
വാർദ്ധക്യത്തിലേക്ക് കടന്നാൽ പൊതുവേ വിശ്രമജീവിതം ആണെന്നാണ് നമ്മുടെ നാട്ടിൽ പലരും കരുതുന്നത്. അതുവരെ സ്ഥിരം ചെയ്തിരുന്ന കൃഷിയും മറ്റ് അധ്വാനങ്ങളും എല്ലാം ഒരു സൈഡിലേക്ക് ഒതുക്കി വീടിനുള്ളിൽ തന്നെ ഒതുങ്ങാൻ താല്പര്യപ്പെടുകയാണ് കൂടുതലാളുകളും. എന്നാൽ, 87 -ാം വയസ്സിൽ സാഹസികതയിലേക്ക് കടന്ന രണ്ടു സഹോദരിമാരെ പരിചയപ്പെടാം. 87 -കാരിയായ അഹമ്മദാബാദുകാരി മന്ദാകിനി ഷാ ആളുകളുടെ ശ്രദ്ധ ആകർഷിക്കുന്നത് ഊന്നുവടി ഉപയോഗിച്ചല്ല. മറിച്ച് തന്റെ വിന്റേജ് സ്കൂട്ടറിൽ സഹോദരി ഉഷയോടൊപ്പം നഗരത്തിലൂടെ സവാരി നടത്തിയാണ്.
അവരുടെ യാത്രകൾക്ക് ആരാധകർ കൂടുന്നത് സ്കൂട്ടർ ഓടിക്കുന്ന രീതി കൂടി കണ്ടാണ്. ആത്മവിശ്വാസത്തോടെയുള്ള ഇവരുടെ സാഹസിക യാത്ര 1975 -ലെ ഐതിഹാസിക ചിത്രം ഷോലെയെ ഓർമ്മപ്പെടുത്തുന്നു. മന്ദാകിനി 62 -ാം വയസ്സിലാണ് സ്കൂട്ടർ ഓടിക്കാൻ പഠിച്ചത്. എന്നാൽ വാർധക്യത്തിലേക്ക് കടന്നതൊന്നും മന്ദാകിനിയുടെ സ്വപ്നങ്ങൾക്ക് തടസ്സമായിരുന്നില്ല. നഗരത്തിലൂടെ പറക്കുമ്പോൾ കിട്ടുന്ന ആവേശവും സ്വാതന്ത്ര്യവും അവർക്കേറെ പ്രിയപ്പെട്ടതാണ്. ഇവരുടെ യാത്രകൾ ഒരു ഗതാഗത മാർഗത്തിൽ കവിഞ്ഞ് സ്വാതന്ത്ര്യവും ഉന്മേഷവും പ്രഖ്യാപിക്കുന്നതിനോടൊപ്പം മറ്റുള്ളവർക്ക് പ്രചോദനവും ആകുന്നു.
ഉഷ പലപ്പോഴും പിന്നിലിരുന്നാണ് യാത്ര ചെയ്യുക. ഒരുമിച്ചുള്ള സ്കൂട്ടർ യാത്രകൾ ഈ സഹോദരിമാർക്കിടയിലെ ബന്ധം കൂടുതൽ ഊഷ്മളമാക്കുന്നു. മന്ദാകിനിയെ സംബന്ധിച്ചിടത്തോളം, പ്രായം ഒരു വെറും സംഖ്യ മാത്രമാണ്. അഭിനിവേശത്തിനും സന്തോഷത്തിനും സാഹസികതയ്ക്കും കാലത്തിന്റെയോ സമയത്തിന്റെയോ അതിർവരമ്പുകൾ ആവശ്യമില്ലെന്ന് ഈ സഹോദരങ്ങൾ തെളിയിച്ചു കൊണ്ടേയിരിക്കുന്നു. ധൈര്യവും ജീവിതത്തോടുള്ള ആവേശവും ഉണ്ടെങ്കിൽ പ്രായം വെറും നമ്പർ മാത്രമാണെന്ന് ഈ സഹോദരിമാർ ഓർമ്മപ്പെടുത്തുന്നു. എന്തായാലും ഇവരുടെ യാത്രകളും ജീവിതരീതികളും നിരവധി പേർക്ക് പ്രചോദനമാണ്.