ഇനി സംശയം വേണ്ട; ലോകത്തെ ഏറ്റവും സുരക്ഷിതമായ 5 എയര്‍ലൈനുകൾ ഇവയാണ്

Published : Jun 17, 2025, 06:19 PM IST
flight

Synopsis

അഹമ്മദാബാദിലെ വിമാനദുരന്തത്തിന്റെ ഞെട്ടലിലാണ് രാജ്യം. 

ദില്ലി: അഹമ്മദാബാദിലെ എയര്‍ ഇന്ത്യ വിമാന ദുരന്തത്തിന്റെ ഞെട്ടലിലാണ് രാജ്യം. ജൂൺ 12ന് 242 പേരുമായി പറന്നുയര്‍ന്ന എയര്‍ ഇന്ത്യ ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനമാണ് ടേക്ക് ഓഫിന് പിന്നാലെ തകര്‍ന്നത്. ഒരാളൊഴികെ വിമാനത്തിലുണ്ടായിരുന്ന 241 പേരും മരണപ്പെട്ടു. വിമാനം ഇടിച്ചിറങ്ങിയ സ്ഥലത്തുണ്ടായിരുന്നവര്‍ ഉൾപ്പെടെ അപകടത്തില്‍ ആകെ 274 പേര്‍ക്ക് ജീവൻ നഷ്ടമായെന്നാണ് ഗുജറാത്ത് ആരോഗ്യമന്ത്രി റുഷികേശ് പട്ടേൽ ഞായറാഴ്ച മാധ്യമങ്ങളോട് പറഞ്ഞത്.

പല രാജ്യങ്ങളിലും വിമാനാപകടങ്ങളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകൾ പുറത്തുവരുന്നതോടെ സുരക്ഷിതമായ യാത്രയ്ക്ക് ഏത് വിമാനം തെരഞ്ഞെടുക്കണമെന്ന കാര്യത്തിൽ യാത്രക്കാര്‍ ആശങ്കയിലായിരിക്കുകയാണ്. അതിനാൽ തന്നെ 2025ലെ റേറ്റിംഗുകൾ അനുസരിച്ച് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ 5 എയര്‍ലൈനുകൾ ഏതൊക്കെയാണെന്നാണ് ഇനി പറയാൻ പോകുന്നത്.

1. എയര്‍ ന്യൂസിലാൻഡ്

എയര്‍ ന്യൂസിലാൻഡാണ് ഈ വര്‍ഷം ഒന്നാം സ്ഥാനത്തുള്ളത്. 2013ന് ശേഷം ഇത് 7-ാം തവണയാണ് ലോകത്തെ ഏറ്റവും സുരക്ഷിതമായ എയര്‍ലൈൻ എന്ന വിശേഷണം എയര്‍ ന്യൂസിലാൻഡ് കരസ്ഥമാക്കുന്നത്. പുതിയ വിമാനങ്ങളും അത്യാധുനിക സുരക്ഷാക്രമീകരണങ്ങളുമാണ് എയര്‍ ന്യൂസിലാൻഡിനെ എതിരാളികളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.

2. ക്വാണ്ടാസ്

2024ൽ ഏറ്റവും സുരക്ഷിതമായ എയര്‍ലൈനുകളിൽ ഒന്നാം സ്ഥാനത്തായിരുന്ന ഓസ്ട്രേലിയയുടെ മുൻനിര എയര്‍ലൈനായ ക്വാണ്ടാസ് ഈ വര്‍ഷം രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. ഈ എയര്‍ലൈന്റെ ചരിത്രത്തിൽ ഇതുവരെ ഒരു അപകടവും സംഭവിച്ചിട്ടില്ലെന്നതാണ് സവിശേഷത. സുരക്ഷാക്രമീകരണങ്ങളിലെ കണിശതയാണ് ക്വാണ്ടാസിനെ മുൻനിര എയര്‍ലൈനായി നിലനിര്‍ത്തുന്നത്.

3. വിര്‍ജിൻ ഓസ്ട്രേലിയ

മികച്ച പ്രവര്‍ത്തനവും സുരക്ഷാ റെക്കോര്‍ഡും കൈമുതലാക്കിയ വിര്‍ജിൻ ഓസ്ട്രേലിയയാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്. വിമാനങ്ങളുടെ നവീകരണത്തിലും സുരക്ഷാ ഓഡിറ്റിംഗിലും നിരന്തരമായുള്ള ഇടപെടലുകളാണ് വിര്‍ജിൻ ഓസ്ട്രേലിയുടെ ആഗോള റാങ്കിംഗിലെ ഉയര്‍ച്ചയ്ക്ക് കാരണം.

4. ഇത്തിഹാദ് എയര്‍വേയ്സ്

യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയര്‍വേയ്സാണ് നാലാം സ്ഥാനത്ത്. വിമാനങ്ങളുടെ സ്ഥിരമായ അറ്റകുറ്റപ്പണികൾ, സുരക്ഷാ വിലയിരുത്തലുകൾ, നൂതനമായ ഓൺബോര്‍ഡിംഗ് സംവിധാനങ്ങള്‍ എന്നിവയ്ക്ക് പേരുകേട്ടതാണ് ഇത്തിഹാദ് എയര്‍വേയ്സ്. മാത്രമല്ല, ആകാശത്ത് ഏറ്റവും ഇന്ധന ക്ഷമതയുള്ള എയര്‍ലൈൻ ഇത്തിഹാദാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

5. ഖത്തര്‍ എയര്‍വേയ്സ്

ആഗോളതലത്തിൽ ഏറ്റവും വിശ്വാസ്യതയുള്ള എയര്‍ലൈനുകളിലൊന്നാണ് ഖത്തര്‍ എയര്‍വേയ്സ്. കസ്റ്റമര്‍ സര്‍വീസിന്റെ കാര്യത്തിലായാലും സുരക്ഷയുടെ കാര്യത്തിലായാലും ഖത്തര്‍ എയര്‍വേയ്സ് വിട്ടുവീഴ്ച ചെയ്യാറില്ല. ഇതിനെല്ലാം തെളിവായി നിരവധി അംഗീകാരങ്ങളും ഖത്തര്‍ എയര്‍വേയ്സ് വാരിക്കൂട്ടിയിട്ടുണ്ട്. പതിവായ പരിശീലനം, വിശദമായ സുരക്ഷാ പരിശോധനകൾ, മികച്ച സുരക്ഷാ ട്രാക്ക് റെക്കോര്‍ഡ് എന്നിവ ഖത്തര്‍ എയര്‍വേയ്സിനെ സുരക്ഷിതവും ജനപ്രിയവുമാക്കി മാറ്റുന്നു. 

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ റദ്ദാക്കൽ: ഇതാ റീഫണ്ട് നിയമങ്ങളും നിങ്ങളുടെ അവകാശങ്ങളും; അറിയേണ്ടതെല്ലാം
'മനോഹരം, എല്ലാമുണ്ട്...'; ഇന്ത്യയെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്തണമെന്ന് യുഎസ് വിനോദ സഞ്ചാരി, വീഡിയോ