
ഗ്രാമത്തിലെ വികസന പ്രവർത്തനങ്ങൾ ഇഴഞ്ഞ് നീങ്ങുന്നതിലുള്ള 70 -കാരന്‍റെ പ്രതിഷേധം വാക്കേറ്റത്തിലും കയ്യാങ്കളിയിലും അവസാനിച്ചു. മഹാരാഷ്ട്രയിലെ ലാത്തൂർ താലൂക്കിലെ എകുർഗ ഗ്രാമത്തിൽ നടന്ന ഗ്രാമസഭയ്ക്കിടെ വികസന പ്രവർത്തനങ്ങളെ കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു 70 -കാരൻ ഗ്രാമപഞ്ചായത്ത് അംഗത്തെ അടിച്ചതെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെടുകയും പിന്നാലെ വൈറലാവുകയും ചെയ്തു.
ഗ്രാമത്തിലെ പ്രാദേശിക വിഷയങ്ങളും വികസന പദ്ധതികളും ചർച്ച ചെയ്യുന്നതിനായാണ് ഗ്രാമസഭ ചേർന്നത്. ഇതിനിടെ പൂർത്തിയാകാതെ കിടക്കുന്ന വികസന പ്രവർത്തനങ്ങളും വൈകുന്ന പദ്ധതികളും സംബന്ധിച്ച് വയോധികൻ ശക്തമായി പ്രതിഷേധിച്ചു. അദ്ദേഹം ഗ്രാമത്തിലെ വികസന പ്രവർത്തനങ്ങളിൽ പുരോഗതിയില്ലാത്തതിനെ ചോദ്യം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗത്തോട് “ഗ്രാമത്തിലെ വികസനം നടത്താൻ താൽപര്യമില്ലെങ്കിൽ പിന്നെന്തിനാണ് ഈ പദവി ഏറ്റെടുത്തത്?” എന്ന് ചോദിച്ചെന്ന് റിപ്പോർട്ടുകൾ പറയുന്നു. പിന്നാലെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് തർക്കം രൂക്ഷമാവുകയും വയോധികൻ പഞ്ചായത്ത് അംഗത്തിന്‍റെ മുഖത്ത് അടിക്കുകയുമായിരുന്നു. ഇതോടെ ഗ്രാമസഭയ്ക്കെത്തിയ മറ്റുള്ളവർ ഇടപെട്ട് ഇരുവരെയും ബലം പ്രയോഗിച്ച് മാറ്റിയെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രദേശവാസികൾ ഇടപെട്ട് സംഭവം ശാന്തമാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.
വികസനപ്രവർത്തനങ്ങൾ വൈകുന്നതിലുള്ള ഗ്രാമവാസിയുടെ രോഷമാണ് സംഭവത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെടുകയും പിന്നാലെ അത് വൈറലാവുകയും ചെയ്തു. ഗ്രാമത്തിലെ അടിസ്ഥാന വികസനപ്രവർത്തനങ്ങളുടെ പുരോഗതി, ജനപ്രതിനിധികളുടെ ഉത്തരവാദിത്തം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം എന്നിവയെക്കുറിച്ചുള്ള ചർച്ചകൾക്കും സംഭവം വഴിവെച്ചു. പ്രതിഷേം അക്രമത്തിലേക്ക് നീങ്ങിയതിനെ ചിലർ ചോദ്യം ചെയ്തു. എന്നാൽ, ഉത്തരവാദിത്വങ്ങൾ നിറവേറ്റാത്ത ജനപ്രതിനിധികളുടെ നടപടിയെ വിമർശിച്ച് മറ്റ് ചിലരും രംഗത്തെത്തി.