
ഒരു ഷോറൂമിന് മുന്നിൽ പാർക്ക് ചെയ്തിരിക്കുന്ന ആഡംബര കാറുകൾ കൗതുകത്തോടെ നോക്കി നിൽക്കുകയും അതിന്റെ അടുത്ത് നിന്നും ചിത്രങ്ങൾ പകർത്തുകയും ചെയ്യുന്ന രണ്ട് കുട്ടികളുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. എന്നാൽ, ഈ വീഡിയോയെ മനോഹരമാക്കുന്നത് ഇതൊന്നും അല്ല. ഷോറൂമിന് പുറത്ത് നിർത്തിയിട്ടിരുന്ന ലംബോർഗിനിയുടെ ഉടമ ചെയ്ത കാര്യമാണ്. വാഹനത്തിന്റെ ഉടമയും ഫൗണ്ടറും കൂടിയായ ഇഷാന്ത് സാബു, കുട്ടികളുടെ ഈ കൗതുകവും ആവേശവും ശ്രദ്ധിക്കുകയും അവർക്ക് മനോഹരമായ ഒരു അനുഭവം സമ്മാനിക്കാൻ തീരുമാനിക്കുകയുമായിരുന്നു. അദ്ദേഹം കുട്ടികളോട് തന്റെ ലംബോർഗിനി കാറിനുള്ളിൽ കയറിയിരുന്ന് ചിത്രങ്ങൾ പകർത്തിക്കോളൂ എന്ന് പറയുകയായിരുന്നു അദ്ദേഹം.
വീഡിയോ തുടങ്ങുമ്പോൾ കാണുന്നത് കുട്ടികൾ വിവിധ ആഡംബര കാറുകളുടെ അടുത്ത് നിന്നും ചിത്രങ്ങൾ പകർത്തുന്നതാണ്. കാറുകളുടെ ചിത്രങ്ങളും പകർത്തുന്നതും കാണാം. അപ്പോഴാണ് ഇഷാന്ത് സാബു അവർക്ക് തന്റെ കാറിൽ കയറിയിരുന്ന് ഫോട്ടോയെടുക്കാനുള്ള അവസരം നൽകുന്നത്. പിന്നാലെ, അവർ ലംബോർഗിനിയിൽ ഇരുന്ന് ഫോട്ടോകൾ പകർത്തുന്നതും വീഡിയോയിൽ കാണാം. നിരവധിപ്പേരാണ് കുട്ടികളെ കാറിനകത്ത് നിന്നും ഫോട്ടോയെടുക്കാൻ ക്ഷണിച്ചതിന് ഇഷാന്ത് സാബുവിനെ അഭിനന്ദിച്ചുകൊണ്ട് കമന്റ് നൽകിയിരിക്കുന്നത്.
ആ കുട്ടികൾക്ക് ഇങ്ങനെ ഒരു സന്തോഷം നൽകിയതിനും അവരുടെ മുഖത്ത് ഇങ്ങനെ ഒരു പുഞ്ചിരി വിടരാൻ കാരണമായതിനും പലരും യുവാവിനെ അഭിനന്ദിച്ചു. 'കാറുകളിൽ താല്പര്യമുള്ളവരെ ഒരിക്കലും നിരാശപ്പെടുത്തരുത്' എന്നായിരുന്നു ഒരാളുടെ കമന്റ്. 'മനുഷ്യത്വത്തേക്കാൾ വിലയേറിയ മറ്റൊന്നും ഇല്ല' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. എന്തായാലും, ഈ അതിമനോഹരമായ വീഡിയോ ആരുടെ മുഖത്തും ഒരു പുഞ്ചിരി വിരിയിക്കും എന്ന കാര്യത്തിൽ സംശയമില്ല.