
ജീവിതത്തിൽ ഏറ്റവും മനോഹരമായ ഓർമ്മകൾ നൽകുന്ന ഒന്നാണ് യാത്രകൾ. ഇങ്ങനെയുള്ള യാത്രകളിൽ വെള്ളച്ചാട്ടവും മലമുകളുമെല്ലാം സഞ്ചാരികൾക്ക് എന്നും ഒരു വീക്ക്നെസ് ആണ്. ഹിഡൻ സ്പോട്ടുകൾ കണ്ടുപിടിച്ച് അവിടേക്ക് യാത്ര പോകുന്നവരും ഏറെയാണ്. അത്തരത്തിൽ അധികമാരും എത്തിപ്പെടാതെ കിടക്കുന്ന മനോഹരമായ, എന്നാൽ അൽപം സാഹസികവുമായ ഒരു യാത്ര പോയാലോ. മറ്റെവിടെയുമല്ല നമ്മുടെ സ്വന്തം തലസ്ഥാന നഗരിയിൽ തന്നെ.
ഈ സ്ഥലത്തിന്റെ പേര് കൂനിച്ചിമല എന്നാണ്. തിരുവനന്തപുരത്തെ പൊൻമുടിയുടെ ജൂനിയർ എന്ന് വേണമെങ്കിൽ വിളിക്കാൻ കഴിയുന്ന ഒരിടമാണ് ഇതെന്ന് പറയാം. അക്ഷരാർത്ഥത്തിൽ ഒരു ഹിഡൻ സ്‌പോട്ട് തന്നെയായിരുന്നു കുറച്ചുകാലം മുൻപ് വരെ ഇവിടം. അടുത്തകാലത്തായി നിരവധി പേരാണ് ഇവിടേയക്ക് എത്തുന്നത്. അമ്പൂരി ഗ്രാമപഞ്ചായത്തിലാണ് കൂനിച്ചിമല സ്ഥിതി ചെയ്യുന്നത്. മാതാ മലയെന്നും ഇത് അറിയപ്പെടുന്നുണ്ട്.
മൺസൂണിൽ നട്ടുച്ചയ്ക്ക് വരെ ഇവിടെ കോടയാണ്. മല മുകളിൽ നിന്നാൽ ചിറ്റാർ ഡാം, അമ്പൂരി എന്നിവ കാണാവുന്നതാണ്. നെയ്യാറിലേക്ക് യാത്ര നടത്തുന്നവർക്ക് പോവാൻ പറ്റിയ ഒരു കിടിലൻ സ്പോട്ട് തന്നെയാണ് കൂനിച്ചിമല. ട്രെക്കിംഗ് ഇഷ്ടപ്പെടുന്നവർക്ക് ധൈര്യമായി ഇവിടേക്ക് വരാം. സ്ത്രീകൾക്ക് മാത്രമായി പ്രത്യേക ട്രെക്കിംഗ് പാക്കേജ് ഉൾപ്പെടെ ഇവിടെ ലഭ്യമാണ്.
വെള്ളറട കുരിശുമല സംഗമ വേദിയിൽ നിന്നാണ് കൂനിച്ചിമലയിലേക്കുള്ള ട്രെക്കിംഗ് ആരംഭിക്കുന്നത്. 45 മിനിറ്റോളം നീളുന്ന ഈ യാത്രയിൽ നിങ്ങളെ കാത്ത് അരുവിയും വെള്ളച്ചാട്ടവും ഒക്കെയുണ്ട്. ട്രെക്കിംഗും ഹിൽ സ്റ്റേഷനും ഒക്കെ ഇഷ്‌ടപ്പെടുന്ന ആളുകളെ സംബന്ധിച്ച് കൂനിച്ചിമലയിലേക്കുള്ള യാത്ര ഒരിക്കലും നിരാശപ്പെടുത്തുന്ന അനുഭവമാകില്ല എന്നുറപ്പാണ്.