
ചൈനയിൽ ഒൻപത് മാസം മാത്രം പ്രായമുള്ള കുഞ്ഞ് മലമുകളിലേക്കുള്ള കൽപ്പടികൾ മുട്ടിലിഴഞ്ഞ് കയറുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ മാതാപിതാക്കളുടെ രക്ഷാകർതൃത്വത്തെക്കുറിച്ച് ചൈനയിൽ വൻ ചർച്ച. മധ്യ ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ ഒരു മലയോര വിനോദസഞ്ചാര കേന്ദ്രത്തിൽ ചിത്രീകരിച്ച ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ഒരു ചൈനീസ് ജനപ്രിയ ഷോർട്ട് വീഡിയോ പ്ലാറ്റ്‌ഫോമിൽ ഇതിനകം രണ്ട് ലക്ഷത്തോളം ലൈക്കുകളും 17,000 കമന്‍റുകളും വീഡിയോയ്ക്ക് ലഭിച്ചതായി സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
കുഞ്ഞ് കൈകളും കാൽ മുട്ടുകളും ഉപയോഗിച്ച് പടിപടിയായി മലമുകളിലേക്ക് കയറുന്നത് വീഡിയോയിൽ കാണാം. കുഞ്ഞിന്‍റെ അമ്മ അവന്‍റെ പിന്നിലായി അവനെ ശ്രദ്ധിച്ച് കൊണ്ട് നീങ്ങുന്നു. കുഞ്ഞു കാൽ മുട്ടുകളിൽ പരിക്കേൽക്കാതിരിക്കാൻ സുരക്ഷയ്ക്കായി കുഞ്ഞ് മുട്ടുസംരക്ഷണ പാഡുകളും കുഞ്ഞ് ധരിച്ചിട്ടുണ്ടായിരുന്നു. മല കയറാനെത്തിയ മറ്റുള്ളവരും ഈ കാഴ്ച കൗതുകത്തോടെയാണ് നോക്കി നിന്നത്.
9月龄宝宝手脚并用爬山,家长全程做好防护,尊重孩子的探索欲,但户外一定要留意安全风险。 https://t.co/0ITyQ1mUhS pic.twitter.com/fYGPPqhBRN
— 雲朵好甜🇨🇳🇭🇰 (@liguihong0625) September 28, 2026
കുഞ്ഞിനെ പ്രകൃതിയുമായി പരിചയപ്പെടുത്താനും ശാരീരികമായി സജീവമാക്കാനും മാതാപിതാക്കൾ ശ്രമിക്കുന്നതിനെ ചിലർ അഭിനന്ദിച്ചു. എന്നാൽ ഒൻപത് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഇത്രയും ദുഷ്ക്കരമായ കുത്തനെയുള്ള കൽപ്പടികളിലൂടെ കയറ്റുന്നത് സുരക്ഷിതമാണോയെന്ന ചോദ്യം മറ്റൊരു വിഭാഗം കാഴ്ചക്കാർ ഉയർത്തി. കുഞ്ഞിന്‍റെ പ്രായം കണക്കിലെടുക്കാതെ മാതാപിതാക്കൾ വളർച്ചയെ വേഗത്തിലാക്കാൻ ശ്രമിക്കുന്നത് പോലെയാണിതെന്ന വിമർശനവും ചിലർ ഉന്നയിച്ചു.
അതേസമയം, കുഞ്ഞിന്‍റെ അച്ഛനമ്മമാർ പറയുന്നത് മകന്‍റെ താൽപര്യങ്ങൾക്കും മാനസിക വളർച്ചയ്ക്കുമാണ് മുൻഗണന നൽകുന്നതെന്നും സുരക്ഷ ഉറപ്പാക്കിക്കൊണ്ടാണ് ഇത്തരം ഔട്ട്ഡോർ പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുന്നതെന്നുമാണ്. വീഡിയോ വൈറലായതോടെ കുഞ്ഞിന്‍റെ കഴിവിനെക്കുറിച്ചുള്ള അതിശയത്തോടൊപ്പം, ചെറിയ കുട്ടികളുടെ സാഹസിക പ്രവർത്തനങ്ങളിൽ മാതാപിതാക്കൾ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും ചർച്ച സജീവമായി.