
തെരുവ് നായ്ക്കളുടെ വിശപ്പകറ്റാൻ ഹൃദയസ്പർശിയായ വഴി കണ്ടെത്തി സുബ്രതോ ദാസ് എന്ന 73 -കാരൻ. എല്ലാ ദിവസവും അദ്ദേഹം കൊൽക്കത്ത നഗരത്തിലെ തെരുവോരങ്ങളിൽ സംഗീതം അവതരിപ്പിക്കും. കിട്ടുന്ന പണം തെരുവ് നായ്ക്കളുടെ ഭക്ഷണത്തിനായി ഉപയോഗിക്കും. രാവിലെ 8 മണി മുതൽ ഏകദേശം പത്തര വരെ തൻ്റെ കീബോർഡും മൗത്ത് ഓർഗനുമായി അദ്ദേഹം തെരുവ് കീഴടക്കും. ലേക് മാൾ, ലേക് മാർക്കറ്റ്, രാഷ്‌ബിഹാരി തുടങ്ങിയ സ്ഥലങ്ങളിൽ എത്തിയാൽ അദ്ദേഹത്തിൻറെ പാട്ടുകൾ കേൾക്കാം.
കഴിഞ്ഞ 35 വർഷത്തിലധികമായി സ്വന്തം പണം ഉപയോഗിച്ച് തെരുവുനായ്ക്കളെ പരിപാലിക്കുകയും അവയ്ക്ക് വേണ്ട ഭക്ഷണം നൽകുകയും ചെയ്യുകയാണ് ഈ വൃദ്ധൻ. തെരുവിലെ ഈ മ്യൂസിക് കൊണ്ട് ലഭിക്കുന്ന വരുമാനം വളരെ ചെറുതാണ്. എന്നാലും സ്നേഹത്തോടെ മിണ്ടാപ്രാണികളുടെ വയറു നിറയ്ക്കുന്നു അദ്ദേഹം. അവയുടെ ഭക്ഷണത്തിനായി ഏകദേശം 500 രൂപയോളം ആണ് ദിവസവും ചിലവഴിക്കുന്നത്. ഒരു ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന സുബ്രതോ ദാസിന് പ്രായാധിക്യം മൂലം ആ തൊഴിൽ ചെയ്യാൻ സാധിക്കാതെ വന്നതോടെയാണ് സംഗീതത്തിലേക്ക് തിരിഞ്ഞത്. കുട്ടിക്കാലത്ത് നേടിയ സംഗീത പരിശീലനം പിന്തുണയായി.
സോഷ്യൽ മീഡിയയിൽ ആരാധന ചാറ്റർജി എന്ന കണ്ടന്റ് ക്രിയേറ്റർ സുബ്രത ദാസിനെ കുറിച്ച് പോസ്റ്റ് ചെയ്തതോടെയാണ് അദ്ദേഹത്തിൻറെ മൃഗസ്നേഹം ലോകമറിഞ്ഞത്. അവർ ദാസിനെ 'കരുണയുടെ ജീവിക്കുന്ന ഉദാഹരണം' എന്ന് വിശേഷിപ്പിച്ചു. നമ്മൾ ആത്മാർത്ഥമായി ആഗ്രഹിച്ചാൽ ഒന്നും അസാധ്യമല്ല എന്ന് അദ്ദേഹത്തിൻ്റെ ശ്രമങ്ങൾ തെളിയിക്കുന്നു എന്നും അവർ കുറിച്ചു. ഈ പോസ്റ്റ് സാമൂഹികമാധ്യമങ്ങളിൽ വലിയ ശ്രദ്ധ പിടിച്ചുപറ്റി. നിരവധിപ്പേർ അദ്ദേഹത്തിൻറെ നല്ല മനസ്സിന് നന്ദി പറഞ്ഞു. സഹായ വാഗ്ദാനവുമായി രംഗത്തെത്തി മറ്റ് ചിലർ. അദ്ദേഹത്തെ ഒരു മാലാഖ എന്നാണ് കമന്റുകളിലൂടെ മറ്റു ചിലർ വിശേഷിപ്പിച്ചത്.
തെരുവുനായ്ക്കൾ പലപ്പോഴും ക്രൂരമായ ഉപദ്രവങ്ങൾക്കും അവഗണനകൾക്കും ഇരയാക്കപ്പെടുന്ന നഗരത്തിൽ, ദാസിൻ്റെ ശാന്തമായ ഈണങ്ങളും പ്രവൃത്തിയും അനുകമ്പയുടെ പുതിയൊരു തലമാണ് തുറന്നുകാട്ടുന്നത്.