തിരുവിതാംകൂർ രാജവംശത്തിലെ രാജ്ഞിമാർ സ്വർണ്ണം ഒളിപ്പിച്ചയിടമെന്ന് കഥ; പൊന്നുംതുരുത്തിന് പൊട്ടുവേണ്ട!

Published : Jun 13, 2025, 05:26 PM IST
Ponnumthuruthu island

Synopsis

വർക്കലയിൽ നിന്നും 12 കിലോമീറ്റർ അകലെ പണയിൽകടവ് പാലത്തിന് സമീപമാണ് പൊന്നുംതുരുത്ത്. 

യാത്രകൾ ഇഷ്ടമല്ലാത്തവരായി ആരുമില്ല. ഈ മൺസൂൺ കാലത്ത് പ്രകൃതി ഭംഗിയൊക്കെ ആസ്വദിച്ചുകൊണ്ടുള്ള ഒരു വൺ ഡേ ട്രിപ്പാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ നേരെ വിട്ടോ വർക്കലയിലെ പൊന്നുംതുരുത്തിലേക്ക്. വർക്കലയുടെ സൗന്ദര്യത്തിനൊപ്പം നിൽക്കുന്ന മറ്റൊരു മനോഹര സ്ഥലമാണ് പൊന്നുംതുരുത്ത്. തിരക്കിൽ നിന്നെല്ലാം ഒഴിഞ്ഞു മാറി നിൽക്കുന്ന പൊന്നിൽ തീർത്ത ഈ ദ്വീപ് കായലിന്റെ സൗന്ദര്യവും കാറ്റും കാഴ്ചകളും ഒക്കെ അതിരില്ലാതെ ആസ്വദിക്കാൻ പറ്റിയ ഇടമാണ്.

വർക്കലയിൽ നിന്നും 12 കിലോമീറ്റർ അകലെ പണയിൽകടവ് പാലത്തിന് അരികിലായാണ് പൊന്നുംതുരുത്ത് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും കായൽ സൗന്ദര്യം ആസ്വദിച്ച് പൊന്നുംതുരുത്തിലേക്ക് ബോട്ടിൽ പോകാൻ സാധിക്കും. കാഴ്ചയിൽ ഒരു ചെറിയ ദ്വീപായി തോന്നുമെങ്കിലും ഇവിടെ എത്തുന്ന സന്ദര്‍ശകർക്ക് മണിക്കൂറുകൾ മനോഹരമായി ചിലവഴിക്കുവാൻ പറ്റിയ സ്ഥലം കൂടിയാണിത്.

പൊന്നുംതുരുത്ത് അറിയപ്പെടുന്നത് ഇവിടുത്തെ നൂറ് വർഷത്തോളം പഴക്കമുള്ള ശിവപാർവ്വതി വിഷ്ണു ക്ഷേത്രത്തിന്റെ പേരിലാണ്. ക്ഷേത്രത്തിന്റെ സ്വത്താണ് ഈ തുരുത്ത്. ക്ഷേത്രത്തിൽ നടക്കുന്ന പൂജകളുടെ സമയമനുസരിച്ച് നെടുങ്കണ്ടയിൽ നിന്നും തുരുത്തിലെത്താനായി ക്ഷേത്രത്തിന്റെ വഞ്ചിയുണ്ട്. രാവിലെയും വൈകുന്നേരവും മാത്രമെ ഈ വഞ്ചി ലഭ്യമാവുകയുള്ളൂ. ശിവരാത്രിയിലാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം നടക്കുന്നത്.

പൊന്നുംതുരുത്തെന്ന പേരിന് പിന്നിൽ പല കഥകളും പ്രചരിക്കുന്നുണ്ട്. ദ്വീപിന്റെ പലഭാഗങ്ങളിലായി നിധികൾ ഒളിഞ്ഞിരിക്കുന്നുണ്ടെന്നും ആ സ്വർണ്ണ നിധികൾ ഉള്ളതിനാലാണ് ദ്വീപിന് പൊന്നുംതുരുത്ത് എന്ന പേരു കിട്ടിയതെന്നുമാണ് ഒരു കഥ. തിരുവിതാംകൂർ രാജവംശത്തിലെ രാജ്ഞിമാർ സ്വർണ്ണവും മറ്റു വിലകൂടിയ ആഭരണങ്ങളും ഇവിടുത്തെ ക്ഷേത്രത്തിന് സമീപം ഒളിപ്പിച്ചു വയ്ക്കാറുണ്ടായിരുന്നു എന്നാണ് കരുതപ്പെടുന്നത്.

ദേശാടന പക്ഷികളുടെ കേന്ദ്രം കൂടിയായ ഇവിടം പക്ഷി നിരീക്ഷകർക്ക് തീർച്ചയായും ഇഷ്ടപ്പെടും. കൂടാതെ അത്യപൂർവ ഒഷധസസ്യങ്ങളും വൃക്ഷലതാദികളും ഇവിടെയുണ്ട്. പ്രകൃതി ഭംഗിയും ശാന്തവുമായ ഒരു സ്ഥലത്ത് യാത്ര പോകാൻ ആഗ്രഹിക്കുന്നവർക്ക് ഒരു പറുദീസ തന്നെയാണ് പൊന്നുംതുരുത്തെന്ന് പറയാം.

PREV
Read more Articles on
click me!

Recommended Stories

ട്രെയിൻ ടിക്കറ്റ് വെയിറ്റിംഗ് ലിസ്റ്റ് ആകുമ്പോൾ കൺഫ്യൂഷൻ വേണ്ട; ഈ കണക്കും ഫോർമുലയും അറിഞ്ഞു വയ്ക്കാം..
ഇൻഡിഗോ റദ്ദാക്കൽ: ഇതാ റീഫണ്ട് നിയമങ്ങളും നിങ്ങളുടെ അവകാശങ്ങളും; അറിയേണ്ടതെല്ലാം