ബ്യൂട്ടി പാർലർ ഉടമയെ ജീവനക്കാർ 6 മിനിറ്റിൽ 43 തവണ ചെരുപ്പ് കൊണ്ട് അടിച്ചു, കുടിവെള്ളത്തിൽ ലഹരി കലർത്തിയെന്ന് ആരോപണം, വീഡിയോ

Published : Jul 05, 2026, 12:43 PM IST
 Beauty parlor owner beaten 43 times with silppers

Synopsis

രാജസ്ഥാനിലെ ചുരുവിൽ ബ്യൂട്ടി പാർലർ ഉടമയെ നാല് വനിതാ ജീവനക്കാർ ചെരിപ്പ് കൊണ്ട് അടിച്ചു. കുടിവെള്ളത്തിൽ ലഹരി കലർത്തിയെന്ന് സംശയിച്ചായിരുന്നു മർദ്ദനം, ഇതിന്റെ ദൃശ്യങ്ങൾ ജീവനക്കാർ പകർത്തി പോലീസിൽ പരാതി നൽകി. എന്നാൽ, മതപരമായ കാരണങ്ങളാൽ ഗംഗാജലവും മഞ്ഞ കടുകുമാണ് വെള്ളത്തിൽ കലർത്തിയതെന്ന് ഉടമ അവകാശപ്പെട്ടു.

 

രാജസ്ഥാനിലെ ചുരു ജില്ലയിലെ ഒരു ബ്യൂട്ടി പാർലർ ഉടമയെ നാല് വനിതാ ജീവനക്കാർ കുടിവെള്ളത്തിൽ ലഹരി കലർത്തിയെന്ന് സംശയിച്ച് 43 തവണ ചെരിപ്പ് കൊണ്ട് അടിച്ചെന്ന് പരാതി. ഉടമയുടെ പ്രവർത്തി ജീവനക്കാർ രഹസ്യമായി ചിത്രീകരിച്ചിരുന്നു. ഈ ദൃശ്യങ്ങൾ അടക്കം പോലീസിന് കൈമാറിയ യുവതികൾ ഉടമയ്ക്കെതിരെ കേസും ഫയൽ ചെയ്തു. അതേസമയം മതപരമായ കാരണങ്ങളാൽ ഗംഗാജലവും മഞ്ഞ കടുകും ജലത്തിൽ കലർത്തിയെന്ന് ഉടമ അവകാശപ്പെട്ടു.

അയാൾ കുടിവെള്ളത്തിൽ ലഹരി കലർത്തി

ചുരു ജില്ലയിലെ ഒരു ബ്യൂട്ടി പാർലറിൽ ജോലി ചെയ്യുന്ന യുവതികൾ 6 മിനിറ്റിനുള്ളിൽ 43 തവൻ ചെരിപ്പ് കൊണ്ട് ഉടമയെ അടിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവതികൾ ഈ ദൃശ്യങ്ങളോടൊപ്പം പോലീസിന് പരാതി നൽകിയത്. പരാതിയിൽ പാർലറിലെ കുടിവെള്ളത്തിൽ ഉടമ ലഹരി കലർത്താൻ ശ്രമിച്ചതായി യുവതികൾ ആരോപിച്ചു. ജൂൺ 29 ന് സദുൽപൂരിലെ ഒരു ബ്യൂട്ടി പാർലറിൽ വെച്ചാണ് സംഭവം. സംഭവത്തിന്‍റെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. വീഡിയോയിൽ പാർലർ ഉടമ വെള്ളത്തിൽ എന്തോ കലർത്തുന്നത് കാണാം. ഇതിന് പിന്നാലെ സ്ഥാപനത്തിലെ യുവതികൾ ഉടമയെ ചെരിപ്പ് കൊണ്ട് അടിക്കുന്നതും വീഡിയോയിൽ കാണാം.

 

 

ലഹരി അല്ല, മഞ്ഞക്കടുകും ഗംഗാ ജലവും

അതേസമയം സ്ഥാപനം നഷ്ടത്തിലാണെന്നും അതിനാൽ വിശ്വാസപരമായി കുടിവെള്ളത്തിൽ ഗംഗാ ജലവും മഞ്ഞ കടുകും ഇടുകയാണ് ചെയ്തതെന്ന് ഉടമ പോലീസിന്‍റെ ചോദ്യം ചെയ്യലിൽ പറഞ്ഞു. 2026 മാർച്ച് മുതൽ പാർലറിൽ ജോലി ചെയ്യുന്നുണ്ടെന്ന് യുവതികൾ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അക്കൗണ്ടിംഗ് ജോലികൾ പൂർത്തിയാക്കാനാണ് ആദ്യമൊക്കെ സ്ഥാപന ഉടമ ഭവാനി ശങ്കർ ഖത്രി, പാർലറിലേക്ക് എത്തിയിരുന്നത്. എന്നാൽ പിന്നീട് ഇയാൾ നിർബന്ധപൂർവ്വം പാർലറിനുള്ളിൽ കയറാൻ തുടങ്ങി. ജൂൺ 27 -ന് ഇയാൾ കുടിവെള്ളത്തിൽ എന്തോ കലർത്തുന്നുണ്ടെന്ന് സംശയിച്ചെങ്കിലും തെളിവൊന്നും ലഭിച്ചില്ലെന്ന് ജീവനക്കാരുടെ പരാതിയിൽ പറയുന്നു. തുടർന്ന് ജൂൺ 29 ന്, അവർ രഹസ്യമായി ഒരു മൊബൈൽ ഫോൺ ക്യാമറ ഉപയോഗിച്ച് പാർലറിനുള്ളിലെ ദൃശ്യങ്ങൾ പകർത്തി. ഇതിൽ ഇയാൾ കുടിവെള്ളത്തിൽ എന്തോ വസ്തു കലർത്തുന്നത് കാണാം. ഇത് ചോദ്യം ചെയ്യവേയാണ് യുവതികൾ ചേ‍ർന്ന് സ്ഥാപനമുടമയെ ചെരുപ്പ് കൊണ്ട് അടിച്ചത്. പിന്നാലെ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് യുവതികൾ പോലീസിൽ പരാതി നൽകുകയായിരുന്നു.

അന്വേഷണം വേണം

വീഡിയോയിൽ, യുവതികൾ സ്ഥാപന ഉടമയായ ഭവാനി ശങ്കറിനെ ചെരിപ്പുകൊണ്ട് അടിക്കുന്നത് കാണാം. നാല് യുവതികളും വ്യാഴാഴ്ച രാജ്ഗഡ് പോലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ നീതിയുക്തമായ അന്വേഷണം നടത്തണമെന്നും പ്രതിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും യുവതികൾ ആവശ്യപ്പെട്ടു. ബ്യൂട്ടി പാർലർ ഉടമയ്‌ക്കെതിരെ യുവതികൾ പരാതി നൽകിയിട്ടുണ്ടെന്നും ഇക്കാര്യം അന്വേഷിച്ച് നടപടിയെടുക്കുമെന്നും പോലീസ് സ്റ്റേഷൻ ഓഫീസർ രാജേഷ് സിഹാഗ് പറഞ്ഞു. അതേസമയം “കുറച്ച് ദിവസങ്ങളായി എന്‍റെ പാർലർ ശരിയായി പ്രവർത്തിച്ചിരുന്നില്ല, അതിനാൽ ഞാൻ മഞ്ഞ കടുക് പാർലറിൽ വച്ചിരുന്നു, കൂടാതെ ഗംഗാജലം വെള്ളത്തിൽ കലർത്തി.” എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് പാർലർ ഉടമയെന്നും റിപ്പോർട്ടിൽ പറയുന്നു.

 

PREV
Read more Articles on
click me!

Recommended Stories

'ഞങ്ങൾക്ക് പഠിക്കാൻ വേണ്ടി അദ്ദേഹം 35 വർഷം ഓട്ടോ ഓടിച്ചു': അച്ഛനോടുള്ള മകളുടെ സ്നേഹാദരം വൈറൽ, വീഡിയോ
10 -ാം വയസിൽ അമ്മയ്ക്ക് നൽകിയ വാഗ്ദാനം, അമ്മയ്ക്ക് ഹെലികോപ്റ്ററിൽ യാത്രയൊരുക്കി മകൻ; വീഡിയോ വൈറൽ