
ഓസ്‌ട്രേലിയയിലെയും ഇന്ത്യയിലെയും പൊതു അവധി ദിവസങ്ങൾ തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് തമാശരൂപേണ സംസാരിക്കുന്ന പ്രവാസി യുവാവിന്‍റെ സോഷ്യൽ മീഡിയ വീഡിയോ തരംഗമാകുന്നു. കഴിഞ്ഞ 10 വർഷമായി ഓസ്‌ട്രേലിയയിൽ താമസിക്കുന്ന ആദിത്യ ഖനേജ എന്ന യുവാവാണ് ഇൻസ്റ്റാഗ്രാമിലൂടെ തന്‍റെ നിരീക്ഷണങ്ങൾ പങ്കുവെച്ചത്.
"ഇവിടെ 10 വർഷമായി താമസിക്കുന്ന എനിക്ക് മനസ്സിലായത്, ഓസ്‌ട്രേലിയക്കാർക്ക് ആസ്വദിച്ചു ജീവിക്കുന്നതിനേക്കാൾ വലിയ സന്തോഷം വേറൊന്നുമില്ലെന്നാണ്," എന്ന് പറഞ്ഞാണ് ആദിത്യ വീഡിയോ ആരംഭിക്കുന്നത്. ഓസ്‌ട്രേലിയയിൽ നൽകുന്ന വിവിധ പൊതു അവധികളെക്കുറിച്ച് അദ്ദേഹം വീഡിയോയിൽ വിശദീകരിക്കുന്നു. 'എ.എഫ്.എൽ ഗ്രാൻഡ് ഫൈനൽ' പ്രമാണിച്ച് വെറുതെ ആഘോഷിക്കാൻ ഒരു വെള്ളിയാഴ്ച അവധി നൽകുന്നു. കുതിരപ്പന്തയത്തിന്‍റെ പേരിൽ 'മെൽബൺ കപ്പ് ഡേ'ക്ക് അവധി നൽകുന്നു, മേളയിൽ പങ്കെടുക്കാൻ ക്വീൻസ്‌ലാന്‍റിൽ 'റോയൽ ക്വീൻസ്‌ലാന്‍റ് ഷോ' അവധി, ഡാർവിനിലെ 'പിക്നിക് ഡേ' തുടങ്ങി വിചിത്രവും രസകരവുമായ നിരവധി കാരണങ്ങൾക്കാണ് ഇവിടെ ആളുകൾക്ക് ജോലിയിൽ നിന്ന് മാറിനിൽക്കാൻ അവസരം ലഭിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
അതേസമയം ഇന്ത്യയിലെ അവധി ദിവസങ്ങളെയും അദ്ദേഹം ഇതിനോട് താരതമ്യം ചെയ്തു. ഇന്ത്യയിൽ സ്വാതന്ത്ര്യദിനവും ദീപാവലിയും പോലുള്ള പ്രമുഖ ദേശീയ - മതപരമായ ആഘോഷങ്ങൾക്കും പുണ്യദിനങ്ങൾക്കുമാണ് പൊതു അവധി നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ശനി, ഞായർ ദിവസങ്ങളിൽ വരുന്ന അവധികളെ ഇരു രാജ്യങ്ങളും കൈകാര്യം ചെയ്യുന്ന രീതിയും വീഡിയോയിൽ ഹാസ്യരൂപേണ വിവരിക്കുന്നുണ്ട്. "ഇന്ത്യയിൽ ദീപാവലി ശനിയാഴ്ച വന്നാൽ അതൊരു വലിയ നഷ്ടമായി ആളുകൾക്ക് തോന്നും. എന്നാൽ ഓസ്‌ട്രേലിയയിൽ ശനിയാഴ്ചയാണ് അവധിയെങ്കിൽ, അതിന് പകരം വെള്ളിയാഴ്ച കൂടി സർക്കാർ അവധി പ്രഖ്യാപിക്കും. ഞായറാഴ്ചയാണെങ്കിൽ തിങ്കളാഴ്ചയും അവധി നൽകും.
വീഡിയോ പങ്കുവെച്ചതോടെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് ഉയർന്നുവരുന്നത്. ചിലർ അദ്ദേഹത്തിന്‍റെ അഭിപ്രായത്തോട് പൂർണ്ണമായി യോജിച്ചപ്പോൾ, ന്യൂ സൗത്ത് വെയിൽസിൽ ഇത്തരത്തിൽ വലിയ രീതിയിലുള്ള അവധികളൊന്നുമില്ലെന്ന് ചിലർ അഭിപ്രായപ്പെട്ടു. എന്നാൽ, ഇന്ത്യയിലാണ് കൂടുതൽ അവധികളും ശാന്തമായ ജീവിത സാഹചര്യമുള്ളതെന്നും തെറ്റായ വിവരങ്ങൾ നൽകരുതെന്നും വിയോജിച്ച് കൊണ്ട് ചിലർ പ്രതികരിച്ചു. ഒരു വർഷത്തിൽ ഓസ്‌ട്രേലിയയിൽ ആകമാനം എത്ര പൊതു അവധികളുണ്ടെന്ന ഉപയോക്താവിന്‍റെ ചോദ്യത്തിന്, "ഏകദേശം 13 എണ്ണം മാത്രം" എന്നാണ് ആദിത്യ മറുപടി നൽകിയത്.