ഓട്ടോറിക്ഷയിൽ ഒരുജോഡി ജിമിക്കി കമ്മലുകൾ, യുവാവിന്റെ പ്രണയത്തിന് മുന്നിൽ കണ്ണുനനഞ്ഞ് സോഷ്യൽ മീഡിയ!

Published : Feb 23, 2026, 09:46 AM IST
viral video

Synopsis

ബെംഗളൂരുവിലെ ഒരു ഓട്ടോ ഡ്രൈവർ തന്റെ പ്രിയതമയോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ ഓട്ടോറിക്ഷയിൽ അവളുടെ ഒരു ജോഡി ജിമിക്കി കമ്മലുകൾ തൂക്കിയിട്ടിരിക്കുന്ന മനോഹരമായ കാഴ്ചയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഭാര്യയുടെ ഫോട്ടോയും ഓട്ടോയില്‍ കാണാം.

പ്രണയം പ്രകടിപ്പിക്കാൻ വിലകൂടിയ സമ്മാനങ്ങളൊന്നും തന്നെ വേണമെന്ന് നിർബന്ധമില്ലെന്ന് തെളിയിക്കുകയാണ് ബെംഗളൂരുവിലെ ഒരു ഓട്ടോ ഡ്രൈവർ. തന്റെ ഓട്ടോറിക്ഷയ്ക്കുള്ളിൽ അദ്ദേഹം വെച്ചിരിക്കുന്ന ഒരു ജോഡി കമ്മലുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. കണ്ടന്റ് ക്രിയേറ്ററായ മെരിലിൻ സുൽത്താന അകാന്ദ് ആണ് ഇൻസ്റ്റഗ്രാമിലൂടെ ഈ ദൃശ്യം പങ്കുവെച്ചത്. ഓട്ടോയുടെ മുൻവശത്തെ ഗ്ലാസിന് മുകളിലായി തന്റെ പ്രിയതമയുടെ ഒരു ഫോട്ടോ അദ്ദേഹം പതിപ്പിച്ചിട്ടുണ്ട്. എന്നാൽ, അതിനേക്കാൾ എല്ലാവരെയും ആകർഷിച്ചത്, റിയർ വ്യൂ മിററിൽ തൂക്കിയിട്ടിരിക്കുന്ന ഒരു ജോടി ജിമിക്കി കമ്മലുകളാണ്. വണ്ടി ഓടുമ്പോൾ ആ കമ്മലുകൾ മെല്ലെ അനങ്ങുന്നത് കാണാം. ഭാര്യയുടെ സാമീപ്യം എപ്പോഴും കൂടെയുണ്ടെന്ന് തോന്നിപ്പിക്കാൻ അദ്ദേഹം ചെയ്ത ഈ ചെറിയ കാര്യം ഏവരുടെയും കണ്ണ് നനയിക്കുന്നതാണ്.

'ആ ഓട്ടോ യാത്രക്കാരെ വഹിക്കുന്നുണ്ടാകാം, പക്ഷേ അദ്ദേഹത്തിന്റെ ഹൃദയം വഹിക്കുന്നത് അവളെയാണ്. ഒരു പുരുഷൻ നിങ്ങളെ സത്യസന്ധമായി സ്നേഹിക്കുമ്പോൾ, അയാളുടെ ദിനചര്യയുടെ ഭാഗമായി നിങ്ങളും മാറും' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ഇതാണ് യഥാർത്ഥ പ്രണയം എന്നാണ് സോഷ്യൽ മീഡിയയിൽ ഒരുപാടുപേർ പ്രതികരിച്ചിരിക്കുന്നത്. 'യഥാർത്ഥ പ്രണയം ഇങ്ങനെയാണ്. ലളിതമെങ്കിലും അർത്ഥവത്തായ ഒന്ന്' എന്നായിരുന്നു ഒരാളുടെ കമന്റ്. 'എല്ലാ നായകന്മാരും കോട്ടണിഞ്ഞവരല്ല, ചിലർ ഓട്ടോ ഓടിക്കുന്നവരാണ്, സ്നേഹം എപ്പോഴും കൂടെക്കൂട്ടുന്നവരാണ്' എന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം. 

 

 

'ദിവസം മുഴുവൻ അവളുടെ കമ്മലുകൾ കാണണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നത് എത്ര മനോഹരമാണ്!' എന്നായിരുന്നു മറ്റൊരാൾ അഭിപ്രായപ്പെട്ടത്. വലിയ ആഘോഷങ്ങളില്ലാതെ, ഓരോ നിമിഷവും പ്രിയപ്പെട്ടവർക്കായി നീക്കിവെക്കുന്ന ഇത്തരം സാധാരണക്കാരുടെ പ്രണയമാണ് ഏറ്റവും വലുതെന്ന് തന്നെയാണ് ഈ വീഡിയോ കണ്ടിരിക്കുന്നവരുടെ അഭിപ്രായം.

PREV
Read more Articles on
click me!

Recommended Stories

അച്ചോടാ, നല്ല തങ്കക്കുടം പോലൊരു ഭർത്താവ്; ഓരോ രാജ്യത്ത് നിന്നു മടങ്ങുമ്പോഴും പൈലറ്റ് ഭാര്യക്കായി കരുതുന്നത്
'എന്നെ പോലെയുണ്ടോന്ന് ചോദിച്ചാൽ... ഏയ്'; കുട്ടി ജിറാഫിന്‍റെയും കുഞ്ഞ് ഒട്ടക പക്ഷിയുടെയും ആദ്യ കൂടിക്കാഴ്ച വൈറൽ