ടൂറിസ്റ്റ് ​ഗോ ഹോം! യൂറോപ്യൻ രാജ്യങ്ങളിൽ വിനോദസഞ്ചാരികൾക്ക് നേരെ വ്യാപക പ്രതിഷേധം

Published : Jun 17, 2025, 12:18 PM ISTUpdated : Jun 17, 2025, 01:39 PM IST
Protests break out in European countries over overtourism

Synopsis

ഓവർ ടൂറിസം കാരണം ബുദ്ധിമുട്ടുണ്ടാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. 

പാരീസ്: യൂറോപ്യൻ രാജ്യങ്ങളിൽ വിനോദസഞ്ചാരികൾക്ക് നേരെ വ്യാപക പ്രതിഷേധം. ഓവർ ടൂറിസം കാരണം വലിയ ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നുവെന്ന് ആരോപിച്ചാണ് ജനങ്ങൾ തെരുവിലിറങ്ങിയിരിക്കുന്നത്. തെക്കൻ യൂറോപ്പിലെ ​ഗോൾഡൻ ട്രയാം​ഗിൾ എന്ന് അറിയപ്പെടുന്ന സ്പെയിൻ, ഇറ്റലി, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളിലാണ് വ്യാപകമായി പ്രതിഷേധം നടക്കുന്നത്.

ലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് ഓരോ വർഷവും യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കുന്നത്. ഈ വർഷത്തെ വേനലിലും പതിവുപോലെ യൂറോപ്യൻ രാജ്യങ്ങളിലേയ്ക്ക് സഞ്ചാരികളുടെ ഒഴുക്കുണ്ടായി. തുടർന്ന് ജൂൺ 15ന് പോർച്ചു​ഗലിലെലും സ്പെയിനിലെയും ഇറ്റലിയിലെയും ആയിരക്കണക്കിന് നിവാസികൾ ഓവർ ടൂറിസത്തിനെതിരെ തെരുവിലിറങ്ങി. അവരുടെ വീടുകളെ തീം പാർക്കുകളായും അവരുടെ നഗരങ്ങളെ ഇൻസ്റ്റാഗ്രാം പോസ്റ്റുകളുടെ പശ്ചാത്തലങ്ങളായും മാറ്റുകയാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

യൂറോപ്പിൽ ഇതിനകം തന്നെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന നഗരങ്ങളിലൊന്നാണ് സ്‌പെയിനിലെ ബാഴ്‌സലോണ. ടൂറിസം വിരുദ്ധ വികാരം ഏറ്റവും രൂക്ഷമായിരിക്കുന്നതും ബാഴ്സലോണയിലാണ്. ഞായറാഴ്ച, നഗരത്തിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് മേഖലകളിലേക്ക് പ്രതിഷേധക്കാർ സംഘടിച്ച് എത്തുകയും കഫേകളിൽ ഉൾപ്പെടെയുള്ള വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് വാട്ടർ ​ഗണ്ണുകൾ ഉപയോ​ഗിക്കുകയും ചെയ്തു. ‘വൺ മോർ ടൂറിസ്റ്റ്, വൺ ലെസ് റസിഡന്റ്’, ‘ടൂറിസ്റ്റ് ​ഗോ ഹോം’ തുടങ്ങിയ ബാനറുകൾ ഉയർത്തിയായിരുന്നു പ്രതിഷേധം. കഴിഞ്ഞ വർഷം ഇതേ സമയത്തും ബാഴ്സലോണയിൽ സമാനമായ രീതിയിൽ പ്രതിഷേധം നടന്നിരുന്നു.

മല്ലോർക്കയുടെ തലസ്ഥാനമായ പാൽമയിലും പ്രതിഷേധമുണ്ടായി. ഏകദേശം 5,000 പേർ പങ്കെടുത്ത റാലി നടത്തിയായിരുന്നു പ്രതിഷേധം. റാലിയിൽ പലയിടത്തു നിന്നും ‘എവിടെ നോക്കിയാലും കാണുന്നതെല്ലാം വിനോദസഞ്ചാരികൾ മാത്രമാണ്’ എന്ന ആക്രോശങ്ങളും ഉയർന്നിരുന്നു. ഗ്രാനഡ, ഇബിസ, സാൻ സെബാസ്റ്റ്യൻ, വെനീസ്, ലിസ്ബൺ എന്നിവിടങ്ങളിലെ തെരുവുകളിലും സമാനമായ പ്രതിഷേധങ്ങൾ നടന്നു.

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ റദ്ദാക്കൽ: ഇതാ റീഫണ്ട് നിയമങ്ങളും നിങ്ങളുടെ അവകാശങ്ങളും; അറിയേണ്ടതെല്ലാം
'മനോഹരം, എല്ലാമുണ്ട്...'; ഇന്ത്യയെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്തണമെന്ന് യുഎസ് വിനോദ സഞ്ചാരി, വീഡിയോ