Latest Videos

എന്തൊരു ക്രൂരത! ജനറൽ ടിക്കറ്റുമായി ഏസി കോച്ചിൽ കയറിയ യുവതിയെ ടിടിഇ ട്രെയിനിൽ നിന്നും തള്ളിയിട്ടു!

By Web TeamFirst Published Mar 3, 2024, 11:10 PM IST
Highlights

ടിടിഇ ആദ്യം യുവതിയുടെ ലഗേജ് ട്രെയിനിന് പുറത്തേക്ക് വലിച്ചെറിയുകയും തുടർന്ന് ട്രെയിൻ നീങ്ങുന്നതിനിടെ തള്ളുകയും ചെയ്തു. സംഭവത്തിൽ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. ഫരീദാബാദിലെ എസ്‌ജിജെഎം നഗറിൽ താമസിക്കുന്ന ഭാവനയ്ക്കാണ് പരിക്കേറ്റത്. 

ട്രാവലിംഗ് ടിക്കറ്റ് എക്‌സാമിനർ (ടിടിഇ) 40 കാരിയായ യുവതിയെ ഓടുന്ന ട്രെയിനിൽ നിന്ന് തള്ളിയിട്ടു. ജനറൽ ടിക്കറ്റുമായി എസി കോച്ചിൽ കയറിയ യുവതിയെയാണ് ഓടുന്ന ട്രെയിനിൽ നിന്നും ഉന്തിയിട്ടത്. ഹരിയാനയിലെ ഫരീദാബാദിൽ ഝലം എക്സ്പ്രസിലാണ് സംഭവം. ടിടിഇ ആദ്യം യുവതിയുടെ ലഗേജ് ട്രെയിനിന് പുറത്തേക്ക് വലിച്ചെറിയുകയും തുടർന്ന് ട്രെയിൻ നീങ്ങുന്നതിനിടെ തള്ളുകയും ചെയ്തു. 

സംഭവത്തിൽ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. ഫരീദാബാദിലെ എസ്‌ജിജെഎം നഗറിൽ താമസിക്കുന്ന ഭാവനയ്ക്കാണ് പരിക്കേറ്റത്. ഝാൻസിയിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് സംഭവം.  ട്രെയിൻ പുറപ്പെടാനൊരുങ്ങിയതിനാൽ തിടുക്കത്തിൽ എസി കോച്ചിൽ കയറി. യുവതി തെറ്റായ കോച്ചിൽ കയറുന്നത് ശ്രദ്ധയിൽപ്പെട്ട ടിടിഇ അവളോട് ഉടൻ ഇറങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ ട്രെയിൻ അപ്പോഴേക്കും ഓടിത്തുടങ്ങിയിരുന്നു. 

താൻ അടുത്ത സ്റ്റേഷനിൽ ഇറങ്ങി ജനറൽ കമ്പാർട്ട്മെന്‍റിലേക്ക് മാറാമെന്ന് യുവതി ടിടിഇയോട് പറഞ്ഞു, ആവശ്യമെങ്കിൽ പിഴ ഈടാക്കാനും ആവശ്യപ്പെട്ടു. എന്നാൽ, ടിടിഇ ചെവിക്കൊണ്ടില്ല.  മാത്രമല്ല പ്രകോപിതനായ ടിടിഇ യുവതിയുടെ സാധനങ്ങൾ ട്രെയിനിൽ നിന്ന് പുറത്തേക്ക് വലിച്ചെറിയുകയും ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിടുകയും ചെയ്തു.

ട്രെയിനിൽ നിന്ന് താഴെ വീണ യുവതി ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിൽ കുടുങ്ങി. ഇത് കണ്ട ട്രെയിനിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ ഉടൻ ചങ്ങല വലിച്ച് ട്രെയിൻ നിർത്തുകയും ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിൽ കുടുങ്ങിയ യുവതിയെ പുറത്തെടുക്കുകയും ചെയ്തു. യുവതിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.  പരിക്കേറ്റ സ്ത്രീയുടെ നില അതീവഗുരുതരമാണെന്ന് പറയപ്പെടുന്നു. യുവതിയുടെ തലയിലും കൈകളിലും കാലുകളിലും ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലും മുറിവേറ്റിട്ടുണ്ട്. ടിടിഇക്കെതിരെവധശ്രമത്തിന് കേസെടുത്തു. അതേസമയം യുവതിയെ തള്ളിയിട്ട ടിടിഇ ഓടി രക്ഷപ്പെട്ടു.  പ്രതിയെ പിടികൂടാൻ പോലീസ് തിരച്ചിൽ ആരംഭിച്ചു.

click me!