വ്യക്തിഗതമാക്കിയതുമായിരിക്കണം എന്ന് ആഗ്രഹിക്കുന്നു. യാത്ര ചെയ്യുന്ന രീതി തങ്ങളുടെ വ്യക്തിത്വത്തിന്റെ പ്രതിഫലനമാണെന്ന് 87 ശതമാനം പേരും വിശ്വസിക്കുന്നു.
പെട്ടെന്ന് പ്ലാന്‍ ചെയ്യാം, റൂമിനുള്ളില്‍ കൂടാം!
മുന്‍കൂട്ടി നിശ്ചയിച്ച കര്‍ശനമായ യാത്രാ പദ്ധതികളൊന്നും ഈ തലമുറയ്ക്ക് മുന്നില്‍ നടപ്പില്ല. പെട്ടെന്നുള്ള തീരുമാനങ്ങളാണ് ഇവരുടേത്. 66 ശതമാനം ജെന്‍ സി സഞ്ചാരികളും യാത്ര പുറപ്പെടുന്നതിന് തൊട്ടടുത്ത ദിവസങ്ങളിലോ ആഴ്ചകള്‍ക്ക് മുന്‍പോ മാത്രമാണ് ബുക്കിംഗ് നടത്തുന്നത്. തങ്ങള്‍ നടത്തുന്ന ഒരു യാത്രയും മറ്റൊന്നുപോലെ ആയിരിക്കില്ലെന്ന് 67 ശതമാനം പേരും പറയുന്നു. ഒരു സ്ഥലത്തിന്റെ പ്രശസ്തി നോക്കിയല്ല, മറിച്ച് അവിടെ തങ്ങള്‍ കണ്ടെത്തിയ താമസസൗകര്യത്തിന്റെ പ്രത്യേകത കണ്ട് ആ സ്ഥലം യാത്രയ്ക്കായി തിരഞ്ഞെടുക്കുന്നവര്‍ 63 ശതമാനമാണ്. 82 ശതമാനം പേരും യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ താമസിക്കുന്ന സ്ഥലത്തിന്റെ നിലവാരത്തിന് വലിയ പ്രാധാന്യം നല്‍കുന്നു. മാത്രമല്ല, 78 ശതമാനം പേരും തങ്ങളുടെ യാത്രാസമയത്തിന്റെ പകുതിയിലധികവും ഈ താമസസ്ഥലത്തിനുള്ളില്‍ തന്നെയാണ് ചിലവഴിക്കുന്നത്.
കാഴ്ച്ചകള്‍ കാണലല്ല, ഒപ്പമുള്ള നിമിഷങ്ങളാണ് പ്രധാനം
പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനേക്കാള്‍, യാത്രയില്‍ ഒപ്പമുള്ളവരുമായി പങ്കിടുന്ന ചെറിയ നിമിഷങ്ങള്‍ക്കാണ് ഈ പ്രായത്തിലുള്ള 80 ശതമാനം പേരും മുന്‍ഗണന നല്‍കുന്നത്. ദൈനംദിന തിരക്കുകളില്‍ നിന്നും തടസങ്ങളില്‍ നിന്നും മാറി ഒന്നിച്ച് സമയം ചിലവഴിക്കുക എന്നതാണ് ഗ്രൂപ്പ് യാത്രകളുടെ പ്രധാന ലക്ഷ്യം. ഇതേത്തുടര്‍ന്ന്, ഇന്ത്യന്‍ ജെന്‍ സി സഞ്ചാരികള്‍ എയര്‍ബിഎന്‍ബി വഴി ബുക്ക് ചെയ്യുന്ന ഗ്രൂപ്പ് യാത്രകളില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം 55 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
ഇന്റര്‍നെറ്റില്‍ വൈറലാകുന്ന ട്രെന്‍ഡുകള്‍ക്ക് പിന്നാലെ പോകാന്‍ ഇവര്‍ക്ക് താല്പര്യമില്ല. 90 ശതമാനം പേരും ഓണ്‍ലൈനില്‍ അധികം ആരും ശുപാര്‍ശ ചെയ്യാത്ത, അധികം അറിയപ്പെടാത്ത സ്ഥലങ്ങളാണ് തിരയുന്നത്. മുന്‍കൂട്ടി നിശ്ചയിച്ച യാത്രാപരിപാടികള്‍ക്ക് പകരം പ്രകൃതി ഭംഗി ആസ്വദിക്കാനും, യാത്രകള്‍ക്കും, പുതിയ ഭക്ഷണരീതികള്‍ പരീക്ഷിക്കാനുമാണ് ഇവര്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്.