
യാത്രകൾ ജീവിതത്തെ തന്നെ മാറ്റിമറിക്കുമെന്ന് പറയാറുണ്ട്. പുതിയ കാലത്ത്, ഗതാഗത സംവിധാങ്ങളിലുണ്ടായ മുന്നേറ്റവും സമൂഹ മാധ്യമങ്ങളുടെ ആധിക്യവും ട്രാവൽ വ്ളോഗർമാരുടെ വലിയൊരു നിരയെ തന്നെ ലോകമെമ്പാടും സൃഷ്ടിച്ചു. അത്തരത്തിൽ രണ്ട് രാജ്യങ്ങളിൽ നിന്നുള്ള ട്രാവൽ വ്ളോഗർമാർ മറ്റൊരു രാജ്യത്ത് വച്ച് കണ്ടുമുട്ടുകയും തങ്ങളുടെ ജീവിത യാത്ര ഒന്നിച്ചാകാമെന്ന് തീരുമാനിക്കുകയും ചെയ്തു. ഇന്ത്യൻ യൂട്യൂബറായ അഭിനവ് റെഡ്ഡിയും ജർമ്മൻ യാത്രക്കാരിയായ സഫിറയുമാണ് ആ യാത്രക്കാർ. ഇൻഡോനേഷ്യയിലെ ബാലി ദ്വീപിൽ നടന്ന അപ്രതീക്ഷിത കൂടിക്കാഴ്ച ഇരുവരുടെയും ജീവിതം മാറ്റി മറിച്ചു. ജർമൻ യുവതിയുമായുള്ള അഭിനവിന്‍റെ സൗഹൃദം പിന്നീട് പ്രണയമായി വളർന്നു. ഇന്ന് തങ്ങളുടെ യാത്രകളിൽ ഇരുവരും ഒരുമിച്ചാണ്. ആ യാത്ര ഏറെ കൗതുകത്തോടെ ലോകം കാണുന്നു.
യാത്രകൾക്കിടയിൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകളെ പരിചയപ്പെടുന്നത് സാധാരണമാണെങ്കിലും, ഈ പരിചയം അതിൽ നിന്ന് വ്യത്യസ്തമായിരുന്നു. ബാലിയിലെ സംഭാഷണങ്ങൾക്കിടെ ഇരുവരും പരസ്പരം സംസ്കാരത്തെയും ജീവിതരീതികളെയും കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹം പ്രകടിപ്പിച്ചു. അതിന്‍റെ ഭാഗമായി ജർമൻ യുവതി തന്‍റെ സ്വന്തം ഗ്രാമം സന്ദർശിക്കാൻ ഇന്ത്യൻ യുവാവിനെ ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച് ജർമനിയിലെ ഗ്രാമത്തിലെത്തിയ അഭിനവ് അവിടുത്തെ ജീവിതശൈലി അടുത്തറിഞ്ഞ അനുഭവങ്ങൾ തന്‍റെ വീഡിയോയിലൂടെ പങ്കുവെച്ചതോടെയാണ് ഇരുവരുടെയും കഥ വൈറലായത്.
ജർമനിയിലെ ഗ്രാമീണ ജീവിതം നഗരങ്ങളുടെ തിരക്കിൽ നിന്ന് തികച്ചും വ്യത്യസ്തമാണെന്ന് വീഡിയോയിൽ അഭിവന് പറയുന്നു. മരം ക്കൊണ്ട് നിർമിച്ച പരമ്പരാഗത വീട്, പഴയകാല ശൈലിയിലുള്ള അടുക്കള, തലമുറകളായി ഉപയോഗിക്കുന്ന വീട്ടുപകരണങ്ങൾ, പ്രകൃതിയോട് ചേർന്ന ജീവിതരീതി എന്നിവ അദ്ദേഹത്തെ ഏറെ ആകർഷിച്ചു. ആധുനിക സൗകര്യങ്ങൾക്കൊപ്പം പഴയ പാരമ്പര്യവും സംരക്ഷിക്കുന്ന ജർമൻ ഗ്രാമങ്ങളുടെ പ്രത്യേകതയാണ് ഏറ്റവും കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റിയതെന്നും അഭിനവ് കൂട്ടിച്ചേർത്തു.
ഗ്രാമത്തിലെ തടാകങ്ങൾ, വനപാതകൾ, പ്രകൃതി സൗന്ദര്യം എന്നിവ പങ്കുവച്ച ഇരുവരും ബാലിയിലെ തങ്ങളുടെ ആദ്യ കണ്ടുമുട്ടലിനെക്കുറിച്ചും പിന്നീട് സൗഹൃദത്തിൽ നിന്നും പ്രണയത്തിലേക്ക് വളർന്ന തങ്ങളുടെ ബന്ധത്തെക്കുറിച്ചുമുള്ള ഓർമ്മകൾ പങ്കുവെച്ചു. ജീവിതാനുഭവങ്ങളും ബാല്യകാല സംഭവങ്ങളും തുറന്നുപറയുന്ന രംഗങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ സ്വാഭാവികമായ പെരുമാറ്റവും വ്യത്യസ്ത സംസ്കാരങ്ങളെ പരസ്പരം മനസ്സിലാക്കാനുള്ള സമീപനവും നിരവധി പേരുടെ പ്രശംസ നേടി. സമൂഹ മാധ്യമങ്ങളിൽ വൈറലായ വീഡിയോയ്ക്ക് ലക്ഷക്കണക്കിന് ആളുകളാണ് പ്രതികരിച്ചത്.