
വിവിധയിടങ്ങളിലെ പ്രശസ്തമായ ദ്വീപുകളെ കുറിച്ചെല്ലാം നമ്മൾ കേട്ടിട്ടുണ്ടാകും. എന്നാൽ, നമ്മുടെ കേരളത്തിൽ ഒരു നിഗൂഢമായ ദ്വീപ് ഉണ്ടെന്ന കാര്യം പലർക്കും അറിയില്ല. സഞ്ചാരികളുടെ സ്വപ്നഭൂമിയായ പാതിരാമണൽ.
ആലപ്പുഴ ജില്ലയിലെ മുഹമ്മ പഞ്ചായത്തില്‍ പെടുന്ന ദ്വീപായ പാതിരാമണലില്‍ ജനവാസമില്ല. കണ്ടല്‍ക്കാടുകളും മറ്റു ജല സസ്യങ്ങളും കുറ്റിച്ചെടികളുമെല്ലാം ചേര്‍ന്ന പാതിരാമണൽ പക്ഷികളുടെ ആവാസകേന്ദ്രമാണ്. പക്ഷി നിരീക്ഷകർക്കും പ്രകൃതി സ്നേഹികൾക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്നയിടമാണിത്. പാതിരാ കൊക്കുകളുടെ പ്രജനന കേന്ദ്രമാണ് ഇവിടം. ദേശാടന പക്ഷികള്‍ ഉള്‍പ്പെടെ 150 ഓളം പക്ഷി ഇനങ്ങള്‍ ഈ ദ്വീപിലും പരിസരത്തുമായുണ്ടെന്ന് പക്ഷി നിരീക്ഷകര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വാലന്‍ എരണ്ട, എരണ്ട, പാതിരാ കൊക്ക്, കിന്നരി നീര്‍കാക്ക, ചേര കൊക്ക്, നീര്‍കാക്ക, താമരക്കോഴി, പാത്തി കൊക്കന്‍, മീന്‍ കൊത്തി, ചൂളന്‍ എരണ്ട തുടങ്ങി ഒട്ടേറെ ഇനം പക്ഷികളെ ഇവിടെ കാണാം. പക്ഷികൾക്ക് പുറമെ, 30 ഇനം ചിത്രശലഭങ്ങൾ, 160 ഇനം സസ്യങ്ങൾ, 55 ഇനം മത്സ്യങ്ങൾ, 20 ഇനം ചിലന്തികൾ എന്നിവയും പാതിരാമണലിലുണ്ട്.
50ഓളം ഏക്കർ വിസ്തൃതിയിലാണ് പാതിരാമണൽ പരന്നങ്ങനെ കിടക്കുന്നത്. അനന്തപത്മനാഭന്‍ തോപ്പ് എന്നറിയപ്പെട്ടിരുന്ന ഈ ദ്വീപ് നേരത്തേ സ്വകാര്യ ഭൂമിയായിരുന്നു. തിങ്ങിനിറഞ്ഞ മരങ്ങൾ കാരണം നട്ടുച്ചയ്ക്ക് പോലും ഇവിടേയ്ക്ക് വെയിലെത്താൻ മടിക്കും. തണ്ണീര്‍മുക്കത്തിന്റെയും, കുമരകത്തിന്റെയും ഇടയ്ക്ക് സ്ഥിതിചെയ്യുന്ന ഈ ദ്വീപിലേക്ക് ജലമാര്‍ഗ്ഗം മാത്രമേ എത്തിപ്പെടാൻ കഴിയൂ. ആലപ്പുഴയിൽ നിന്ന് ഇവിടേക്ക് എത്താൻ മോട്ടോർ ബോട്ടിൽ ഏകദേശം ഒന്നര മണിക്കൂർ സമയം ആവശ്യമാണ്. സ്പീഡ് ബോട്ടാണെങ്കിൽ 30 മിനിട്ടിൽ എത്തിച്ചേരാം. ഹൗസ്ബോട്ട് ക്രൂയിസിന് അനുയോജ്യമായ സ്ഥലം കൂടിയാണ് പാതിരാമണൽ. കായലിൽ സന്ധ്യാവന്ദനത്തിനിറങ്ങിയ വില്വമംഗലത്ത് സ്വാമിയാരുടെ മുന്നിൽ കായൽ വഴിമാറി കരയായി മാറിയ സ്ഥലമാണ് പ്രകൃതിരമണീയമായ ദ്വീപായ പാതിരാമണൽ എന്നാണ് ഐതിഹ്യം.