
സോഷ്യൽ മീഡിയയുടെ വരവോടെ വലിയ പ്രചാരം ലഭിച്ച മേഖലയാണ് ടൂറിസം. ആരാലും അറിയപ്പെടാതിരുന്ന സ്ഥലങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്ന കാഴ്ചയാണ് ഇന്ന് കാണാനാകുന്നത്. മാത്രമല്ല, യാത്രകൾ ചെയ്യുകയും അത് ഫോളോവേഴ്സിലേയ്ക്ക് എത്തിക്കുകയും ചെയ്യുന്ന ട്രാവൽ ഇൻഫ്ലുവൻസർമാരും ഇന്ന് നിരവധിയുണ്ട്. എന്നാൽ, രാജ്യത്തെ എല്ലാ ട്രാവൽ ഇൻഫ്ലുവൻസർമാരിൽ നിന്നും ഏറെ വ്യത്യസ്തയായ ഒരു ട്രാവൽ ഇൻഫ്ലുവൻസറുണ്ട്. പേര് രാധിക സുബ്രമണ്യം.
ഒറ്റനോട്ടത്തിൽ അതിസുന്ദരിയായ ഒരു പെൺകുട്ടിയായി തോന്നുമെങ്കിലും രാധിക സുബ്രമണ്യം യാഥാര്‍ത്ഥത്തിൽ ഒരു എഐ കഥാപാത്രം മാത്രമാണ്. ഇന്ത്യയിലെ ആദ്യത്തെ എഐ ട്രാവൽ ഇൻഫ്ലുവൻസറാണ് രാധിക. ജെൻ സി യുവാക്കളിൽപ്പെട്ട ഒരു സോളോ ട്രാവലറാണ് രാധികയെന്ന് വേണമെങ്കിൽ പറയാം. 2025 മെയ് മാസത്തിൽ ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ട രാധികയുടെ പേജിന് ഇപ്പോൾ 2,700ലധികം ഫോളോവേഴ്സുണ്ട്.
കളക്ടീവ് ആർട്ടിസ്റ്റ് നെറ്റ്‌വർക്കാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ രാധിക സുബ്രമണ്യത്തെ സൃഷിടിച്ചത്. ഇന്ത്യയിലുടനീളം യാത്ര ചെയ്യുന്ന രാധിക സ്ഥലങ്ങളുടെയും സംസ്കാരങ്ങളുടെയും വ്യത്യസ്തതകളെക്കുറിച്ചുള്ള വിവരങ്ങൾ ഫോളോവേഴ്സുമായി പങ്കുവെയ്ക്കാറുണ്ട്. രാധികയ്ക്ക് തമിഴും ഇംഗ്ലീഷും അറിയാമെന്നതാണ് മറ്റൊരു പ്രധാന സവിശേഷത.
രാജ്യത്തെ ടൂറിസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജർമ്മനിയും മുമ്പ് ഒരു എഐ നിർമ്മിതമായ ട്രാവൽ അംബാസഡറെ അവതരിപ്പിച്ചിരുന്നു. എന്നാൽ, ഇന്ത്യയിൽ ആദ്യത്തെ എഐ ഇൻഫ്ലുവൻസർ രാധികയല്ല. ആഡംബരപരമായ കണ്ടന്റുകൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കളക്ടീവ് ആർട്ടിസ്റ്റ് നെറ്റ്‌വർക്ക് 2024-ൽ കാവ്യ മെഹ്‌റ എന്ന എഐ ഇൻഫ്ലുവൻസറെ സൃഷ്ടിച്ചിരുന്നു.