ഇന്ത്യയെക്കുറിച്ച് ജനങ്ങൾക്കിടയിലേക്ക് എത്തുന്ന ഇത്തരം കാര്യങ്ങൾ പലപ്പോഴും വ്യാജമാണെന്നും, യഥാർത്ഥത്തിൽ നിരവധി നല്ല മനുഷ്യർ ജീവിക്കുന്ന മനോഹരമായ രാജ്യമാണ് ഇന്ത്യയെന്നും അവർ കൂട്ടിച്ചേർത്തു.
ഒരു ഇന്ത്യൻ പുരുഷൻ തന്റെ നഗ്നമായ വയറിന് മുകളിൽവെച്ച് ചപ്പാത്തി പരത്തുന്നതായി ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോ തികച്ചും വ്യാജമാണെന്ന് വെളിപ്പെടുത്തി അമേരിക്കൻ വനിത. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ച് നിർമ്മിച്ച ഈ ദൃശ്യങ്ങൾ ഇന്ത്യയെ അന്താരാഷ്ട്ര തലത്തിൽ വൃത്തിഹീനമായി ചിത്രീകരിക്കാൻ മനപ്പൂർവ്വം തയ്യാറാക്കിയതാണെന്ന് ക്രിസ്റ്റൻ ഫിഷർ എന്ന യുവതി കുറ്റപ്പെടുത്തുന്നു.
മാലിന്യക്കൂമ്പാരത്തിന് നടുവിൽ നിന്ന് ഒരാൾ നെറ്റിയിലെ വിയർപ്പ് തുടച്ചുകൊണ്ട് വയറിൽ വെച്ച് ചപ്പാത്തി ഉണ്ടാക്കുന്ന ദൃശ്യങ്ങളായിരുന്നു ഇൻ്റർനെറ്റിൽ വ്യാപകമായി പ്രചരിച്ചത്. 28 മില്യണിലധികം ആളുകൾ കണ്ട ഈ വീഡിയോ രാജ്യത്തെക്കുറിച്ച് തെറ്റായ ധാരണ പരക്കാൻ ഇടയാക്കിയ പശ്ചാത്തലത്തിലാണ് ക്രിസ്റ്റൻ ഇതിനെതിരെ ഇൻസ്റ്റാഗ്രാമിൽ പ്രതികരണവുമായെത്തിയത്.
'ലോകം എന്തുകൊണ്ടാണ് ഇന്ത്യയെ ഏറ്റവും മലിനമായ സ്ഥലമായി കരുതുന്നത് എന്ന് അറിയണോ? ഇൻ്റർനെറ്റിലുടനീളം ഇതുപോലുള്ള വ്യാജ കണ്ടന്റുകൾ പ്രചരിക്കുന്നതുകൊണ്ടാണത്. ഇന്ത്യയെ യഥാർത്ഥത്തിലുള്ളതിനേക്കാൾ മോശമായി കാണിക്കാൻ ആരോ മനപ്പൂർവ്വം നിർമ്മിച്ച എഐ വീഡിയോയാണിത്. ഇവിടെയാരും ഇത്തരത്തിൽ വയറിൽ വെച്ച് ചപ്പാത്തി പരത്താറില്ല' ക്രിസ്റ്റൻ തൻ്റെ പോസ്റ്റിൽ പറഞ്ഞു.
ഇന്ത്യയെക്കുറിച്ച് ജനങ്ങൾക്കിടയിലേക്ക് എത്തുന്ന ഇത്തരം കാര്യങ്ങൾ പലപ്പോഴും വ്യാജമാണെന്നും, യഥാർത്ഥത്തിൽ നിരവധി നല്ല മനുഷ്യർ ജീവിക്കുന്ന മനോഹരമായ രാജ്യമാണ് ഇന്ത്യയെന്നും അവർ കൂട്ടിച്ചേർത്തു.
ഇന്ത്യൻ സംസ്കാരത്തെ അപമാനിക്കാനുള്ള ശ്രമത്തെ തുറന്നുകാട്ടിയ ക്രിസ്റ്റന്റെ വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ വൻ പിന്തുണയാണ് ലഭിക്കുന്നത്. വിദേശത്തുള്ള ഇന്ത്യക്കാരനടക്കം നിരവധി ആളുകൾ ക്രിസ്റ്റന്റെ നിലപാടിന് നന്ദി അറിയിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.
