
പ്രായം ഒന്നിനും ഒരു തടസമല്ല എന്ന് പറയാറുണ്ട്. എന്നാൽ, അത് എത്രത്തോളം പ്രാവർത്തികമാണ് എന്ന് പറയാനാവില്ല. എന്തായാലും, അതുപോലെ സകലരേയും ഞെട്ടിച്ചിരിക്കയാണ് ഹരിയാനയിൽ നിന്നുള്ള 80 വയസുള്ള ഒരു അപ്പൂപ്പൻ. ഈ പ്രായത്തിൽ 15000 അടി ഉയരത്തിൽ നിന്നും സ്കൈഡൈവിംഗ് നടത്തിയാണ് അദ്ദേഹമിപ്പോൾ സോഷ്യൽ മീഡിയയുടെ കയ്യടി വാങ്ങിക്കുന്നത്. ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയിൽ അപ്പൂപ്പൻ ചെറുമകൻ അങ്കിതിനൊപ്പം ചാട്ടത്തിന് തയ്യാറെടുക്കുന്നതായി കാണാം. അങ്കിത് മിക്കവാറും തന്റെ മുത്തച്ഛന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്.
അപ്പൂപ്പന്റെ ജീവിതത്തോടുള്ള അഭിനിവേശവും ആവേശവും കാണിക്കുന്ന വീഡിയോകളാണ് പലപ്പോഴും അങ്കിത് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറ്. എയർക്രാഫ്റ്റിലേക്ക് കയറുന്നതിന് മുമ്പായി, 'ഞങ്ങൾ ഹരിയാനയിൽ നിന്നുള്ളവരാണ്, ഞങ്ങൾക്ക് ഭയമില്ല' എന്ന് മുത്തച്ഛൻ പറയുന്നത് കേൾക്കാം. മുത്തച്ഛന്റെ ധൈര്യം അപാരം തന്നെ എന്നാണ് വീഡിയോ കാണുന്ന പലരും പറയുന്നത്. വീഡിയോയിൽ എയർക്രാഫ്റ്റിലേക്ക് കയറി നിമിഷങ്ങൾക്കകം അദ്ദേഹം ആകാശത്തേക്ക് കുതിച്ചുയരുന്നതാണ് കാണുന്നത്. ഈ പ്രായത്തിലും ചുറുചുറുക്കോടെ ഇങ്ങനെയൊരു കാര്യത്തിനിറങ്ങിത്തിരിച്ച ഈ ഹരിയാനക്കാരൻ അപ്പൂപ്പനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ.
ഇതുപോലെ നേരത്തെ ഋഷികേശിൽ നിന്നും ബങ്കി ജംപിങ് പൂർത്തിയാക്കിയ ഒരു ബ്രിട്ടീഷ് വനിതയും സോഷ്യൽ മീഡിയയിൽ വ്യാപകമായി ശ്രദ്ധ നേടിയിരുന്നു. 83 വയസ്സുള്ള ഒലേന ബൈക്കോ എന്ന സ്ത്രീയാണ് ബങ്കി ജംപിങ് നടത്തി സോഷ്യൽ മീഡിയയിൽ വ്യാപകമായി ശ്രദ്ധ നേടിയത്. ഉത്തരാഖണ്ഡിലെ റിഷികേശിലെ ശിവപുരി ബങ്കി ജംപിങ് സെൻ്ററിൽ 117 മീറ്റർ ഉയരത്തിൽ നിന്നും താഴേക്ക് ചാടിയാണ് അവർ അന്ന് റെക്കോർഡ് സ്വന്തമാക്കിയത്.