Latest Videos

മുഖ്യമന്ത്രിക്കസേര മുറിച്ച് ഡബിൾ സീറ്റാക്കി, സർവ്വീസ് തുടങ്ങാനിരിക്കേ നവകേരള ബസിന് സംഭവിച്ചത്!

By Web TeamFirst Published May 4, 2024, 4:23 PM IST
Highlights

യാത്രികരുമായി സർവ്വീസ് നടത്തുന്നതിന് മുമ്പ് ബസിൽ എനെത്ങ്കിലും മാറ്റങ്ങൾ അധികൃതർ വരുത്തിയിട്ടുണ്ടോ എന്ന് പലരും സംശയിക്കുന്നുണ്ടാകും. ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകൾ. അവ എന്തൊക്കെയാണെന്ന് അറിയാം. 

മാസങ്ങൾക്ക് മുമ്പ് വാർത്തകളിൽ നിറഞ്ഞ നവകേരള ബസ് ഇപ്പോൾ വീണ്ടും വാർത്തകളിൽ താരമായിരിക്കുന്നു. നാളെ മുതൽ കോഴിക്കോട്– ബെംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്താനൊരുങ്ങുകയാണ് ഈ ബസ്. യാത്രികരുമായി സർവ്വീസ് നടത്തുന്നതിന് മുമ്പ് ബസിൽ എനെത്ങ്കിലും മാറ്റങ്ങൾ അധികൃതർ വരുത്തിയിട്ടുണ്ടോ എന്ന് പലരും സംശയിക്കുന്നുണ്ടാകും. ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകൾ. അവ എന്തൊക്കെയാണെന്ന് അറിയാം. 

തിരുവനന്തപുരത്ത് നിന്നും കഴിഞ്ഞ ദിവസം കോഴിക്കോടെത്തിയ നവകേരള ബസ് ആദ്യ സര്‍വീസിനായി തയ്യാറാക്കി നിര്‍ത്തിയിരിക്കുകയാണ്. ബസിന്റെ നിറത്തിലോ ബോഡിയിലോ മാറ്റങ്ങളില്ല. അതേസമയം അന്ന് മുഖ്യമന്ത്രിക്ക് ഇരിക്കാന്‍ ഒരുക്കിയ ചെയര്‍ മാറ്റി ഡബിള്‍ സീറ്റാക്കി മാറ്റി എന്നാണ് റിപ്പോര്‍ട്ടുകൾ. ഇതുതന്നെയാണ് ബസിലെ പ്രധാന മാറ്റവും. 

2023 നവംബറിലായിരുന്നു വാർത്തകളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട നവകേരള ബസിന്‍റെ പിറവി. നവകേരളാ യാത്രയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച ബസാണിത്.  നവകേരള സദസ് കഴിഞ്ഞ് നാല് മാസത്തിന് ശേഷമാണ് ബസ് പൊതു ഉപയോഗത്തിനായി നിരത്തുകളില്‍ എത്തുന്നത്. ബസിനുള്ളില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനും മറ്റുമായി ജനുവരിയില്‍ ഈ വാഹനം ബെംഗളൂരുവിലേക്ക് കൊണ്ടുപോയിരുന്നു. മൂന്ന് മാസത്തോളം ബസ് അവിടെ കിടന്നു. പിന്നീട് പണികള്‍ തീര്‍ത്ത് എത്തിയ ബസ് കെ.എസ്.ആര്‍.ടി.സിയുടെ പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്സില്‍ എത്തിച്ചു. അവിടെ നിന്നും കഴിഞ്ഞ ദിവസമാണ് കോഴിക്കോട് എത്തിച്ചത്. 

ഭാരത് ബെൻസിന്റെ ഒ.എഫ് 1624 എന്ന മോഡൽ ഷാസി ഉപയോഗിച്ചാണ് ഈ ബസ് നിർമ്മിച്ചിരിക്കുന്നത്. പൂർണസൗകര്യമുള്ള യാത്രാ ബസ്സാക്കി മാറ്റാനുള്ള ഉത്തരവാദിത്വം സർക്കാർ ഏൽപ്പിച്ചത് എസ് എം കണ്ണപ്പ എന്ന തെന്നിന്ത്യയിലെ മികച്ച ഓട്ടോ മൊബൈൽ ഗ്രൂപ്പിനെയാണ്. അന്നത്തെ ട്രഷറി നിയന്ത്രണങ്ങളെ വരെ മറികടന്ന് ഒരുകോടി അഞ്ച് ലക്ഷം രൂപയാണ് ബസിനായി സർക്കാർ അനുവദിച്ചത്. ക‍ർണാടകയിലെ മണ്ഡ്യയിലുള്ള കണ്ണപ്പയുടെ ഫാക്ടറിയിലാണ് ബസിന്റെ ബോഡി നിർമ്മിച്ചിരിക്കുന്നത്. 

കേരളത്തിന്റെ തനത് സാസ്‍കാരിക അടയാളങ്ങളുടെ ചിത്രീകരണമാണ് ബസിന്റെ ബോഡിയിൽ. കെഎസ് ആർടിസി എംഡി പുറപ്പെടുവിച്ച പ്രത്യേക വി‍ജ്ഞാന പ്രകാരം ഗതാഗത അതോറിറ്റിയുടെ മാനദണ്ഡങ്ങളിൽ പ്രത്യേകം ഇളവ് നേടി വിവിധങ്ങളായ മാറ്റങ്ങളും ബസിൽ വരുത്തിയിരുന്നു. കോൺട്രാക് ക്യാരേജ് വാഹനങ്ങൾക്കുള്ള വെള്ള നിറം എന്ന നിബന്ധന ഈ ബസിന് ബാധമകമായിരുന്നില്ല. മുൻ നിരയിലെ ഒരു കസേരക്ക് 180 ഡിഗ്രി കറങ്ങാൻ സാധിക്കും. വാഹനം നിർത്തുമ്പോൾ പുറത്തുനിന്നും ജനനേറ്റർ വഴിയോ ഇൻവേർട്ടർ വഴിയോ വൈദ്യുതി നൽകാം. സർക്കാർ ആവശ്യപ്പെടുമ്പോൾ വണ്ടി വിൽക്കണമെന്നും വിജ്ഞാപനത്തിൽ പറയുന്നു. 

ഭാരത് ബെൻസിന്റെ ഒ.എഫ് 1624 എന്ന മോഡൽ ഷാസി ഉപയോഗിച്ചാണ് ബസിന്റെ നിർമ്മാണം. 240 കുതിരശക്തിയുള്ള 7200 സിസി എൻജിനും 380 ലിറ്റർ ഇന്ധനശേഷിയും ഈ ബസിനുണ്ട്. ഏകദേശം 38 ലക്ഷം രൂപയാണ് ഷാസിയുടെ എക്സ് ഷോറൂം വില. ഓൺ റോഡ് അത് 44 ലക്ഷം രൂപക്കടുത്തെത്തും. ഇത്തരം വാഹനങ്ങളുടെ ബോഡിയുടെ നിർമ്മാണച്ചിലവ് സൗകര്യങ്ങൾക്കനുസൃതമായി ഏറിയും കുറഞ്ഞുമിരിക്കും. മുന്നിലും പിന്നിലുമായി രണ്ട് വാതിലുകളും ശുചിമുറി അടക്കമുള്ള സൗകര്യങ്ങളും ഇതിൽ അധികമായി ഒരുക്കിയിരുന്നു. 25 സീറ്റുകളായിരുന്നു ബസിൽ. ഇതിനെല്ലാമായി ഏകദേശം 45 ലക്ഷത്തിനുമേലെ ചിലവുവന്നിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ഈ എസി ബസിൽ 26 പുഷ് ബാക്ക് സീറ്റുകൾ ഉണ്ട്. യാത്രക്കാര്‍ക്ക് ആവശ്യാനുസരണം അവരുടെ ലഗേജ് സൂക്ഷിക്കാനുള്ള സ്ഥലവും സൗകര്യവും ബസില്‍ സജ്ജീകരിച്ചിട്ടുണ്ട്. ശുചിമുറി, ഹൈഡ്രോളിക്‌ ലിഫ്‌റ്റ്‌, വാഷ്‌ബെയ്‌സിൻ എന്നിവയോടുകൂടിയ ബസിലെ യാത്രാനുഭവം മികച്ചതായിരുന്നെന്ന് അധികൃതർ പറഞ്ഞു.  ഫുട് ബോർഡ് ഉപയോഗിക്കാൻ കഴിയാത്ത ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർ തുടങ്ങിയവർക്ക് ബസിനുള്ളിൽ കയറാൻ ഹൈഡ്രോളിക് ലിഫ്റ്റ് സൗകര്യമുണ്ട്. ആധുനിക സൗകര്യങ്ങളോടു കൂടി ഗരുഡ പ്രീമിയം എന്ന പേരിലാണ് കോഴിക്കോട്– ബെംഗളൂരു റൂട്ടില്‍ നാളെ മുതല്‍ ഈ ബസ് സര്‍വീസ് നടത്തുന്നത്. ഈ ബസിന്‍റെ ടിക്കറ്റ് ബുക്കിംഗിന് വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ബുക്കിംഗ് തുടങ്ങി മണിക്കൂറുകള്‍ക്കകം ആദ്യ സര്‍വീസിന്‍റെ മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നു എന്നാണ് റിപ്പോര്‍ട്ടുകൾ. 

1171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്. എസി ബസുകള്‍ക്കുള്ള അഞ്ച് ശതമാനം ആഡംബരനികുതിയും നല്‍കണം. മുഖ്യമന്ത്രി ഇരുന്ന സീറ്റ് ബുക്ക് ചെയ്യാനാണ് യാത്രക്കാരില്‍ പലര്‍ക്കും താല്‍പ്പര്യം. ഡിപ്പോയില്‍ നേരിട്ടെത്തി ഇക്കാര്യം അന്വേഷിച്ചവരും ഏറെയാണ്. തിരുവനന്തപുരം കോഴിക്കോട് സര്‍വീസിലും മുഖ്യമന്ത്രിയുടെ സീറ്റ് ദിവസങ്ങള്‍ക്ക് മുമ്പെ ബുക്ക് ചെയ്തിരുന്നു. ഗരുഡ പ്രീമിയം എന്ന പേരിലാണ് അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്നത്. എല്ലാദിവസവും പുലര്‍ച്ചെ നാലിന് കോഴിക്കോട് നിന്ന് തിരിച്ച് 11.35ന് ബെംഗളൂരുവില്‍ എത്തും. പകല്‍ 2.30ന് ബെംഗളൂരുവില്‍ നിന്ന് തിരിച്ച് രാത്രി 10.05ന് കോഴിക്കോട് എത്തിച്ചേരും. 

 

click me!